കമോണ്‍ ബ്ലാസ്റ്റേഴ്സ് , നിങ്ങള്‍ക്കത് ചെയ്യാനാകും

കെ.ശ്രീജിത്ത്

കേരള ബ്ലാസ്റ്റേഴ്സ് ഒരു സ്വപ്ന യാത്രയിലാണ്. അസാധ്യമായത് സാധ്യമാക്കാനുള്ള, അസാധ്യതകളില്‍ നിന്ന് സാധ്യതകള്‍ കണ്ടെത്താനുള്ള യാത്ര. ആ യാത്രയില്‍ ഓരോ കളിയും നിര്‍ണായകമാണ്. അതിലൊന്ന് ഇന്ന് കൊല്‍ക്കത്തയ്ക്കെതിരെ അവരുടെ നാട്ടിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടക്കും. ഇതടക്കം ഇനിയുള്ള നാല് കളികളും ജയിച്ചാല്‍ മാത്രമെ ബ്ലാസ്റ്റേഴ്സിന് സെമിഫൈനലിലെത്താന്‍ സാധിക്കുള്ളൂ. എന്നാല്‍ ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കില്‍ ഏത് മലയും കയറാന്‍, ഏത് കടലും കീഴടക്കാന്‍ ബ്ലാസ്റ്റേഴ്സിന് കഴിയും.

കൊല്‍ക്കത്തയുടെ നിലവിലെ ഫോം വെച്ച് നോക്കിയാല്‍ തീര്‍ച്ചയായും ബ്ലാസ്റ്റേഴ്സിന് തന്നെയാണ് സാധ്യത. പ്രത്യേകിച്ചും കഴിഞ്ഞ കളിയില്‍ പൂണെയെ അവരുടെ തട്ടകത്തില്‍ തോല്പിച്ച ബ്ലാസ്റ്റേഴ്സിന്റെ കളി കൂടി കണക്കാക്കുമ്പോള്‍. ഇത്തവണത്തെ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് പൂണെ എന്ന കാര്യം മറക്കരുത്. മുന്നേറ്റനിരയില്‍ സി.കെ.വിനീത് ഉജ്ജ്വല ഫോമിലാണ്. ഗുഡ്ജോണ്‍ ബാള്‍ഡ് വിന്‍സണും കറേജ് പെക്കൂസണും ഇപ്പോള്‍ പുള്‍ഗയും. എല്ലാം കൊണ്ടും സജ്ജമാണ് ബ്ലാസ്റ്റേഴ്സ്. മാത്രമല്ല കളിയോടുള്ള സമീപനത്തിലുണ്ടായ വ്യത്യാസം വളരെ പ്രധാനമാണ്. റെനെ മ്യൂലന്‍സ്റ്റനില്‍ നിന്ന് ഡേവിഡ് ജെയിംസിലെത്തുമ്പോള്‍ ഉണ്ടായിട്ടുള്ള പ്രധാന മാറ്റവും സമീപനത്തിലാണ്. ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ് കളിക്കുന്നത് രണ്ടുംകല്പിച്ചാണ്. ഒന്നുകില്‍ ജയിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന നിലയില്‍. ആക്രമണോത്സുകമായ ആ കളിരീതി തന്നെയാണ് കഴിഞ്ഞ കളികള്‍ ജയിച്ച് അടിമുടി മാറാന്‍ ബ്ലാസ്റ്റേഴ്സിനെ സഹായിച്ചതും.

ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇപ്പോള്‍ ടീമില്‍ ഒരു വിശ്വാസമുണ്ട്, പ്രതീക്ഷയുണ്ട്. സ്വന്തം ടീമിനെക്കുറിച്ച് ഒരു ആത്മവിശ്വാസം അവര്‍ക്ക് തോന്നുന്നുണ്ട്. ഡേവിഡ് ജെയിംസ് അമരത്ത് വന്ന ശേഷം ബ്ലാസ്റ്റേഴ്സ് കളിക്കുന്ന പോസിറ്റീവ് ഫുട്ബോള്‍ തന്നെയാണ് അതിന് കാരണം. മ്യൂലന്‍സ്റ്റീനില്‍ നിന്ന് വ്യത്യസ്തമായി ജെയിംസ് ആക്രമണ ഫുട്ബോളാണ് പ്രോത്സാഹിപ്പിക്കുന്നത്. ഗോളടിക്കുക, ജയിക്കുക. ഇനി ഒന്നും നോക്കാനില്ല, വരുന്നത് വരുന്നിടത്തുവെച്ച് കാണാം എന്ന ശൈലി ഓരോ കളിക്കാരന്റെയും ശരീരഭാഷയിലുണ്ട്. ഈ ഒരു സമീപനം ബ്ലാസ്റ്റേഴ്സിനെ സ്‌നേഹിക്കുന്ന ഓരോരുത്തരെയും ആനന്ദിപ്പിക്കുന്നു. കളിയില്‍ ജയമോ തോല്‍വിയോ ഉണ്ടാകാം. വീരോചിതമായി പോരാടി തോല്‍ക്കുന്ന ഒരു ടീമിന്റെ ആരാധകനാകുന്നതില്‍ ആര്‍ക്കും നാണക്കേടുണ്ടാകില്ല. അഥവാ ജയിച്ചാലോ അതൊരു ബോണസും. എന്നാല്‍ നെഗറ്റീവ് ഫുട്ബോള്‍ കളിച്ച് ടീം തോല്‍ക്കുമ്പോഴാണ് ആരാധകര്‍ നിരോശരാകുന്നത്. അതുതന്നെയാണ് മ്യൂലന്‍സ്റ്റീനോട് അവര്‍ക്കുണ്ടായിരുന്ന വിയോജിപ്പും. പോസിറ്റീവ് ആയ സമീപനമാണ് സ്പോര്‍ട്സില്‍ പ്രധാനം. അത്തരം സമീപനം പിന്തുടരുന്ന ഒരു ടീമിനും ആരാധകരുടെ കുറവുണ്ടായിട്ടില്ല.

ലാക്കിച്ച് പെസിച്ചും കറേജ് പെക്കൂസണും വെസ് ബ്രൗണും ഗുഡ്ജോണ്‍ ബാള്‍ഡ് വിന്‍സണും ദിമിത്തര്‍ ബെര്‍ബറ്റോവും തുടങ്ങി ഇത്തവണ ടീമിലുള്ള ഓരോ വിദേശ താരവും ഒരു പരിധി വരെ മികച്ച കളി തന്നെയാണ് കാഴ്ച വെച്ചിട്ടുള്ളത്. മികച്ച കളി കാഴ്ചവെച്ച കിസീത്തോ പരിക്കേറ്റ് മടങ്ങിയത് നിരാശപ്പെടുത്തുകയും ചെയ്തു. അതേസമയം സിഫ്നിയോസിനെ ടീം തന്നെ ഒഴിവാക്കുകയും ചെയ്തു. ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്‍, ജാക്കിചന്ദ് സിങ്, സി.കെ.വിനീത്, റിനോ ആന്റോ, ലാല്‍റുവാതാര, സിയാം ഹംഗല്‍, മിലന്‍ സിങ്, ലോകെന്‍ മീട്ടെ തുടങ്ങി ഇന്ത്യന്‍ താരങ്ങളും കൈമെയ് മറന്ന് പോരാടുന്നു. ഒപ്പം ദീപേന്ദ്ര നെഗി എന്ന പയ്യന്റെ ചടുലമായ കളി ആരാധകര്‍ക്കുണ്ടാക്കുന്ന ആനന്ദം ഒന്നുവേറെ തന്നെയാണ്. പോള്‍ റെച്ചൂക്കയും സുഭാശിഷ് റായ് ചൗധരിയും ബാറിനുകീഴില്‍ ഉജ്ജ്വല പ്രകടനം തന്നെയാണ് കാഴ്ചവെയ്ക്കുന്നത്. ഒരു ടീമെന്ന നിലയില്‍ ഒത്തൊരുമയോടെ, പരസ്പരം മനസിലാക്കി കളിക്കുന്നു എന്നത് ഡേവിഡ് ജെയിംസിന്റെ സംഭാവനയാണ്. ടൂര്‍ണമെന്റിന്റെ പകുതി ആയപ്പോള്‍ മാത്രം ടീമിനൊപ്പം ചേര്‍ന്ന ഒരു കോച്ചില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കുക വയ്യ. പ്രത്യേകിച്ചും റെനെ ടീം വിടുമ്പോഴുണ്ടായിരുന്ന അവസ്ഥ കൂടി വെച്ചുനോക്കുമ്പോള്‍. ഒരു പ്രതീക്ഷയ്ക്കും വകയില്ലാത്തവിധം വീണുകിടന്നിരുന്ന ടീമിനെ ഈ നിലയില്‍ ഉത്തേജിപ്പിച്ച്, ജയിക്കാന്‍ കഴിയുമെന്ന വിശ്വാസം അവരില്‍ നിറച്ചത് ജെയിംസ് തന്നെയാണ്. ഒന്നും അസാധ്യമല്ലെന്ന് അയാള്‍ അവരെ വിശ്വസിപ്പിച്ചു. പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടാല്‍ ഏതറ്റം വരെയും പോകാമെന്ന വിശ്വാസം ഇപ്പോള്‍ ടീമില്‍ പ്രകടമാണ്. ആ വിശ്വാസം ആരാധകരിലേയ്ക്കും പകരാന്‍ ജെയിംസിനായിട്ടുണ്ട്.

