കസ്റ്റഡിമരണം: ജുഡീഷ്യൽ കമ്മീഷന്റെ പരിഗണനാവിഷയങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്‍റെ പരിഗണനാവിഷയങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. രാജ്കുമാറിന്‍റെ അറസ്റ്റിലേക്ക് നയിച്ച കാര്യങ്ങളും പൊലീസ്, ജുഡീഷ്യല്‍കസ്റ്റഡിയിലുണ്ടായ സംഭവങ്ങളുമാണ് ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷന്‍ പ്രധാനമായും അന്വേഷിക്കുക. 

ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ളപ്പോള്‍ ഉണ്ടായ മരണവും അതിലേക്ക് നയിച്ച കാരണങ്ങളും വസ്തുതകളും കമ്മിഷന്‍ വിശദമായി പരിശോധിക്കും.  ഈ സംഭവത്തില്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പങ്കും വീഴ്ചയും പ്രത്യേകം കമ്മിഷന്‍പരിഗണിക്കും.

മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയില്‍ വരും. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എന്തെല്ലാം നടപടികള്‍വേണമെന്ന് ശുപാര്‍ശചെയ്യാനും സര്‍ക്കാര്‍,  ജസ്റ്റിസ് നാരായണക്കുറുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  കമ്മിഷന്‍അന്വേഷണം ആരംഭിച്ചശേഷം , നെടുങ്കണ്ടം ഉരുട്ടിക്കൊലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പുതിയ കാര്യങ്ങള്‍ ഉയര്‍ന്ന് വന്നാല്‍അതും അന്വേഷണ പരിധിയില്‍വരും.