കളരി ദൈവങ്ങൾ വാഴും മണമ്പ്രക്കാട്ട്‌ തറവാട്‌

സായിനാഥ്‌ മേനോൻ

പാലക്കാട്‌ ജില്ലയിൽ കൊടുമ്പ്‌ ‌‌ അംശത്ത്‌ കാഞ്ഞിരംകുന്നം ‌ എന്ന സ്ഥലത്താണ്‌ പ്രസിദ്ധ നായർ/ സ്ഥാനി പണിക്കർ പരമ്പര തറവാടായ മണമ്പ്രക്കാട്ട്‌ തറവാട്‌ സ്ഥിതി ചെയ്യുന്നത്‌.‌ കാഞ്ഞിരംകുന്നം മണമ്പ്രക്കാട്ട്‌ തറവാട്‌ എന്നാണ്‌ പൊതുവെ ഈ തറവാട്‌ അറിയപ്പെടുന്നത്‌. രാജ ,പ്രഭു കുടുംബങ്ങൾക്ക്‌ ആയോധനമുറകൾ പഠിപ്പിച്ചിരുന്ന , മൂർത്തികൾ വാഴുന്ന കളരി ഇന്നും ആചാരാനുഷ്ഠാനങ്ങൾ പാലിച്ച്‌ പരിപാലിക്കുന്ന ധീര യോദ്ധക്കളുടെ ഈ പരമ്പരയെ കുറിച്ച്‌ നമുക്കൊന്ന് വായിക്കാം ഇവിടെ.

നൂറ്റാണ്ടുകൾ പഴക്കമുണ്ട്‌ ഈ പരമ്പരയ്ക്ക്‌. പാലക്കാട്‌ തന്നെയാണ്‌ ഇവരുടെ പൂർവ്വികം എന്ന് കരുതപ്പെടുന്നു . പാലക്കാടൻ ദേശത്ത്‌ പൊതുവെ യോദ്ധക്കളായ സ്ഥാനി പണിക്കർ പരമ്പര ഇവർ മാത്രമെ ഉള്ളൂ . വള്ളുവനാടും , ഏറനാടും ധാരാളം സ്ഥാനി പണിക്കരെ കാണാം നമുക്ക്‌ .നൂറ്റാണ്ടുകൾക്ക്‌ മുന്നെ ജീവിച്ചിരുന്ന യോഗിയായ,ധീര യോദ്ധാവും മാന്ത്രിക, താന്ത്രിക വിദ്യകളിൽ കേമനും, ചെമട്ടിയ ഭഗവതി ഉപാസകാനുമായ ശങ്കരപ്പണിക്കർ/ ശങ്കര മാമൻ എന്നറിയപ്പെടുന്ന കാരണവരാണ്‌ ഈ തറവാടിനെ പടുത്തുയർത്തിയത്‌.കുറൂർ മന എന്ന പ്രസിദ്ധ നമ്പൂതിരി പരമ്പരയെ ടിപ്പുവിന്റെ ആക്രമണത്തിൽ നിന്ന് ശങ്കര മാമയും ശിഷ്യന്മാരും തങ്ങളുടെ ആയോധന/ മാന്ത്രിക വിദ്യകൾ കൊണ്ട്‌ രക്ഷപ്പെടുത്തിയതിന്‌ മനയ്ക്കലെ കാരണവർ മൂന്ന് പിടി മണ്ണ്‌ ശങ്കര മാമയ്ക്ക്‌ നൽകുകയും , ഈ മണ്ണ്‌ നശിക്കാതെ ഇരിക്കുന്നിടത്തോളം ഈ പരമ്പര കൊടികെട്ടി വാഴും എന്ന് അനുഗ്രഹിക്കുകയും ചെയ്തു. ഇന്നും ഈ തറവാട്ടിൽ ആ മണ്ണ്‌ സൂക്ഷിക്കുന്നുണ്ട്‌ .

