കര്‍ണാടക ഗവര്‍ണര്‍ ആര്‍.എസ്.എസ്സുകാരനായി പ്രവര്‍ത്തിക്കുന്നു; കോടിയേരി

തിരുവനന്തപുരം: കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് ആര്‍എസ്എസുകാരനായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നായനാര്‍ അക്കാദമിയുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാക്കിട്ടുപിടിച്ചു ഭൂരിപക്ഷം ഉണ്ടാക്കിക്കൊള്ളൂ എന്ന നിര്‍ദേശമാണ് ഗവര്‍ണര്‍ ബിജെപി നേതാക്കള്‍ക്കു നല്‍കിയിരിക്കുന്നത്.

ബിജെപി ഭരണത്തില്‍ കൂട്ടിലടച്ച തത്തയായി ഗവര്‍ണര്‍മാര്‍ മാറി. കോണ്‍ഗ്രസിനും ജനതാദള്‍ എസിനും വ്യക്തമായ ഭൂരിപക്ഷമുള്ളപ്പോള്‍ ഒരു കാരണവശാലും ബിജെപിയെ വിളിക്കരുതായിരുന്നു. ജനാധിപത്യ കശാപ്പാണ് കര്‍ണാടകത്തില്‍ നടന്നിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.

നിയമസഭയില്‍ കേവല ഭൂരിപക്ഷമില്ലാത്ത കക്ഷിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച കര്‍ണാടക ഗവര്‍ണറുടെ നടപടി പുനഃപരിശോധിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കുതിരക്കച്ചവടത്തിന് കളമൊരുക്കുന്നത് ജനാധിപത്യക്കശാപ്പാണ്. നിയമസഭയില്‍ ഭൂരിപക്ഷമുള്ള സഖ്യത്തെ പുറത്തുനിര്‍ത്തി കുറഞ്ഞ വോട്ടും കുറഞ്ഞ സീറ്റും നേടിയ ബിജെപിക്കു മന്ത്രിസഭയുണ്ടാക്കാന്‍ ഭരണഘടനാസ്ഥാപനത്തെ ദുരുപയോഗിക്കുകയാണെന്നും പിണറായി ആരോപിച്ചു.

കേന്ദ്രഭരണകക്ഷിയുടെ താല്‍പര്യങ്ങള്‍ നടപ്പാക്കാനും ജനാധിപത്യത്തെ ഹനിക്കാനുമുള്ള ഒന്നാക്കി ഗവര്‍ണര്‍ പദവിയെ മാറ്റരുത്. രാജ്ഭവന്‍ എന്തു തീരുമാനിക്കുമെന്നു മുന്‍കൂര്‍ പ്രഖ്യാപിച്ച ബിജെപി വക്താവ് നല്‍കിയത് ബിജെപിയുടെ തീരുമാനം ഗവര്‍ണര്‍ നടപ്പാക്കുന്നു എന്ന സന്ദേശമാണെന്നും പിണറായി ആരോപിച്ചു.