കനത്ത മഴയില്‍ കാസിരംഗ ദേശീയ ഉദ്യാനം വെള്ളത്തില്‍ മുങ്ങി

ഗുവാഹത്തി; കനത്തമഴയെ തുടര്‍ന്ന് വെള്ളത്തില്‍ മുങ്ങി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിന്റെ 90 ശതമാനവും വെള്ളത്തില്‍ മുങ്ങി. മൂന്ന് ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തിന്റേതുള്‍പ്പെടെ 7 മൃഗങ്ങളുടെ ജഡങ്ങള്‍ കൂടി കണ്ടെത്തി.കാസിരംഗയിലെ മുപ്പതോളം മൃഗങ്ങളാണ് ഇതുവരെ പ്രളയത്തില്‍ ചത്തൊടുങ്ങിയത്.

ജലനിരപ്പ് അല്‍പം താഴ്ന്നതോടെയാണ് മൃഗങ്ങളുടെ ജഡങ്ങള്‍ കണ്ടെത്തിയത്. വെള്ളംനിറഞ്ഞതോടെ ദേശീയ പാത 37 മറികടന്ന് മൃഗങ്ങള്‍ ഉയര്‍ന്നസ്ഥലങ്ങളിലേക്ക് നീങ്ങി. ഇതിനിടയില്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ ഇടിച്ചാണ് പല മൃഗങ്ങളും ചത്തത്. ഇതോടെ ഇതുവഴി 40 കിലോമീറ്ററായി വാഹനങ്ങളുടെ വേഗത നിജപ്പെടുത്തി.

വേട്ടക്കാരെ നിരീക്ഷിക്കുന്നതിനായി സ്ഥാപിച്ച 199 ക്യാമ്പുകളില്‍ 155 എണ്ണവും വെള്ളത്തിലായി. യുനെസ്‌കോയുടെ ദേശീയ പൈതൃക പട്ടികയില്‍ ഇടംനേടിയ ഉദ്യാനം ഏറ്റവും കൂടുതല്‍ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളുടെ വാസസ്ഥലം കൂടിയാണ്.