കുറൂർ മനയ്ക്കലെ കാരണവർ പോകുന്ന സമയം ശങ്കര മാമയ്ക്ക്‌ ഭൂമിയും മറ്റും സ്നേഹ സമ്മാനമായി നൽകുകയും ചെയ്തു.അന്നും ആ ഭൂമിയിൽ കളരിയും മറ്റുമുണ്ടായിരുന്നെന്ന് കരുതപ്പെടുന്നു. കാരണം ആ മനയ്ക്കലെ ശങ്കര മാമയോട്‌ ഇങ്ങനെ പറഞ്ഞിരുന്നുവത്രെ കളരിയിലും കന്നിമൂലയിലും എന്നും വിളക്ക്‌ വയ്ക്കണമെന്ന്. ഇന്നും അവർ അത്‌ പാലിക്കുന്നുമുണ്ട്‌.അവിടുന്നാണ്‌ തറവാടിന്റെ നാമം പ്രസിദ്ധമായതെന്ന് കരുതപ്പെടുന്നു . നൂറ്റാണ്ടുകൾക്ക്‌ മുന്നെ തന്നെ ഈ പരമ്പരയിൽ നിന്ന് വേർ പിരിഞ്ഞ്‌ പോയ ശാഖയാണ്‌ എലപ്പുള്ളിയിലെ പണിക്കൂട്ട്‌ മണമ്പ്രക്കാട്ട്‌ തറവാടും, മരുതറോഡ്‌ മണമ്പ്രക്കാട്ട്‌ തറവാടും . ഇന്നും അവരുടെ മൂല സ്ഥാനം ‌കാഞ്ഞിരംകുന്നം മണമ്പ്രക്കാട്ട്‌ തറവാടാണ്‌.

പണ്ട്‌ കാലത്ത്‌ പുതുശ്ശേരി മന്നാടിയാർക്കും, വടശ്ശേരി മന്നാടിയാർക്കും ഇവർ ആയോധന മുറകളിൽ ഗുരുസ്ഥാനീയരായിരുന്നു .സുപ്രസിദ്ധമായ പുതുശ്ശേരി വേലയുടെ ചടങ്ങുകളോടൊപ്പം മണമ്പ്രക്കാട്ട്‌ പണിക്കരുടെ അഭ്യാസപ്രകടനം നടന്നിരുന്നു .പാലക്കാട്ടുശ്ശേരി രാജവംശം ഇവർക്ക്‌ അർഹിക്കുന്ന സ്ഥാനം കൊടുത്തിരുന്നു . തറവാട്ടിലെ ആരേലും മരണപ്പെട്ടാൽ പാലക്കാട്ടുശ്ശേരി രാജാവ്‌ ആനപ്പുറത്ത്‌ സംസ്കാര ചടങ്ങുകൾ നടത്താനുള്ള സാമഗ്രികൾ കൊടുത്തയയ്ക്കുമായിരുന്നത്രെ.വെട്ടാൻ വാളും , കെട്ടാൻ കയറും പദവി ഉണ്ടായിരുന്ന പരമ്പരയായിരുന്നു മണമ്പ്രക്കാട്ട്‌ പരമ്പര.

