ഋഷി ദാസ്. എസ്സ്.
ചില ധാതുക്കളുടെ പ്രാധാന്യം വർത്തമാനകാലത്തെ അവയുടെ ഉപയോഗത്തിൽ അല്ല , പക്ഷെ ഭാവിയിൽ അവ കൊണ്ട് ഉണ്ടായേക്കാവുമെന്ന ഉപയോഗങ്ങളിലാണ് . എഴുപതുകളിൽ അത്തരം ഒരു മൂലകമായിരുന്നു ലിഥിയം . അന്ന് ആ മൂലകത്തിനു വലിയ ഉപയോഗം ഒന്നും ഇല്ലായിരുന്നു . പക്ഷെ ഇപ്പോൾ ലിഥിയം അയോൺ ബാറ്ററികൾ സാർവത്രികമായതോടുകൂടി ലിഥിയം ലോകത്തെ ഏറ്റവും മൂല്യമേറിയ ഒരു വസ്തുവായി മാറിയിരിക്കുന്നു.
സമ്പന്നരാജ്യങ്ങൾ അവികസിത രാജ്യങ്ങളിലെ ലിഥിയം നിക്ഷേപങ്ങളെ കൈപ്പിടിയിൽ ഒതുക്കാൻ രഹസ്യ യുദ്ധങ്ങൾപോലും പയറ്റുന്നുണ്ട് ഇപ്പോൾ.
അമ്പത് കൊല്ലം മുൻപിലെ ലിഥിയത്തിന്റെ അവസ്ഥ പോലെയാണ് ഇപ്പോൾ തോറിയത്തിന്റെയും അവസ്ഥ. ഇപ്പോൾ തോറിയത്തിന് വിപുലമായ ഉപയോഗങ്ങൾ ഇല്ലെന്നു പറയാം . പക്ഷെ ഭാവിയിൽ തോറിയം ഒരു അതിപ്രധാന വസ്തുവായിത്തീരാനാണ് സാധ്യത.
വളരെ ദുർബലമായി റേഡിയോ ആക്റ്റീവ് ആയ ഒരു ലോഹമാണ് തോറിയം . അറ്റോമിക് സംഖ്യ 90 . പ്ലൂട്ടോണിയത്തിനും യുറാനിയത്തിനും തൊട്ടു താഴെ പിളർത്താവുന്ന ( FISSILE NEUCLEUS ) മൂലകങ്ങളാണ് യൂറേനിയവും , പ്ലൂട്ടോണിയവും. അവയുപയോഗിച്ചു ന്യൂക്ലിയർ റിയാക്റ്ററുകളെ പോലെ വൈദ്യുതി ഉൽപ്പാദിപ്പിക്കാം . വേണമെങ്കിൽ ആണവ ആയുധങ്ങളും നിർമ്മിക്കാം.
ഇവയിൽ പ്ലൂട്ടോണിയം പ്രകൃതിയിൽ സ്വാഭാവികമായി കാണപ്പെടുന്നില്ല . യുറാനിയം ഉപയോഗിക്കുന്ന റിയാക്റ്ററുകളിൽ നിന്നാണ് പ്ലൂട്ടോണിയം ലഭിക്കുന്നത് . യുറാനിയത്തിന്റെ ലഭ്യതയാകട്ടെ തുലോം കുറവാണ് ഭൂമിയിൽ. ഇന്ത്യയിൽ ഇപ്പോൾ ലഭ്യമായ യുറാനിയം ഉപയോഗിച്ച് വർഷം 5000 മെഗാവാട്ട് വൈദ്യുതി പോലും ഉല്പാദിപ്പിക്കാനാവില്ല . ആണവ ഇന്ധനം വലിയ വില നൽകിയും നിയന്ത്രണങ്ങൾ പാലിച്ചും ഇറക്കുമതി ചെയ്യുകയാണ് നാം ഇപ്പോൾ.
തോറിയത്തിന്റെ ഐസോടോപ്പായ Th 232 ഒരു വിളയും ന്യൂക്ലിയസ് ( FERTILE NEUCLEUS ) ആണ്. നേരിട്ട് റിയാക്റ്ററുകളിൽ ഉപയോഗിക്കാനാവില്ലെങ്കിലും ഒരു ന്യൂട്രോൺ പിടിച്ചെടുത്തു Th 232 നു , U 233 ആയി മാറാനാകും U 233 ആകട്ടെ ഒരു പിളരുന്ന ന്യൂക്ലിയസ് ആണ്. അതിനെ റിയാക്റ്ററുകളിൽ ഇന്ധനമായും ബോംബുകളിൽ സ്ഫോടകവസ്തുവായും ഉപയോഗിക്കാം.
ഇതിൽ നിന്നും തന്നെ തോറിയത്തിന്റെ പ്രാധാന്യം മനസ്സിലാക്കാം . യുറാനിയം യഥേഷ്ടം ഉളള രാജ്യങ്ങൾക്ക് തോറിയം ഒരു പ്രശ്നമല്ല.
ഇന്ത്യയുടെ സ്ഥിതി അതല്ല നമുക്ക് യുറാനിയം നിക്ഷേപങ്ങൾ പരിമിതമാണ്. പക്ഷെ ലോകത്തെ ഏറ്റവും വലിയ തോറിയം നിക്ഷേപം നമ്മുടേതാണ്. 9 ലക്ഷം ടൺ തോറിയം നിക്ഷേപം നമുക്കുണ്ടെന്നാണ് അനുമാനം. ഇന്ത്യയുടെ തോറിയത്തിൽ നല്ലൊരു ഭാഗം കേരള കടൽ തീരത്തെ മണലിലാണ് ഒളിഞ്ഞിരിക്കുന്നത്. 10 % വരെ തോറിയം അടങ്ങിയിട്ടുള്ള മണൽ നിക്ഷേപങ്ങൾ കൊല്ലം ആലപ്പുഴ തീരത്തുണ്ട് .
തോറിയം ഇന്ധന സൈക്കിളിൽ അടിസ്ഥാനമായ ആണവ റിയാക്റ്ററുകൾ അടുത്ത രണ്ടു ദശകങ്ങൾക്കുള്ളിൽ പ്രാവർത്തികമാകുമെന്നാണ് അനുമാനം. അപ്പോൾ നമ്മുടെ കടൽതീരത്തെ മണൽ കരിമണൽ അല്ല ബ്ലാക്ക് ഗോൾഡ് തന്നെയായി മാറും .