കവചിത വാഹനങ്ങൾ തദ്ദേശീയമായി ഉൽപാദിപ്പിച്ച് ഖത്തർ കമ്പനി

ദോഹ: സൈനിക ആവശ്യങ്ങൾക്കുള്ള കവചിത വാഹനങ്ങൾ തദ്ദേശീയമായി ഉൽപാദിപ്പിച്ച് ഖത്തർ കമ്പനി. കഴിഞ്ഞ വർഷം പ്രവർത്തനം തുടങ്ങിയ സ്റ്റാർക് മോട്ടോഴ്സാണു കവചിത വാഹനങ്ങൾ തദ്ദേശീയമായി വികസിപ്പിച്ചത്. അടുത്തിടെ സമാപിച്ച മിലിപോൾ ഖത്തർ പ്രദർശനത്തിൽ ‘മെയ്ഡ് ഇൻ ഖത്തർ’ കവചിത വാഹനങ്ങൾ പ്രദർശിപ്പിച്ചിരുന്നു.

സൈനിക ആവശ്യങ്ങൾക്കുള്ള വാഹനങ്ങൾ വികസിപ്പിക്കുന്ന ഖത്തറിലെ ആദ്യത്തെ കമ്പനിയാണു സ്റ്റാർക് മോട്ടോഴ്സ്. സൈന്യം, സുരക്ഷാ ഏജൻസികൾ, കോർപറേറ്റ് കമ്പനികൾ, വിഐപികൾ എന്നിവർക്ക് ആവശ്യമായ വാഹനങ്ങളുടെ രൂപകൽപനയാണു സ്റ്റാർക് മോട്ടോഴ്സ് നിർവഹിക്കുന്നത്. ആഢംബര വാഹനങ്ങൾ, സൈനിക വാഹനങ്ങൾ, സ്പെഷൽ പർപസ് വെഹിക്കിൾ എന്നീ മൂന്നു തരത്തിലുള്ള വാഹനങ്ങളാണു സ്റ്റാർക് മോട്ടോഴ്സ് ലഭ്യമാക്കുന്നത്.