ജന്മി പരമ്പരയാണ്‌ മണമ്പ്രാട്ടുകാർ. കൊടുമ്പ്‌, ഇരട്ടയാൽ,മരുതറോഡ്‌ ഭാഗങ്ങളിൽ ധാരാളം ഭൂമിയുണ്ടായിരുന്നു ഇവർക്ക്‌. ഒരു കാലത്ത്‌ 40000 പറയോളം പാട്ടം കൃഷിയുണ്ടായിരുന്നു മണമ്പ്രാട്ടുകാർക്ക്‌.മുന്നോറോളം വർഷം പഴക്കമുള്ള അതി മനോഹരമായ നാലുകെട്ടാണ്‌ മണമ്പ്രക്കാട്ട്‌ തറവാട്‌.പാലക്കാടൻ നാട്ടുവഴികളിലൂടെ ചെന്ന് വേണം തറവാട്ടിലേക്ക്‌ എത്താൻ . അതിമനോഹരമായ പടിപ്പുര നമ്മെ സ്വാഗതം ചെയ്തു കൊണ്ട്‌ തലയുയർത്തി നിൽക്കുന്നത്‌ കാണാം നമുക്ക്‌ . വല്ലിയ രണ്ട്‌ നിലയുള്ള പടിപ്പുരയിൽ നാല്‌ മുറികളുണ്ട്‌.നാലുകെട്ടിന്റെ കിഴക്കും പടിഞ്ഞാറുമായി മനോഹരമായ തൂണുകൾ ഉള്ള രണ്ട്‌ പുറത്തളങ്ങളും, ധാരാളം തൂണുകൾ നിറഞ്ഞ വരാന്തയും,നടുമുറ്റവും, ഏഴോളം മുറികളും, നാലുകെട്ടിൽ ഉണ്ട്‌. മുറികളിൽ എല്ലാം പടി പോലെ പലക വച്ചിട്ടുണ്ട്‌. അതിനാൽ കാൽ പൊക്കി വച്ചെ മുറികളിലേക്ക്‌ ചെല്ലാൻ കഴിയൂ .തട്ടിട്ട, ചെറിയ മുറികളാണ്‌ ഇവിടുത്തേത്‌. ഏത്‌ ചൂടിലും തണുപ്പേകുന്ന മുറികൾ .

നാലുക്കെട്ടിനോട്‌ ചേർന്ന് അടുക്കളപ്പുരയും നിടമാളികയും, പുത്തൻപ്പുരയും ഉണ്ട്‌. അഞ്ച്‌ താവഴികൾക്കായി അഞ്ച്‌ അടുക്കളയുണ്ടായിരുന്നു . അത്‌ പോലെ പുത്തൻപ്പുര ആണുങ്ങൾക്ക്‌ താമസിക്കാൻ ഉള്ളതായിരുന്നു . നാലുമുറികളും , താഴ്വാരവും അടങ്ങിയതാണ്‌ പുത്തൻപ്പുര. തറവാട്ട്‌ തൊടിയിൽ ഒരു കിണറും , ഒരു കുളവും ഉണ്ട്‌ . ആർക്കും അഹങ്കാരത്തോടെ തലയുയർത്തി വീട്ടിലേക്ക്‌ ചെല്ലാൻ കഴിയില്ലാ . തലമുട്ടിയിരിക്കും അതന്നെ കാരണം . പഴയ ശിൽപ്പികൾക്ക്‌ അറിയാം എങ്ങനെ മനുഷ്യനെ വിനയാന്വിതനാക്കണമെന്ന്.നൂറ്റാണ്ടുകൾ പഴക്കമുള്ള തറവാട്ടിൽ അറ്റകുറ്റപ്പണികൾ എല്ലാം മുറയ്ക്ക്‌ നടത്തി , നന്നായി സംരക്ഷിക്കുന്നുണ്ട്‌ മണമ്പ്രക്കാട്ടെ അംഗങ്ങൾ. ചരിത്ര പ്രസിദ്ധമായ, നാടിന്റെ അഭിമാനമായ ഈ തറവാട്‌ നന്നായി സംരക്ഷിക്കുന്ന കുടുംബാംഗങ്ങൾക്ക്‌ എന്റെ കൂപ്പുകൈ.

