കമല്‍ ചിത്രത്തില്‍ നായകനായി വിനായകന്‍; ‘പ്രണയമീനുകളുടെ കടല്‍’ ചിത്രീകരണം ഉടന്‍ തുടങ്ങും

വിനായകന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘പ്രണയമീനുകളുടെ കടല്‍’. ലക്ഷദ്വീപിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കമലാണ്. തിരക്കഥ രചിച്ചിരിക്കുന്നത് ജോണ്‍പോള്‍. ഡാനി പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പൂജ കൊച്ചിയില്‍ നടന്നു. മമ്മൂട്ടി മുഖ്യാതിഥിയായ ചടങ്ങില്‍ സംവിധായകരായ ജോഷി, സിദ്ധിഖ്, സിബിമലയില്‍, നിര്‍മാതാക്കളായ സിയാദ് കോക്കര്‍, രഞ്ജിത് തുടങ്ങിയവര്‍ പങ്കെടുത്തു.

വിനായകനൊപ്പം ദിലീഷ് പോത്തനും മറ്റൊരു പ്രധാന കഥാപാത്രം അവതരിപ്പിക്കും. പുതുമുഖങ്ങളായ ഗബ്രി ജോസ്, ഋദ്ധി കുമാര്‍, ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ എന്നിവരാണ് മറ്റ് വേഷങ്ങളില്‍ എത്തുന്നത്. ഷാന്‍ റഹ്മാനാണ് സംഗീതം നിര്‍വഹിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിഷ്ണു പണിക്കര്‍.

ഈ മാസം അവസാനം ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. കിസ്മത്ത് എന്ന ചിത്രത്തിന്റെ സംവിധായകനായ ഷാനവാസ് ബാവക്കുട്ടി സംവിധാനം ചെയ്യുന്ന തൊട്ടപ്പനാണ് വിനായകന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഫ്രാന്‍സിസ് നൊറോണയുടെ അതേ പേരിലുള്ള കഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കുന്നത്.