കസ്റ്റഡി മരണം: റിപ്പോർട്ട് ഒരാഴ്ച്ചക്കകമെന്ന് മനുഷ്യാവകാശ കമ്മീഷൻ

പൊലീസ് മർദ്ദനത്തെ തുടർന്ന് ഇടുക്കി സ്വദേശി രാജ് കുമാർ കസ്റ്റഡിയിൽ  മരിച്ച സംഭവത്തിൽ ഒരാഴ്ചക്കകം സർക്കാരിന് വിശദമായ റിപ്പോർട്ട് നൽകുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡോമിനിക്ക്. 

രാജ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട്  രജിസ്റ്റർ ചെയ്ത കേസുകളുടെ വെളിവെടുപ്പിന്റെ ഭാഗമായി  കമ്മീഷൻ അധ്യക്ഷൻ പീരുമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദർശിച്ച് വിശദമായ പരിശോധന നടത്തി. രാജ് കുമാറിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, എഫ് ഐ ആർ തുടങ്ങി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ലഭ്യമായ എല്ലാ രേഖകളുടെയും പകർപ്പ് കമ്മീഷനെടുത്തു.

പീരുമേട് ജയിലിൽ തടവുകാരുമായി കമ്മീഷൻ ആശയവിനിമയം നടത്തി.  രാജ് കുമാറിന്റെ ഭാര്യ എം. വിജയ നൽകിയ പരാതി കമ്മീഷൻ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അറിയിച്ചു.

കസ്റ്റഡി മരണം ഉണ്ടായ ഉടനെ  കമ്മീഷൻ കേസെടുത്തിരുന്നു. തുടർന്ന്  വിശദമായ ഒരു അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശവും നൽകിയിരുന്നു.  ഇതിനുശേഷം  പോസ്റ്റ് മോർട്ടം റിപ്പോർട്ട്, ഇൻക്വസ്റ്റ്, മജിസ്റ്റീരിയൽ എൻക്വയറി റിപ്പോർട്ട് എന്നിവ  ഹാജരാക്കാൻ ജയിൽ മേധാവിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ രേഖകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.