തറവാട്ടിന്റെ ഐശ്വര്യത്തിനും പ്രതാപത്തിനും കാരണം മച്ചിലെ ശങ്കര മാമയും, കളരി ദൈവങ്ങളുമാണെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു എന്നോട്‌. ശങ്കരമാമനെയും കളരി അമ്മയെയും സ്മരിക്കാത്ത ഒരു ദിനം പോലും അവർക്കില്ലാ . അതിനെക്കാൾ ഉപരി ആചാരാനുഷ്ഠാനങ്ങൾക്ക്‌ മാറ്റൊട്ടും കുറയാതെ തന്നെ മച്ചിലും, കളരിയിലും പൂജകൾ എല്ലാം കാലാകാലങ്ങളിൽ സമയാസമയങ്ങളിൽ നടത്തി പോരുന്നു .പുണ്യാത്മാവായ ശങ്കരമാമയുടെ ചൈതന്യം തറവാട്ട്‌ മച്ചിൽ, കുടുംബാംഗങ്ങൾക്ക്‌ താങ്ങും തണലുമായി നിലകൊള്ളുന്നു . ചെമ്മട്ടിയ ഭഗവതി ഉപാസകനായ ശങ്കരമാമ ചെമ്മട്ടിയ അമ്പലത്തിലാണ്‌ ജീവൻ വെടിഞ്ഞത്‌. ഇന്നും അദേഹം ജീവൻ വെടിഞ്ഞ സ്ഥലത്ത്‌ ഒരു കല്ല് ഉണ്ട്‌ . അവിടെ വർഷത്തിലൊരിക്കൽ ഇടവമാസത്തിൽ പൂജയുണ്ട്‌.ശങ്കര മാമയോടൊപ്പം, ബാലപരമേശ്വേരിയും ,ശങ്കരമാമ ഉപാസിച്ചിരുന്ന മുന്നൂറോളം ഉഗ്രമൂർത്തികളും , മച്ചിൽ ഉണ്ട്‌.ദിനവും വിളക്ക്‌ വയ്ക്കും മച്ചിൽ. കെടാവിളക്കാണ്‌ മച്ചിൽ ( പുലകൾ വന്നാലെ അതിനൊരു മാറ്റം വരികയുള്ളൂ).വൃശ്ചികത്തിലെ അത്തം നാളിൽ ആണ്‌ ശങ്കരമാമയുടെ ശ്രാദ്ധ ദിനം . അന്ന് മച്ചിൽ ശാക്തേയ പൂജ ഉണ്ട്‌. പണ്ട്‌ അധമത്തിലായിരുന്ന പൂജ ഇന്ന് ഉത്തമത്തിലാണ്‌ നടത്തുന്നത്‌ .

പ്രിയ സുഹൃത്ത്‌ സന്തോഷാണ്‌ ശാക്തേയ പൂജയുടെ കർമ്മി. പണ്ട്‌ തറവാട്ടിൽ നിന്ന് പുറമെ ചെന്ന് ശാക്തേയ പൂജ ചെയ്ത്‌ കൊടുക്കുന്ന പതിവുണ്ടായിരുന്നു.ഇവിടുത്തെ പൂജാവിധികൾ എല്ലാം പാരമ്പര്യമായി കൈമാറി വരുന്നതാണ്‌ .തറവാട്ടിൽ ഏറ്റവും കൂടുതൽ കാലം ശാക്തേയം ചെയ്തത്‌ തറവാട്ടുകാരണവർ ആയ ശ്രീ ഭാസ്കര മാമയാണ്‌. 3 വർഷം മുൻപ് കാരണവരായ ഭാസ്കരമാമായിൽ നിന്നു മന്ത്രോപദേശം സന്തോഷും മരുതറോഡ് മണമ്പ്രക്കാട്ട്‌ ലെ ശങ്കറും കൂടെ സ്വീകരിച്ച്
ശേഷം വന്ന പ്രതിഷ്ഠ ദിനത്തിൽ തന്ത്രിയിൽ നിന്നും കളരിയിലെ മൂലമന്ത്രം ദീക്ഷ സ്വീകരിച്ച് ദേവീ ഉപാസന സന്തോഷ്‌ തുടർന്ന് പോരുന്നു.നവരാത്രിക്ക്‌ മൂന്ന് ദിവസം മച്ചിൽ സരസ്വതി പൂജയുണ്ട്‌.ആ പൂജകൾ എല്ലാം ഒരു തപസ്സ്‌ പോലെയാണ്‌ തറവാട്ടുകാർ ചെയ്യുന്നത്‌.

