കസ്റ്റഡിമരണം: രാജ്കുമാറിനെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത് മ​രി​ച്ച​തി​ന് ശേ​ഷം; സൂപ്രണ്ടിന്റെ മൊഴി പുറത്ത്‌

പീ​രു​മേ​ട്: ഇ​ടു​ക്കി നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി കൊ​ല​പാതക​ത്തി​ല്‍ രാ​ജ്കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത് മ​രി​ച്ച​തി​ന് ശേ​ഷ​മാ​ണെ​ന്ന് പീ​രു​മേ​ട് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ക്രൈം​ബ്രാ​ഞ്ചി​ന് മൊ​ഴി ന​ല്‍​കി.  മ​ര​ണം ന​ട​ന്ന് ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞാ​ണ് ജയിലില്‍നിന്ന് രാ​ജ്കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തെ​ന്നും മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടി​ലും ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​താ​യും ആശുപത്രി സൂ​പ്ര​ണ്ട് ക്രൈം​ബ്രാ​ഞ്ചി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍ പ​റ​യു​ന്നു.

അതേസമയം കസ്റ്റഡിമരണത്തിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റിനൊരുങ്ങി ക്രൈംബ്രാഞ്ച്. കേസിലെ ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് രാജ്കുമാറിനെ മർദ്ദിച്ച മുഴുവൻ പൊലീകാരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചുവെന്നാണ് സൂചന.

സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മർദ്ദിച്ച പൊലീസുകാരികൾക്കെതിരെയും ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കും.

ഗീതു, റസിയ എന്നീ പൊലീസുകാരികൾ ക്രൂരമായി മർദ്ദിച്ചെന്നും മുളക് പ്രയോഗം നടത്തിയെന്നുമാണ് ശാലിനിയുടെ മൊഴി. അതേസമയം, പ്രതികളുടെ അഭിഭാഷകർ ജാമ്യത്തിനായുള്ള ശ്രമങ്ങളും തുടരുകയാണ്. രാജ്കുമാർ പ്രതിയായ തൂക്കുപാലം സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണവും പുരോഗമിക്കുകയാണ്.