കാടിന്റെ വന്യസൗന്ദര്യത്തോടൊപ്പം വെള്ളച്ചാട്ടത്തിന്റെ കുളിര്‍മ്മയും; കക്കാടംപൊയില്‍

പാർവതി ശങ്കർ

യാത്രകൾ പോകാൻ വളരെ ഇഷ്ടമുള്ളവരാണ് ഞങ്ങൾ. ജോലിത്തിരക്കുകളിലും വീട്ടുകാര്യങ്ങളിലും മാത്രം ഒതുങ്ങിപോകാതെ പ്രകൃതിയുടെ ചൂടും ചൂരും അറിയാൻ പാകത്തിനുള്ള സ്ഥലങ്ങളാണ്‌ ഞങ്ങൾ മിക്കപ്പോഴും യാത്രകൾക്കായി തെരഞ്ഞെ ടുക്കാറുള്ളത്‌. പെട്ടെന്ന് പ്ലാൻ ചെയ്ത ട്രിപ്പ്‌ ആയത്‌ കൊണ്ട്‌ തിരൂരിൽ നിന്നും ഏറ്റവും അടുത്തുള്ള ഏതെങ്കിലും സ്ഥലം ആയാൽ മതിയെന്ന് പ്ലാൻ ചെയ്യുമ്പോഴാണ് കക്കാടം പൊയിൽ എന്ന സ്ഥലത്തെ പറ്റി രഞ്ജു ഏട്ടന്റെ സുഹൃത്തായ ഹരി പറയുന്നത്‌.

എനിക്ക്‌ പേരു കേട്ടപ്പോൾ അത്ര വലിയ ഇഷ്ടമൊന്നും ആദ്യം തോന്നിയില്ല.
ഒന്ന് പോയി നോക്കാം എന്ന് ദേവുവിന്റെ നിർബന്ധം കൂടി ആയപ്പോൾ ഒടുവിൽ ഞാൻ സമ്മതം മൂളി. തിരൂരിൽ നിന്നും ഏകദേശം 65 കിലോമീറ്ററോളം ദൂരമുണ്ട്‌ അവിടേയ്ക്ക്.  വെള്ളച്ചാട്ടവും പുഴയുമൊക്കെ ഉണ്ടെന്ന് കേട്ടപ്പോൾ സ്വതവേ വെള്ളം ഒരു ദൗർബല്യമായ ദേവൂട്ടിയൂടെ സുരക്ഷ ഓർത്ത്‌ ചെറിയ ലൈഫ്‌ ജാക്കറ്റും കൈയ്യിൽ കരുതി.

തിരൂരിൽ നിന്നും കൊണ്ടോട്ടി വഴി അരീക്കാട്‌ എത്തി അവിടുന്ന് മുക്കം വഴി കോഴിക്കോട്‌ ജില്ലയിൽ ഉള്ള കക്കാടം പൊയിൽ എന്ന സ്ഥലം ലക്ഷ്യമാക്കി ഞങ്ങൾ കാറിൽ യാത്ര തിരിച്ചു. വഴി കാട്ടിയത്‌ ഗൂഗിൾ മാപ്പ് ആയിരുന്നു.

അരീക്കാട്‌ മുക്കം കഴിഞ്ഞ്‌ കൂടരഞ്ഞി പഞ്ചായത്തിൽ പ്രവേശിക്കുന്നതോടെ മലകളുടേയും കുന്നുകളുടേയും കുഞ്ഞരുവികളുടേയും മനംകുളിർപ്പിക്കുന്ന കാഴ്ചകൾ തെളിഞ്ഞ് തുടങ്ങി. ആ നയനമനോഹര കാഴ്ച്ചകൾ നുകർന്ന് അവിടവിടെ പൊട്ടിപൊളിഞ്ഞ പഞ്ചായത്ത്‌ റോഡിലൂടെ ആടിയുലഞ്ഞ് ആ യാത്ര തുടർന്നു. ആകാംക്ഷയുണർത്തിയത് തുടർന്ന് വന്ന നിബിഡ വനപ്രദേശങ്ങൾക്കിടയിലെ ചെറുതും വലുതുമായ വീടുകളും, ഫാക്ടറികളും, ഫാമുകളുമാണ്. ഒരുപാട് ക്രിസ്റ്റ്യൻ പള്ളികളും മലമുകളിൽ അവിടവിടെയായുണ്ട്.

