കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യം സഫലമാകുന്നു; താമര കൃഷിക്ക് വായ്പ

മലപ്പുറം: കര്‍ഷകരുടെ ഏറെക്കാലത്തെ ആവശ്യത്തിനൊടുവില്‍ താമര കൃഷിക്ക് വായ്പ അനുവദിക്കുന്നു. മലപ്പുറത്ത് ചേർന്ന ജില്ലാതല ബാങ്ക് വിദഗധസമിതി യോഗത്തിലാണ് തീരുമാനം. താമര വളർത്തൽ കൃഷിയായി അംഗീകരിക്കുക, ബാങ്ക് വായ്പ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ കര്‍ഷകര്‍ ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. നിവേദനങ്ങളും പരാതികളും പല തവണ പറഞ്ഞിട്ടും അധികൃതരാരും കനിഞ്ഞിരുന്നില്ല. ഇതോടെ നിവര്‍ത്തിയില്ലാതെ പലരും താമരകൃഷി ഉപേക്ഷിച്ചു.

ഇതിനിടയിലും സ്വര്‍ണ്ണപണയ വായ്പ്പയെടുത്തും കടം വാങ്ങിയും തിരുന്നാവായയിലെ മൊയ്തീൻഹാജിയെപ്പോലുള്ള ചില കര്‍ഷകര്‍ ഇപ്പോഴും താമര കൃഷി നടത്തുന്നുണ്ട്. ലാഭം പ്രതീക്ഷിച്ചല്ല മറ്റൊരു തൊഴില്‍ മേഖല അറിയാത്തതു കൊണ്ടാണ് പ്രതികൂല സാഹചര്യത്തിലും ഇവര്‍ താമര കൃഷി ചെയ്യുന്നത്.

സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം താമര കൃഷി ചെയ്യുന്നത് മലപ്പുറം തിരുന്നാവായയിലാണ്. സംസ്ഥാനത്തിനകത്ത് മാത്രമല്ല തമിഴ്നാട്, കര്‍ണ്ണാടക പോലുള്ള അയല്‍ സംസ്ഥാനങ്ങളിലേക്കും ഇവിടെനിന്ന് താമരപൂക്കള്‍ കയറ്റി അയക്കാറുണ്ട്. പരിസ്ഥിതി സംഘടനയായ റീ ഏക്കൗ ആണ് ബാങ്ക് വായ്പ്പയെന്ന ആവശ്യം നേടിയെടുക്കാൻ കര്‍ഷകര്‍ക്കൊപ്പം മുന്നിട്ടിറങ്ങിയത്. താമരയുടെ വിപണന സാധ്യതകള്‍ ബോധ്യപെട്ടതോടെയാണ് കര്‍ഷകര്‍ക്ക് ബാങ്ക് വായ്പ്പ അനുവദിക്കാൻ ജില്ലാ തല ബാങ്കിംഗ് വിദഗ്ധ സമിതി തീരുമാനിച്ചത്.