എന്നാലും ചില നിരാശകള്‍ ബാക്കി കിടക്കുന്നുണ്ട്. ഇയാന്‍ ഹ്യൂമിന്റെ പരിക്കാണ് അതില്‍ ആദ്യത്തേത്. ഇനിയുള്ള ഒരു മത്സരത്തിലും അദ്ദേഹത്തിന് കളിക്കാന്‍ കഴിയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങിനെയാണെങ്കില്‍ അത് നിരാശജനകമാണ്. മുന്നേറ്റ നിരയില്‍, പ്രത്യേകിച്ച് വിനീതിന് അതിവേഗം പന്തെത്തിച്ചുകൊടുക്കാന്‍ കഴിയുന്ന ഒരു കളിക്കാരനാണ് ഹ്യൂം. ഒരു ഓള്‍റൗണ്ടര്‍. എവിടെയും ക്ഷണനേരം കൊണ്ട് പാഞ്ഞെത്താന്‍ കഴിയുന്ന അയാളുടെ കുറവ് നികത്താനാകില്ല. പ്രത്യേകിച്ചും കളത്തില്‍ ചില ചെപ്പടിവിദ്യകള്‍ കൂടി കാണിക്കാന്‍ കഴിവുള്ള ഒരാള്‍ കൂടിയാകുമ്പോള്‍. റെനെ മ്യൂലന്‍സ്റ്റീന്‍ പോയി ജെയിംസ് വന്നതിനുശേഷമാണ് ഹ്യൂം സ്വന്തം കളിമികവിലേയ്ക്കെത്തിയതെന്നത് പ്രകടമാണ്. മ്യൂലന്‍സ്റ്റീന്‍ പരിശീലിപ്പിച്ചിരുന്നപ്പോള്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട കളിക്കാരനെപ്പോലെയാണ് ഹ്യൂം കളത്തില്‍ പെരുമാറിയിരുന്നത്. എന്നാല്‍ ജെയിംസ് വന്നതിനുശേഷം ഹ്യൂമിലെ കളിക്കാരനില്‍ പ്രകടമായ മാറ്റമുണ്ടായിട്ടുണ്ട്. ജെയിംസ് വന്നതിനുശേഷം ഒരു ഹാട്രിക്ക് അടക്കം അഞ്ച് ഗോളുകള്‍ അദ്ദേഹം നേടിക്കഴിഞ്ഞു. പക്ഷെ അപ്പോഴാണ് നിര്‍ഭാഗ്യകരമായ പരിക്ക് അദ്ദേഹത്തിനുണ്ടായത്.

