കര്‍ണാടക ഗവര്‍ണറുടെ നടപടി ആയുധമാക്കാനൊരുങ്ങി കോണ്‍ഗ്രസും ആര്‍ജെഡിയും

ന്യൂഡല്‍ഹി: ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയ്ക്ക് കര്‍ണാകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ബിജെപിയ്‌ക്കെതിരെ തന്നെ ഉപയോഗിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച ഗവര്‍ണറുടെ നടപടിയെ മാതൃകയാക്കി ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാനായി അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ബിഹാറില്‍ ആര്‍ജെഡിയും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയ്ക്കാണ് പാര്‍ട്ടികളുടെ അവകാശവാദം.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോവയില്‍ വെള്ളിയാഴ്ച കോണ്‍ഗ്രസ് ഗവര്‍ണറെ കാണും. 16 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാവിലെ ഗവര്‍ണര്‍ മൃഥുല സിന്‍ഹയെ സമീപിച്ച് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗോവയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ് കോണ്‍ഗ്രസ്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഗോവയ്ക്കൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 60 അംഗ നിയമസഭയില്‍ 28 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപിക്ക് ലഭിച്ചത് 21 സീറ്റുകളാണ്.

മണിപ്പൂര്‍ കോണ്‍ഗ്രസ് നേതൃത്വവും സ്പീക്കറെ കണ്ട് കര്‍ണാടക മാതൃകയില്‍ തങ്ങളെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെടും.

ബിഹാറിലും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച് ഗവര്‍ണറെ സമീപിക്കുമെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി. വെള്ളിയാഴ്ച ഉച്ചയ്ക്ക് പാര്‍ട്ടി എംഎല്‍എമാരോടൊപ്പം ഗവര്‍ണറെ കാണാനാണ് ശ്രമം.