കനത്ത മഴക്ക് ശമനം ; ഇന്ന് റെഡ് അലർട്ട് ഇല്ല 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : മഴയുടെ ശക്തി കുറഞ്ഞതോടെ തിങ്കളാഴ്ച കേരളത്തിലെ ഒരു ജില്ലയിലും റെഡ് അലര്‍ട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 76 ആയി. 58 പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. മഴയ്ക്ക് നേരിയ ശമനമുണ്ടെന്നത് ആശ്വാസം പകരുന്നു. സംസ്ഥാനത്ത് ആകെ 1,654 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്ന് പ്രവര്‍ത്തിക്കുന്നത്. 3 ലക്ഷത്തോളം പേര് ക്യാമ്പുകളിൽ ഉണ്ടെന്നാണ് കണക്ക്.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂന മര്‍ദ്ദനത്തിന് സാധ്യതയുണ്ടെന്നും ചൊവ്വാഴ്ച ന്യൂനമര്‍ദം രൂപപ്പെട്ടേക്കുമെന്നാണ് കേന്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. തീരദേശമേഖലകളില്‍ നല്ല മഴയ്ക്കു സാധ്യതയുണ്ട്. എന്നാല്‍ അതിതീവ്രമഴ ഉണ്ടായേക്കില്ല എന്നുമാണ് അറിയിപ്പ്.

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ 3.1 മുതല്‍ 5.8 കിലോമീറ്റര്‍ വരെ ഉയരത്തിലാണ് ഇപ്പോള്‍ ചുഴി രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറില്‍ ഈ ചുഴി ന്യൂനമര്‍ദ്ദമായി വികാസം പ്രാപിക്കും. ഇതേതുടര്‍ന്ന് വരും മണിക്കൂറുകളില്‍ ഒഡീഷ, ജാര്‍ഖണ്ഡിന്റെ തെക്കന്‍ ഭാഗങ്ങള്‍, ചത്തീസ്ഗഢിന്റെ വടക്കന്‍ ഭാഗങ്ങള്‍, കിഴക്കന്‍ മധ്യപ്രദേശ് എന്നിവിടങ്ങളില്‍ കാര്യമായ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഇതേസമയം കേരളത്തില്‍ പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്നും അറിയിപ്പുണ്ട്.

മഴ കുറഞ്ഞതോടെ പുഴകളില്‍ ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് നീങ്ങിയ സ്ഥലങ്ങളി ആളുകള്‍ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.