അതുപോലെത്തന്നെ നാല് മഞ്ഞക്കാര്‍ഡുകള്‍ കിട്ടിയതിനെത്തുടര്‍ന്ന് ഇന്നത്തെ മത്സരത്തില്‍ പുറത്തിരിക്കേണ്ടിവരുന്ന ക്യാപ്റ്റന്‍ സന്ദേശ് ജിങ്കന്റെ അഭാവവും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. പ്രതിരോധനിരയില്‍ കോട്ട കെട്ടുന്ന, ഒരു ഒറ്റയാള്‍ മതിലായി നില്‍ക്കുന്ന ജിങ്കന്റെ അസാന്നിധ്യം പ്രതിരോധനിരയിലുണ്ടാക്കുന്ന വിടവ് വളരെ വലുതാണ്. ഈ സീസണില്‍ ചില മത്സരങ്ങളില്‍ അദ്ദേഹം ചില പിഴവുകള്‍ വരുത്തിയെങ്കിലും, ചിലപ്പോഴൊക്കെ നിറം മങ്ങിയെങ്കിലും മൈതാനത്തെ അദ്ദേഹത്തിന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. നായകനെന്ന നിലയില്‍ കളിക്കാരെ അവരുടെ പൊസിഷനുകളില്‍ നിരന്തരം പറഞ്ഞുനിര്‍ത്തി കളിപ്പിക്കുന്നതിലും മറ്റും ആ സാന്നിധ്യം ടീമംഗങ്ങളില്‍ കൊണ്ടുവരുന്ന ഉണര്‍വ് വേറിട്ടതാണ്. അതുകൊണ്ടുതന്നെ ഫോമിലാണെങ്കിലും അല്ലെങ്കിലും ജിങ്കന്റെ സാന്നിധ്യം ബ്ലാസ്റ്റേഴ്സിന് നിര്‍ണായകമാണ്. അതാണ് ഇന്നത്തെ മത്സരത്തില്‍ അവര്‍ക്ക് നഷ്ടമാകുന്നത്.

ഇങ്ങിനെ ചില നിരാശകളുണ്ടെങ്കിലും വിജയ യാത്ര തുടരാന്‍ ബ്ലാസ്റ്റേഴ്സിന് അതൊന്നും തടസമാകാനിടയില്ല. പ്രത്യേകിച്ചും സ്പോര്‍ട്സില്‍ നിരന്തരം ജയിച്ചുകൊണ്ടിരിക്കുക എന്നത് ഒരു ശീലമാണെന്നിരിക്കെ. അതൊരു ഒഴുക്കാണ്. ആ ഒഴുക്ക് തടസപ്പെടുത്താന്‍ മാത്രം വലുതല്ല ഈ നിരാശകളൊന്നും. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ തീര്‍ച്ചയായും ബ്ലാസ്റ്റേഴ്സിന്റെ വിജയാരവത്തിനായി തന്നെയാണ് കാത്തിരിക്കുന്നത്. കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തോല്പിച്ച് സെമിഫൈനല്‍ എന്ന ലക്ഷ്യത്തിലേയ്ക്ക് ബ്ലാസ്റ്റേഴ്സ് ഒരു പടി കൂടി അടുക്കും എന്നുതന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അത് സംഭവിക്കാതിരിക്കാന്‍ മാത്രം കാരണങ്ങളൊന്നും ഇപ്പോഴത്തെ അവസ്ഥയില്‍ കാണാനില്ല. അതുകൊണ്ടുതന്നെ കൊല്‍ക്കത്തയിലെ മഞ്ഞുവീണ് തണുത്ത ഈ രാത്രിയില്‍ പോയിന്റ് പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സ് എന്ന പേരിനുനേരെ ജയമെന്ന കോളത്തില്‍ ആറ് എന്ന് രേഖപ്പെടുത്തപ്പെടും എന്ന് നമ്മുക്കുറപ്പിക്കാം.