കനത്ത മഴ: നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ ഇന്ന് അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക്‌ ജൂലൈ 22 ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി ജൂലൈ 22-ന് അവധിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. കാസര്‍കോട്, കോഴിക്കോട്, കണ്ണൂർ, കോട്ടയം ജില്ലകളിൽ മാത്രമാണ് ഇന്ന് അവധിയുള്ളത്. 

കോഴിക്കോട് ജില്ലയില്‍ പ്ലസ്ടു വരെ എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും  ഇന്ന് ജില്ലാ കലക്ടര്‍  അവധി പ്രഖ്യാപിച്ചു.  അംഗന്‍വാടികള്‍ക്കും കേന്ദ്രീയവിദ്യാലയങ്ങള്‍ക്കും ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ,കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും  അവധി ബാധകമല്ല.

കണ്ണൂര്‍ ജില്ലയില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.  സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.

കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും കലക്ടര്‍  അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാസര്‍കോട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ അവധി പ്രഖ്യാപിച്ചു.