കവിത മോഷണ വിവാദം: ദീപ നിഷാന്തിനെതിരെ നടപടിക്ക് കൊച്ചിൻ ദേവസ്വം ബോര്‍ഡിന്‍റെ ആലോചന; പ്രിൻസിപ്പലിനോട് അഭിപ്രായം ആരാഞ്ഞു

തൃശൂര്‍: കവിത മോഷണ വിവാദത്തിൽ അധ്യാപികയായ ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് കൊച്ചിൻ ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നു. ഇതിന്‍റെ ഭാഗമായി തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ പ്രിൻസിപ്പലിനോട് ബോർഡ് അഭിപ്രായം ആരാഞ്ഞു.

കൊച്ചിൻ ദേവസ്വം ബോര്‍ഡിന് കീഴിലെ ശ്രീ കേരളവര്‍മ്മ കോളേജിലെ മലയാളം അധ്യാപികയാണ് ദീപ നിശാന്ത്. അധ്യാപകസംഘടനയായ എകെപിസിടിഎയുടെ ജേണലില്‍ ദീപ നിശാന്ത് മോഷ്ടിച്ച കവിത പ്രസിദ്ധീകരിച്ചതും തുടര്‍ന്നുണ്ടായ വിവാദങ്ങളും കോളേജിൻറെ അന്തസിനെ ബാധിച്ചുവെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

ഇതുകൂടാതെ കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ പി സി ടി എ ദീപ നിശാന്തിനോട് വിശദീകരണം ചോദിക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹച്യത്തിലാണ് കോളേജ് പ്രിൻസിപ്പാളിനോട് ഇക്കാര്യത്തിലുളള നിലപാട് വ്യക്തമാക്കാൻ ദേവസ്വം ബോര്‍ഡ് നിര്‍ദേശിച്ചിരിക്കുന്നത്.