കരുതിക്കൂട്ടിയുള്ള സംഘടിതമായ ആക്രമണം മനുഷ്യരുടെ മാത്രം കുത്തകയല്ല

ജൂലിയസ് മാനുവൽ

മനുഷ്യന്‍ എന്നാണ് സംഘം ചേര്‍ന്നുള്ള യുദ്ധവും ആക്രമണ പരമ്പരകളും ആരംഭിച്ചത് ? ചരിത്രപരമായ തെളിവുകള്‍ തപ്പിയാല്‍ ഏഴായിരം വര്‍ഷങ്ങള്‍ പിറകില്‍ വരെ തെളിവുകള്‍ ലഭിക്കുന്നുണ്ട് . അതില്‍ ഏറ്റവും പ്രധാനം തല്‍ഹൈമിലെ മരണക്കുഴി ആണ് (Talheim Death Pit) .

1983 ല്‍ ജര്‍മ്മനിയിലെ Talheim ല്‍ നിന്നും കണ്ടെത്തിയ ഈ കുഴിയില്‍ നിന്നും മുപ്പത്തിനാല് ആളുകളുടെ അവശിഷ്ടങ്ങളാണ് ലഭിച്ചത് . ഇതില്‍ പതിനാറു കുട്ടികളും ഒന്‍പതു ആണുങ്ങളും ഏഴു സ്ത്രീകളും ആയിരുന്നു ഉള്‍പ്പെട്ടിരുന്നത് . വേറെ രണ്ടുപേരുടെ ലിംഗനിര്‍ണ്ണയം സാധിച്ചിട്ടില്ല . തലയിലും ദേഹത്തും മാരകമായ മുറിവുകളേറ്റാണ് എല്ലാവരും കൊല്ലപ്പെട്ടത് . ഇതില്‍ പതിനെട്ടുപേരുടെ തലയോടുകള്‍ മൂര്‍ച്ചയുള്ള ആയുധമേറ്റാണ് തകര്‍ന്നിരിക്കുന്നത് . ബാക്കിയുള്ളവരുടെതാകട്ടെ ശക്തിയേറിയ അടിയേറ്റും. പേടിച്ച് പലായനം ചെയ്യുന്നതിനിടെയാവാം ഇവര്‍ ആക്രമണത്തിന് ഇരയായത് എന്നാണ് അനുമാനം .

Image result for chimpanzees violent

ഇതിനു സമാനമാണ് ഓസ്ട്രിയയിലെ Schletz-Asparn ശവക്കുഴിയും . മുഴുവനുമായി പുറത്തെടുക്കുവാന്‍ ഇതുവരെ സാധിച്ചിട്ടില്ല എങ്കിലും ഏകദേശം മുന്നൂറോളം പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടാവാം എന്നാണ് കണക്കാക്കുന്നത് . സംഭവം നടന്നിട്ടുണ്ടാവുക ഏകദേശം ഏഴായിരം വര്‍ഷങ്ങള്‍ മുന്‍പും ! ഇതിലും ഭീകരമാണ് ജര്‍മ്മനിയിലെ Herxheim ലെ കണ്ടെത്തല്‍ . ഇവിടെ കുഴിച്ചിട്ടിരിക്കുന്ന അഞ്ഞൂറോളം പേരുടെ ശരീരങ്ങളും തലകളും വേറിട്ടാണ് കിടക്കുന്നത് . തടവുകാരായി പിടിച്ച ശേഷം കഴുത്ത് വെട്ടിയതാവാം എന്നാണ് അനുമാനിക്കുന്നത് . ക്രിസ്തുവിനും അയ്യായിരം വര്‍ഷങ്ങള്‍ പിറകിലാണ് ഇത് സംഭവിച്ചത് .

ഭക്ഷണത്തിന് വേണ്ടിയല്ലാതെയുള്ള കരുതിക്കൂട്ടിയ സംഘടിതമായ ആക്രമണം മനുഷ്യന് മാത്രമേ ഉള്ളൂ എന്നൊന്നും തെറ്റിദ്ധരിക്കരുത് . സിംഹങ്ങള്‍ കൂട്ടംകൂടി ഇരയെ പിടിക്കുന്ന രീതിയെയല്ല സംഘടിത ആക്രമണം എന്ന് ഇവിടെ പറയുന്നത് . വൈരാഗ്യം മനസ്സില്‍ സൂക്ഷിച്ച് വര്‍ഷങ്ങള്‍ കൊണ്ട് സ്വന്തം വര്‍ഗ്ഗത്തില്‍ തന്നെയുള്ള ജീവികളെ കൊല്ലുന്ന കോള്‍ഡ് ബ്ലഡഡ് അറ്റാക്ക് ആണ് ഉദ്യേശിക്കുന്നത് . ഹേയ് … ഇത് മനുഷ്യന് മാത്രമേ പറ്റൂ എന്ന് പറയാന്‍ വരട്ടെ . നമ്മുടെ അടുത്ത ബന്ധുക്കളായ ചിമ്പാന്‍സികള്‍ ഇക്കാര്യത്തില്‍ നമുക്ക് തൊട്ടു താഴെ വരും .

