കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെയും നേതൃത്വം കണ്ടെത്തിയത് മുടിയനായ പുത്രന്റെ തിരിച്ചറിവുപോലെ ഭവിക്കട്ടെയെന്നു പി. എസ്. ശ്രീധരൻ പിള്ള

ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തി യുവതികളെ കടത്തിയതിന് കനത്ത വിലയാണ് കേരളത്തിൽ ലോക് സഭാ തിരഞ്ഞെടുപ്പിൽ നൽകേണ്ടി വന്നത് എന്ന് ഇരു കമ്മ്യൂണിസ്റ്റ്‌ പാർട്ടികളുടെയും നേതൃത്വം കണ്ടെത്തിയത് മുടിയനായ പുത്രന്റെ തിരിച്ചറിവുപോലെ ഭവിക്കട്ടെയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി. എസ്. ശ്രീധരൻ പിള്ള.

വൈകിയെത്തിയ വിവേകം ആത്മാർത്ഥമായ ആത്മപരിശോധനയ്ക്കും തെറ്റ് തിരുത്തലിനും സിപിഎമ്മിനും സിപിഐക്കും ഉപകരിക്കട്ടെയെന്നു ശ്രീധരൻ പിള്ള പ്രസ്താവനയിൽ പറഞ്ഞു. ഒരു കാലത്ത് ഇന്ത്യൻ പാർലമെന്റിലെ അംഗീകൃത പ്രതിപക്ഷമാവാൻ കെല്പുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് ഇന്ന് വെറും ഒരു ശതമാനം വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത് സ്വയംകൃതാനർഥമാണ്. ഇത് തിരിച്ചറിഞ്ഞ സ്ഥിതിക്ക് സ്റ്റാലിനിസവും അക്രമരാഷ്ട്രീയവും സിപിഎം ഉപേക്ഷിക്കണമെന്ന് ബിജെപി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

ഭൂരിപക്ഷസമുദായത്തെ വ്രണപ്പെടുത്തിക്കൊണ്ടുള്ള ന്യൂനപക്ഷ പ്രീണനം ഇടത് കക്ഷികളെ സംബന്ധിച്ച് തിരിച്ചടിയാണെന്ന് ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം വിളിച്ചു പറയുന്നുവെന്നും, കമ്മ്യുണിസ്റ്റ് വിശകലനത്തിൽ ആത്മാർത്ഥതയുണ്ടെന്ന് അവർ ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ ദേശീയതയുടെ അന്തഃസത്തയെ അംഗീകരിക്കുന്നതിനും അന്ധമായ ബിജെപി വിരോധം ഉപേക്ഷിക്കുന്നതിനും ഇടതു കക്ഷികൾ തയാറാകുകയാണ് അവരുടെ നിലനിൽപിന് ആവശ്യമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.