കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്ക്കരിച്ചത് ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളിലൂടെ; യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ രൂപവത്ക്കരിച്ചത് ഭരണഘടനാ വിരുദ്ധമായ നീക്കങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകത്തിലെ രാഷ്ട്രീയ നീക്കങ്ങള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്‌സലാണെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാലയെയും അദ്ദേഹം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. രാഷ്ട്രപതിഭവന് പുറത്ത് പ്രതിഷേധം രേഖപ്പെടുത്തിയ അദ്ദേഹം ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനായി അണിനിരക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ബി.ജെ.പി നടത്തിയ ഭരണഘടനാ വിരുദ്ധ നീക്കത്തിനെതിരെയാണ് പ്രതിഷേധിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ എട്ട് എംഎല്‍എമാരുടെ കുറവുണ്ട്. മറ്റ് എംഎല്‍എമാരോ പാര്‍ട്ടികളോ ബിജെപിയെ പിന്തുണയ്ക്കുന്നതിന് വേണ്ടി ഇതുവരെ രംഗത്തെത്തിയിട്ടില്ല. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാനമായ ഇന്ത്യന്‍ പൊളിറ്റിക്കല്‍ ലീഗിനാണ് ഗവര്‍ണര്‍ സാഹചര്യം ഒരുക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എംഎല്‍എമാരെ വിലയ്ക്കുവാങ്ങാന്‍ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത്. പിന്തുണയ്ക്കുന്നവര്‍ക്ക് വന്‍ പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ സംരക്ഷിക്കുമെന്ന് പ്രധാനമന്ത്രി മോദി പാര്‍ലമെന്റില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍, രാജ്യത്ത് ഇന്ന് എന്താണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നീതി നടപ്പാക്കുന്നതില്‍ ഗവര്‍ണര്‍ പരാജയപ്പെട്ടതുകൊണ്ടാണ് കര്‍ണാടകത്തിലെ വിഷയം സുപ്രീം കോടതിയിലെത്തിയത്. ഗവര്‍ണര്‍മാര്‍ പാര്‍ട്ടികളുടെ പടയാളികളായി പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കപ്പെടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.