Related image

ഗവേഷകയായ Jane Goodall ആണ് തന്‍റെ അന്‍പത്തി അഞ്ചു കൊല്ലത്തെ പഠനം കൊണ്ട് ചിമ്പാന്‍സികളുടെ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത് . Gombe Stream ദേശീയോദ്യാനം ടാന്‍സാനിയയിലെ ടാങ്കനിക്ക തടാകത്തിനരികെ കിടക്കുന്ന വനഭൂമിയാണ് . ചിമ്പാസികളും , ബബൂണ്‍ കുരങ്ങുകളും , കൊളോബസ് വാനരന്മാരും നിറഞ്ഞ നിത്യഹരിത വനമാണ് ഗോമ്പേ നാഷണല്‍ പാര്‍ക്ക് .

ചിമ്പന്‍സികളെ കുറിച്ച് പഠിക്കുവാന്‍ Goodall വര്‍ഷങ്ങളോളം ഇവിടെ താമസിച്ചു റിപ്പോര്‍ട്ട് ചെയ്തതിനാല്‍ ഇന്നിവിടം ലോകപ്രശസ്തമാണ് . ചിമ്പുകള്‍ക്ക് തീറ്റ കൊടുത്തും മറ്റും അവറ്റകളുമായി കൂട്ടം കൂടിയ Jane പതുക്കെ ആ വനത്തിലെ ഒരു പ്രത്യേക ഗ്രൂപ്പ് ചിമ്പാന്‍സികളെ മാത്രം ശ്രദ്ധിക്കുവാന്‍ തുടങ്ങി . അവയുടെ എല്ലാ രീതികളും പഠന വിധേയമാക്കിക്കഴിഞ്ഞ ഒരുവേള അവര്‍ ഒരു കാര്യം ശ്രദ്ധിച്ചു . ഒറ്റ കൂട്ടമായി നടന്നിരുന്ന ആ ചിമ്പാന്‍സി കൂട്ടം പതുക്കെ രണ്ടായി പിരിയുവാന്‍ തുടങ്ങിയിരിക്കുന്നു . എന്താണ് കാരണം എന്നത് ഇന്നും അജ്ഞാതമാണ്.

പതുക്കെ രണ്ടായി മാറിയ ആ കൂട്ടം പിന്നീട് താമസം ആ വനത്തിലെ രണ്ടു വിവിധ കോണുകളിലേയ്ക്ക് മാറ്റി . Jane രണ്ടിനും ഓരോ പേരുമിട്ടു . വലിയ ഗ്രൂപ്പ് Kasakela എന്നും ചെറുത്‌ Kahama എന്നും . വലിയ കസാകേല ഗ്രൂപ്പ് വനത്തിന്റെ വടക്ക് ഭാഗത്ത്‌ താവളം ഉറപ്പിച്ചപ്പോള്‍ ചെറിയ സംഘമായ കഹാമ തെക്ക് ദിശയിലേക്ക് തിരിഞ്ഞു .

Image result for chimpanzees violent

കാര്യങ്ങള്‍ അവിടം കൊണ്ട് അവസാനിച്ചില്ല . ഇരു സംഘങ്ങളും പിന്നീട് പരസ്പ്പരം ആക്രമണ പരമ്പര തന്നെ അഴിച്ചു വിട്ടു . ഒറ്റക്ക് കിട്ടുന്ന ശത്രു ഗ്രൂപ്പ്കാരനെ അവര്‍ കൂട്ടം കൂടി ആക്രമിച്ചു മുറിവേല്‍പ്പിച്ചു കൊന്നു കളഞ്ഞു . ഒന്നും രണ്ടും ദിവസങ്ങളല്ല ഇവര്‍ ഇത് തുടര്‍ന്നത് . 1974 മുതല്‍ 1978 വരെ നാല് വര്‍ഷങ്ങളാണ് ഈ ചിമ്പാന്‍സി ഗ്രൂപ്പുകള്‍ തമ്മില്‍ പോരടിച്ചത് !

