കര്‍ണാടക: വിമത എംഎല്‍എമാര്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയില്‍

മുംബൈ: കര്‍ണാടക സ്പീക്കര്‍ക്കെതിരെ വിമത എംഎല്‍എമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. സ്പീക്കര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും രാജി സ്വീകരിക്കുന്നത് വൈകിപ്പിക്കുന്നുവെന്നും കാണിച്ചാണ് വിമത എംഎല്‍എമാര്‍ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാറിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.

രാജി സ്വീകരിക്കാതെ ന്യൂനപക്ഷ സര്‍ക്കാരിന് ഒരവസരം കൂടി ഉണ്ടാക്കി കൊടുക്കുന്നതിനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് സ്പീക്കര്‍ നടപ്പിലാക്കുന്നതെന്ന് എംഎല്‍എമാര്‍ ആരോപിക്കുന്നു. വിമത എംഎല്‍എമാരുടെ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും.

2018 ല്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിയെ ഗവര്‍ണര്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി കോടതി രാത്രിയില്‍ കേട്ടിരുന്നു. ആ കേസില്‍ കക്ഷി ചേരാനുള്ള അപേക്ഷയോടൊപ്പമാണ് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. അന്നത്തെ കേസില്‍ ഇതുവരെ വാദം പൂര്‍ത്തിയായിട്ടില്ല. ഈ ഹര്‍ജിയും കൂടി പരിഗണിച്ച്‌ അതില്‍ തീര്‍പ്പുണ്ടാക്കണമെന്നാണ് എംഎല്‍എമാരുടെ വാദം.