മണമ്പ്രക്കാട്ടെ കളരി അറുപത്തിനാല് അടി കളരിയാണ്‌ .മണമ്പ്രക്കാട്ടെ കളരി അറുപത്തിനാല് അടി കളരിയാണ്‌ .ദേശത്തിന്റെ സംരക്ഷണം യോദ്ധക്കളായ ഇവരുടെ ചുമതലയായിരുന്നു . ഈ കളരിയിൽ പണ്ട്‌ കാലത്ത്‌ അനവധി യുവാക്കൾക്ക്‌ ആയുധാഭ്യാസം നൽകിയിട്ടുണ്ട്‌.
കളരിയിൽ ദുർഗ്ഗ ( മഹിഷാസുര മർദ്ദിനിയും) , വേതാളം, നരസിംഹമൂർത്തി,ചെമട്ടിയ ഭഗവതി, ,വീരഭദ്രമഹാകാളി, ഭൈരവൻ, ഗുരുകാരണവന്മാർ, ആദിത്യൻ, ഹനുമാൻ എന്നീ ചൈതന്യങ്ങളെ ഒരു ശ്രീകോവിലിൽ ആരാധിക്കുന്നുണ്ട്‌. മറ്റൊരു ശ്രീകോവിലിൽ ശാസ്താവും, അരളിമര ചുവട്ടിൽ നാഗങ്ങളും,ഗണപതിയും ഉണ്ട്‌. ഇത്രയും മൂർത്തികൾ വാഴുന്ന കളരിയിൽ എന്നും വിളക്ക്‌ വയ്ക്കും .

കളരിയിലെ തന്ത്രം പനാവൂരിനാണ്‌. വർഷത്തിലൊരിക്കൽ കളരിയിൽ തന്ത്രി പൂജയുണ്ട്‌. എല്ലാ മാസവും ഒന്നാം തിയതിയും നമ്പൂതിരി പൂജയും നടന്ന് പോരുന്നുണ്ട്‌.മകരമാസത്തിലെ ചിത്തിരയിലെ പ്രതിഷ്ഠാദിനം, മണ്ഡല വിളക്ക്‌ , കാർത്തിക വിളക്ക്‌ , എന്നിവ ആഘോഷിച്ചു പോരുന്നു . കളരിയിൽ മേൽക്കൂരയും, മതിലും, എല്ലാം കെട്ടി , നന്നായി സംരക്ഷിക്കുന്നുണ്ട്‌ തറവാട്ടംഗങ്ങൾ . കളരിയിൽ വിളക്ക്‌ വയ്ക്കുന്നതും മറ്റും തറവാട്ട്‌ കാരണവരായ ഭാസ്കര മാമയാണ്‌ . തൊണ്ണൂറ്റിമൂന്നുകാരനായ അദേഹം വളരെ ചുറുചുറുക്കോടെയാണ്‌ കളരിയിലെ കാര്യങ്ങൾ ചെയ്യുന്നത്‌. അതിന്റെ രഹസ്യം ചോദിച്ചാൽ അദേഹം പറയും ഇതിനെല്ലാം കാരണം കളരിയിലെ ദൈവങ്ങളുടെയും ശങ്കര മാമയുടെയും അനുഗ്രഹവും ആണെന്ന്.തറവാട്ടിലെ ഓരോ അംഗങ്ങളോടും തങ്ങളുടെ ഐശ്വര്യത്തിന്റെ കാരണം ചോദിച്ചാൽ അവർ പറയും അതിനെല്ലാം കാരണം കളരി അമ്മയും , ശങ്കരമാമയും ആണെന്ന്