1974 ജനുവരി ഏഴാം തീയതി ആണ് ആദ്യ ആക്രമണം നടന്നത് . കസകേല ഗ്രൂപ്പിലെ ആറു ആണുങ്ങള്‍ ചേര്‍ന്ന് കഹാമ സംഘത്തിലെ “Godi” എന്ന ആണ്‍ ചിമ്പാന്‍സിയെ ആണ് ആക്രമിച്ചത് . ( എല്ലാ ചിമ്പുകള്‍ക്കും Jane പേര്‍ നല്‍കിയിട്ടുണ്ടായിരുന്നു ). മരത്തില്‍ നിന്നും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ആണ് ഗോഡിയെ ശത്രുക്കള്‍ ആക്രമിച്ചത് . മാരകമായി മുറിവേറ്റ ഗോഡി അവിടെ വെച്ച് തന്നെ മരണപ്പെട്ടു . പിന്നീട് തുടര്‍ച്ചയായി ആക്രമണങ്ങള്‍ നടന്നു . അവസാനം നാല് കൊല്ലങ്ങള്‍ കൊണ്ട് കസകേല ഗ്രൂപ്പ് കഹാമ സംഘത്തെ നാമാവിശേഷമാക്കി കളഞ്ഞു !

കസകേലക്ക് നഷ്ടമായത് ആകെ ഒരു ചിമ്പിനെ മാത്രമാണ് . തോറ്റ കഹാമയുടെ കീഴില്‍ ഉണ്ടായിരുന്ന പ്രദേശങ്ങള്‍ കസകേല സ്വന്തമാക്കി . പക്ഷെ കാര്യങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ല . കസക്കെലക്ക് ഭീഷണിയായി പുതിയ ഒരു ഗ്രൂപ്പ് രംഗത്ത് വന്നു . പേര് Kalande. അംഗസംഖ്യ കൂടുതല്‍ ഉണ്ടായിരുന്ന കലാണ്ടേ ഗ്രൂപ്പിനോട് ജയിക്കാന്‍ കസക്കെലക്ക് കഴിഞ്ഞില്ല . അതിനാല്‍ തന്നെ പുതിയതായി കിട്ടിയ പ്രദേശങ്ങളും വൃക്ഷങ്ങളും കലെണ്ടാക്ക് വിട്ടു കൊടുത്ത് കസക്കേല പഴയ ഉത്തര ദിക്കിലേക്ക് പിന്‍വലിഞ്ഞു .

Image result for chimpanzees violent

യുദ്ധവും വഴക്കുമായി ഗോമ്പേ വനത്തിലെ വടക്ക് ഭാഗത്ത്‌ കസക്കേല സംഘം ഇപ്പോഴും ഉണ്ട് . നമ്മള്‍ നാഷണല്‍ ജ്യോഗ്രഫിക്കല്‍ ചാനലില്‍ മിക്കവാറും കാണുന്ന ചിമ്പാന്‍സികള്‍ കസക്കേല ഗ്രൂപ്പിലെ ഇളം തലമുറക്കാരാണ് . ലോകത്ത് ഏറ്റവും കൂടുതല്‍ പഠന വിധേയമാക്കിയട്ടുള്ളതും ഏറ്റവും അധികം ചിത്രീകരിക്കപ്പെട്ടിട്ടുള്ളതുമായ മൃഗസംഘം കസക്കേല ചിമ്പാന്‍സി ഗ്രൂപ്പ് ആണ് .

ചിമ്പുകളെ കുറിച്ച് ഇപ്പോള്‍ നമുക്ക് അറിയാവുന്ന എല്ലാ കാര്യങ്ങളും കസക്കേല സംഘത്തെ നിരീക്ഷിച്ച് ഗവേഷകര്‍ കണ്ടെത്തിയതാണ് . വൈരവും വിദ്വേഷവും മനുഷ്യന്‍റെ കുത്തകയല്ല എന്ന് തെളിയിച്ചുകൊണ്ട്‌ കസക്കേല ചിമ്പുകള്‍ ഇപ്പോഴും ഗോമ്പേ വനത്തിലെ ഇടതൂര്‍ന്ന മഴക്കാടുകളില്‍ ജീവിക്കുന്നു.