കര്‍ണാടകയില്‍ ബിജെപി പ്രവര്‍ത്തകരുടെ കൂട്ടകൂറുമാറ്റം; ബിജെപി ഓഫിസ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫിസായി മാറി

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയിലെ മാണ്ഡ്യയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ കൂറുമാറി. പ്രവര്‍ത്തകരുടെ അപ്രതീക്ഷിതമായ ഈ മനംമാറ്റം ബിജെപിയ്ക്ക് കനത്ത തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്. അണികള്‍ കൂടുമാറിയതോടെ ഒറ്റദിവസം കൊണ്ടാണ് ബിജെപി ഓഫിസ് കോണ്‍ഗ്രസ് ഓഫിസായി മാറിയത്.

കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ മദ്ദൂരിലെ ബിജെപി താലൂക്ക് യൂണിറ്റ് ഓഫിസാണ് ഒറ്റദിവസം കൊണ്ട് കോണ്‍ഗ്രസ് ഓഫിസായി മാറിയത്. ബിജെപി നേതൃത്വത്തിന്റെ തുടര്‍ച്ചയായ അവഗണനയില്‍ പ്രതിഷേധിച്ചായിരുന്നു ബിജെപി അണികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം. നേരത്തെ, മുന്‍ മുഖ്യമന്ത്രി എസ്.എം കൃഷ്ണ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ നിരവധി അനുയായികള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

എന്നാല്‍, ബിജെപിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെ നേതാക്കള്‍ തിരികെ കോണ്‍ഗ്രസിലേക്ക് മടങ്ങുകയായിരുന്നു. ഭൂരിഭാഗം ആളുകളും കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയതോടെ താലൂക്ക് യൂണിറ്റ് ഓഫിസിന്റെ ബിജെപി ബോര്‍ഡ് മാറ്റി കോണ്‍ഗ്രസ് ബോര്‍ഡ് സ്ഥാപിക്കുകയായിരുന്നു.