നിറയെ കാപ്പിച്ചെടികൾ പൂത്ത്‌ മണം പരത്തുന്ന പ്രദേശത്തെ വഴിയിലൂടെയുള്ള ആ യാത്ര പകരുന്ന അനുഭൂതി വിവരണാതീതമാണ്. ഒരു തെരുവ് ചിത്രകാരൻ അലസമായി കോറിയിട്ടത് പോലെ അകലെ ആകാശം തൊടുംവിധം പച്ച പുതച്ച മലനിരകളിൽ മഞ്ഞ് പെയ്തിറങ്ങുന്നു.

ഉച്ചക്ക്‌ ഊണ് സമയമായി. നല്ല വിശപ്പുണ്ടായിരുന്നു ഞങ്ങൾക്ക്‌. പക്ഷേ എങ്ങനെയും കക്കാടം പൊയിൽ എത്താനുള്ള വാശിയിൽ വഴിയിലൊന്നും നിർത്താതെയാണ്‌ യാത്ര തുടർന്നത്‌. ഒടുവിൽ കക്കാടം പൊയിൽ എത്തിയതിനു ശേഷം കോഴിപ്പാറ വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലുണ്ടായിരുന്ന ഒരു ചേച്ചിയുടെ നാടൻ തട്ട്‌ കട ആയിരുന്നു ഞങ്ങൾക്ക്‌ വിശപ്പടക്കാൻ ഭക്ഷണം നൽകിയത്‌. നല്ല നാടൻ മീൻ കറിയും ചൂട് ചോറും. ആ ഹോട്ടലിന്റെ ഓല മറയിട്ട ചുവർജനലിലൂടെ മഞ്ഞ് പെയ്യുന്ന മലനിരകൾ നോക്കി പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് ഭക്ഷണം കഴിക്കുമ്പോൾ കിട്ടുന്ന നിറവുണ്ടല്ലോ അത് അനുഭവിച്ച് തന്നെ അറിയേണ്ടുന്ന ഒന്നാണ്.

കൊക്കൊ മരങ്ങളും കാപ്പിച്ചെടികളും വാഴത്തോട്ടങ്ങളും വാനിലതോട്ടങ്ങളും ഒക്കെ ഇടക്കിടക്ക്‌ റോഡിന്റെ ഇരുവശത്തും നിബിഡവനപ്രതീതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു. ഇവിടുത്തുകാരിൽ പലരുടേയും ഉപജീവനമാർഗ്ഗവും ഈ വൃക്ഷലതാദികളുടെ കൃഷി തന്നെയാണ്‌.

നഗരത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് പൊടിയും പുകയുമൊന്നുമില്ലാത്ത ശുദ്ധവായു ശ്വസിച്ച്‌ ശരിക്കും ഞങ്ങൾ ഉന്മേഷവാന്മാരായി. എന്നാൽ ഇത്രയും ഉൾ പ്രദേശങ്ങളിലും സന്തുഷ്ടമായ ജീവിതം നയിക്കുന്ന ജനങ്ങളെ കാണുമ്പോൾ അത്ഭുതവും സന്തോഷവും തോന്നി. ലളിതവും പ്രകൃതിയോട്‌ ഇണങ്ങിയതുമായ അവരുടെ ജീവിത രീതി ചിലപ്പോൾ നഗരവാസികൾക്ക്‌ ഉൾക്കൊള്ളാനാകില്ല.

