കശ്മീരിലെ ത്രാലില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്നു ഭീകരെ വധിച്ചു.

പുല്‍വാമ ജില്ലയിലെ ത്രാലിലെ പിംഗ്ലിഷ് ഗ്രാമത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ജെയ്ഷെ ഇ മുഹമ്മദിലെ ഭീകരരാണ് കൊല്ലപ്പെട്ടത് എന്ന് സൈന്യം അറിയിച്ചു.

ഗ്രാമവാസിയായ മുദസിര്‍ അഹ്മദ് എന്ന ഭീകരവാദിക്കൊപ്പം രണ്ട് വിദേശികളടക്കമുള്ള ജയ്ഷെ ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യവും സിആര്‍പിഎഫും ചേര്‍ന്ന് രാത്രിയൊടെ പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. ഭീകരര്‍ താമസിക്കുന്ന സ്ഥലം സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് സൈന്യത്തിന് നേരെ ഇവര്‍ വെടിവെക്കുകയായിരുന്നു.

തുടര്‍ന്ന് സൈന്യവും തിരിച്ചടിച്ചു. മൂന്നു മണിക്കൂര്‍ നീണ്ടു നിന്ന ഏറ്റുമുട്ടലിനെ തുടര്‍ന്നാണ് ഭീകരരെ സൈന്യം വധിച്ചത്.ഏറ്റുമുട്ടലിനെ തുടര്‍ന്ന് പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യം തടഞ്ഞിരിക്കുകയാണ്. ഇവരില്‍ നിന്ന് എ.കെ 47 തോക്കുകള്‍ അടക്കം ആയുധങ്ങള്‍ കണ്ടെത്തിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച്ച ത്രാലില്‍ നടന്ന ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു.