കര്‍ണാടക ഗവര്‍ണര്‍ക്കെതിരെ രാംജത് മലാനി സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായി ബിജെപിയെ ക്ഷണിച്ച ഗവര്‍ണര്‍ വാജുഭായ് വാലയുടെ നടപടിക്കെതിരെ മുതിര്‍ന്ന അഭിഭാഷകനും നിയമ വിദഗ്ദ്ധനുമായ രാംജത് മലാനി സുപ്രീം കോടതിയെ സമീപിച്ചു. ഭരണഘടനയെ അപമാനിക്കുന്ന നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനെയാണ് ഹര്‍ജി അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യവുമായി രാംജത് മലാനി സമീപിച്ചത്. എന്നാല്‍ സമാനമായ കോണ്‍ഗ്രസിന്റെ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചിനെ സമീപിക്കാന്‍ കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് എ.കെ.സിക്രിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നാളെ പത്തുമണിയോടെയാണ് കോണ്‍ഗ്രസ് ഹര്‍ജിയുടെ വാദം കേള്‍ക്കുന്നത്. ഇതിന് മുമ്പായി ഈ ബെഞ്ചിനെ സമീപിക്കാനാണ് കോടതി നിര്‍ദേശിച്ചത്.

ഗവര്‍ണറുടേത് ഭരണഘടന നല്‍കുന്ന അധികാരത്തെ അപമാനിക്കുന്ന നടപടിയാണെന്നും നടപടിയിലൂടെ ഭരണഘടനയെ അട്ടിമറിച്ചെന്നും മലാനി ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. ഏതെങ്കിലും പാര്‍ട്ടിക്കെതിരെയല്ല തന്റെ ഹര്‍ജിയെന്നും അദ്ദേഹം പറഞ്ഞു.

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ സ്റ്റേ ചെയ്യണമെന്ന ആവശ്യത്തോടെയാണ് കോണ്‍ഗ്രസ് ബുധനാഴ്ച രാത്രി വൈകി സുപ്രീം കോടതിയെ സമീപിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഹര്‍ജി തള്ളിയ കോടതി വെള്ളിയാഴ്ച കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിവെക്കുകയായിരുന്നു.