ചാലിയാർ പുഴയുടെ ഒരുഭാഗമായ കോഴിപ്പാറ വെള്ളച്ചാട്ടത്തിലേയ്ക്ക്‌ പോകുന്ന വഴിയുടെ ഇരുവശത്തും നിബിഡ വനങ്ങളായിരുന്നു. ഒരു വശത്ത്‌ ആനകൾ കയറാതിരിക്കാൻ ഇലക്ട്രിക് കമ്പികൾ കെട്ടിയിട്ടുണ്ട്. വിജനമായ ആ വഴിയിലൂടെയുള്ള യാത്ര എന്നെ കുറച്ച്‌ ഭയപ്പെടുത്തി. പക്ഷേ അധികം വൈകാതെ ധാരാളം പേർ ബൈക്കിലും ബുള്ളറ്റിലുമൊക്കെയായി ഞങ്ങളെ മറികടന്ന് ആ വഴി പോയത്‌ കണ്ടപ്പോൾ തെല്ല് ആശ്വാസമായി.

കോഴിപ്പാറ വെള്ളച്ചാട്ടത്തിലേയ്ക്ക്‌ പോകാൻ ഫോറസ്റ്റിന്റെ പാസ്സ്‌ എടുക്കണം. വളരെ ചെറിയ ഒരു ഫീസ്‌ അടവാക്കി ഞങ്ങൾ പാസ്‌ എടുത്തു.
പിന്നീട്‌ കണ്ടത്‌ വാക്കുകൾക്ക്‌ വിവരിക്കാനാവാത്തവിധം മനോഹരമായ കാഴ്ചയായിരുന്നു. നിബിഡ വന നിരകൾക്ക്‌ മദ്ധ്യത്തിൽ തെളിഞ്ഞ് നുര ചിതറി ഒഴുകുന്ന വെള്ളച്ചാട്ടം. നല്ല കാറ്റും കാലാവസ്ഥയും. ഞങ്ങൾ വെള്ളത്തിൽ കുളിച്ചും കളിച്ചും മണിക്കൂറുകൾ ചിലവിട്ടതറിഞ്ഞില്ല.

ശരിക്കും വൃത്തിയും ശുദ്ധിയും ഉള്ള പാറകൾക്കിടയിലൂടെ ഒഴുകി വരുന്ന ആ വെള്ളം കണ്ടാൽ ആരും ഒന്നിറങ്ങിപോകും. ദേവും രജ്ഞു ഏട്ടനും ഞാനും ശരിക്കും ആസ്വദിച്ച്‌ ആഹ്ലാദിച്ച്‌ ചിലവിട്ട നിമിഷങ്ങളായിരുന്നു അത്‌. അങ്ങനെ നല്ല കുറെ യാത്രാനുഭവങ്ങൾ മനസ്സിൽ പേറി സന്ധ്യമയങ്ങും മുൻപ്‌ ഞങ്ങൾ കക്കാടം പൊയിലിനോട്‌ വീണ്ടും വരുമെന്ന വാഗ്ദാനം നൽകി യാത്ര പറഞ്ഞു.

അടുത്ത തവണ വരുമ്പോഴേക്കും ആ പഞ്ചായത്ത്‌ റോഡ്‌ ഒന്ന് നന്നാക്കണമേ !! എന്ന് കൂടരഞ്ഞി പഞ്ചായത്ത്‌ അധികൃതരോട്‌ ഒരു അഭ്യർത്ഥനയുണ്ട്‌. കാരണം ധാരാളം വിനോദ സഞ്ചാരികൾക്ക്‌ സാധ്യതയുള്ള സ്ഥലമാണത്‌. ഒന്നോ രണ്ടോ ദിവസങ്ങൾ ചിലവിടാൻ റിസോർട്ടുകളും അവിടെ ഉണ്ട്‌. യാത്രകൾക്ക്‌ താൽപര്യമുള്ളവർ അവിടം തീർച്ചയായും പോകണം. കാണാത്ത ഒട്ടേറെ കാഴ്ചകൾ ഇനിയുമവിടുണ്ട്. അതിനായി ഞങ്ങൾ ഇനിയും അവിടെ പോകും…തീർച്ചയായും…