കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലെത്തിച്ചേക്കുമെന്ന് സൂചന

 

ആലപ്പുഴ: കര്‍ണാടകയിലെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ കൊച്ചിയിലെത്തിച്ചേക്കുമെന്ന് സൂചന. പ്രത്യേക വിമാനത്തില്‍ രാത്രിയോടെ ഇവരെ കൊച്ചിയിലെത്തിക്കാനാണ് നീക്കം. ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം കോണ്‍ഗ്രസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് എംഎല്‍എമാരെ കൊച്ചിയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്.

അതിനിടെ, കര്‍ണാടകയിലെ എംഎല്‍എമാര്‍ ആലപ്പുഴയിലെ റിസോര്‍ട്ടിലേക്ക് വരുന്നുവെന്ന അഭ്യൂഹങ്ങള്‍ റിസോര്‍ട്ട് ഉടമയും മുന്‍ മന്ത്രിയുമായ തോമസ് ചാണ്ടി തള്ളി. ഇതേപ്പറ്റി പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗം ഇത് സംബന്ധിച്ച അന്വേഷണം നടത്തിയിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന ഈഗിള്‍ ടെണ്‍ റിസോര്‍ട്ടിന് നല്‍കി വന്നിരുന്ന സുരക്ഷ പിന്‍വലിച്ചതോടെ എല്ലാവരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റേണ്ടത് കോണ്‍ഗ്രസ് നേതൃത്വത്തിന് അത്യാവശ്യമായി വരികയായിരുന്നു. ഇതോടെയാണ് കേരളത്തിലെയോ പഞ്ചാബിലെയോ റിസോര്‍ട്ടുകളിലേക്ക് എംഎല്‍എമാരെ മാറ്റാന്‍ കോണ്‍ഗ്രസ് നേതൃത്വം നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന് തുടങ്ങിയത്.