This image has an empty alt attribute; its file name is 57839884_332305860802850_2511331690811490304_n.png

തറവാട്ട്‌ തൊടിയിലെ ബ്രഹ്മരക്ഷസ്സിന്‌ വർഷത്തിൽ രണ്ട്‌ പൂജയുണ്ട്‌ . കളരിയിലെയും മച്ചിലെയും പൂജകൾക്ക്‌ മുന്നെ ബ്രഹമരക്ഷസ്സിന്‌ പൂജകൾ നടത്തും . എങ്കിലെ ബാക്കി എല്ലാം ഭംഗിയാവൂ എന്നാണ്‌ വിശ്വാസം . ബ്രാഹ്മണരുടെ അനുഗ്രഹത്താൽ ലഭിച്ചതല്ലെ , അതിനാൽ അവരെയും പ്രീതിപ്പെടുത്തുന്നുണ്ട്‌ .ചെമ്മട്ടിയ ഭഗവതി ക്ഷേത്രത്തിലെയും , കൊടുമ്പ്‌ സുബ്രഹ്മണ്യ ക്ഷേത്രത്തിലെയും ഊരാളന്മാരാണിവർ. തൈപ്പൂയത്തിന്‌ തറവാട്ടിൽ നിന്ന് കാവടിയെടുത്ത്‌ കൊടുമ്പ്‌ ക്ഷേത്രത്തിലേക്ക്‌ പോകുന്ന ചടങ്ങ്‌ ഇന്നും നടക്കാറുണ്ട്‌. തൈപ്പൂയത്തിന്‌ ആണ്ടിയൂട്ട്‌ പതിവുണ്ട്‌ .ആചാരനുഷ്ഠാനങ്ങൾ ഒത്തൊരുമയോടെ ,ഭക്തിയോടെ നടത്തുന്ന മണമ്പ്രക്കാട്ട്‌ തറവാട്ടുകാർ ഒരു മാതൃകയാണ്‌ .

കൊടുമ്പ്‌ ദേശത്തിലെ പ്രസിദ്ധ കുടുംബമായ മണമ്പ്രക്കാട്ട്‌ തറവാടിന്റെ ഒത്തൊരുമയും മാതൃക പരമാണ്‌ . തറവാട്ട്‌ കാര്യങ്ങൾ, അനുഷ്ഠാനങ്ങൾ എന്നിവ നടത്തുന്നതിലെ ഒത്തൊരുമ അതൊന്ന് വേറെ തന്നെയാണ്‌ . ഞാൻ കണ്ട്‌ മനസിലാക്കിയതാണത്‌. അവിടെ ചെന്നാൽ നമ്മളും ആ കുടുംബത്തിലെ അംഗമായി മാറും. ഞങ്ങൾ മാമാങ്ക യാത്രയിൽ അവിടെ ചെന്നപ്പോൾ ഞങ്ങൾക്ക്‌ കിട്ടിയ സ്വീകരണം ഗംഭീരമായിരുന്നു . തറവാടിത്തം തറവാടിത്തം തന്നെയാണ്‌ . എന്താണ്‌ തറവാടിത്തം . അത്‌ നല്ല പെരുമാറ്റമാണ്‌ അത്‌ മണമ്പ്രക്കാട്ടുകാർക്ക്‌ ധാരാളം ഉണ്ട്‌ . അതിനെല്ലാം കാരണം ശങ്കരമാമയുടെയും കളരി ദൈവങ്ങളുടെയും മച്ചിലെ മൂർത്തികളുടെയും അനുഗ്രഹവും . പാലക്കാട്ടുകാർക്ക്‌, മലയാളികൾക്ക്‌ ഇത്തരം തറവാടുകൾ അഭിമാനം തന്നെയാണ്‌.