കനത്ത മഴ വരുന്നു : ജാഗ്രതാ നിര്‍ദേശം നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

പ്രതീകാത്മക മഴചിത്രം

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂലൈ ഒന്ന് രാത്രി 11.30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള കേരള തീരത്ത് 2.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം അറിയിച്ചു.

കേരള തീരത്തോട് ചേര്‍ന്ന് കിടക്കുന്ന സമുദ്ര പ്രദേശത്തും ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. ജൂണ്‍ 30ന് മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും തെക്ക് ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ തീരത്തും ജാഗ്രത നിര്‍ദേശമുണ്ട്.

ജൂലൈ ഒന്നു മുതല്‍ രണ്ടു വരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും തെക്ക് ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ ബംഗാള്‍ ഉള്‍ക്കടലിലും വടക്ക് ബംഗാള്‍ ഉള്‍ക്കടലിലും ജാഗ്രത വേണം. ജൂലൈ നാലു വരെ മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും ,അതിനോടു ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിലും ജാഗ്രത പാലിക്കണം.

തെക്ക് പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്, മത്സ്യതൊഴിലാളികള്‍ ഈ മേഖലകളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദേശം.