കഥ, തിരക്കഥ, ഛായാഗ്രഹണം, സംവിധാനം; ചലച്ചിത്രമേളയില്‍ താരമായി എഴാം ക്ലാസുകാരി തമന്ന


ഫോട്ടോ: ലഞ്ച്‌ബ്രേക്കിന്റെ സംവിധായിക തമന്ന, അഭിനേത്രി തന്‍മയ, അസിസ്റ്റന്റ് ഡയറക്ടര്‍ കൃഷ്ണനന്ദന്‍

തിരുവനന്തപുരം: രണ്ടാമത് കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ താരമായി എഴാം ക്ലാസുകാരി തമന്ന. നിറഞ്ഞ സദസ്സിനു മുന്‍പില്‍ തന്റെ ആദ്യ ചിത്രമായ ‘ലഞ്ച് ബ്രേക്ക്’ പ്രദര്‍ശിപ്പിച്ചതിന്റെ ആഹ്ലാദത്തിലാണ് തമന്ന ഇപ്പോള്‍. മേളയില്‍ മത്സരവിഭാഗത്തിലാണ് ‘ലഞ്ച് ബ്രേക്ക്’ തെരഞ്ഞെടുത്തത്. എട്ടോളം ചലച്ചിത്ര മേളകളിലേയ്ക്ക് ഇതിനോടകം ഈ ഹ്രസ്വചിത്രം തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്. സിനിമയെ വളരെ ഗൗരവമായി സമീപിക്കാന്‍ ഒരുങ്ങുന്നതിന്റെ മുന്നോടിയായാണ് തിരക്കഥയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച ലഞ്ച് ബ്രേക്കുമായി തമന്ന മേളയില്‍ എത്തിയത്.

സിനിമ പാഷനായി തെരഞ്ഞെടുക്കാനുള്ള പ്രചോദനം ഫോട്ടോഗ്രാഫറായ അച്ഛന്‍ അരുണ്‍ സോളാണ്. അദ്ദേഹത്തിന്റെ ക്യാമറയിലൂടെയാണ് തമന്ന സിനിമയെ സ്‌നേഹിച്ച് തുടങ്ങിയത്. സ്‌കൂളിലെ മത്സരത്തിന്റെ ഭാഗമായി ചെയ്ത ലഞ്ച് ബ്രേക്ക് രണ്ടു മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ക്ലാസ്സിലെ കൂട്ടുകാരെ ഉള്‍ക്കൊള്ളിച്ച് ചുറ്റുപാടുമുള്ള രസകരമായ കാഴ്ചകള്‍ മൊബൈല്‍ ഫോണിലൂടെയാണ് പകര്‍ത്തിയിരിക്കുന്നത്. തമന്നയുടെ അനിയത്തി നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ തന്മയയ്‌ക്കൊപ്പം സ്‌കൂളിലെ അധ്യാപികയും വിദ്യാത്ഥികളുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമാ ലോകത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് തന്മയയ്ക്ക്. സിനിമയിലൂടെ നല്‍കുന്ന ആശയങ്ങളാണ് മറ്റേത് മാധ്യമത്തെക്കാളും പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്നതെന്ന് ഈ കുട്ടി സംവിധായിക പറയുന്നു. നടി പാര്‍വതിയും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനും തമന്നയ്ക്ക് പ്രിയപ്പെട്ട സിനിമാക്കാരാണ് .

സനല്‍ കുമാര്‍ ശശിധരന്റ സിനിമയോടുള്ള കാഴ്ചപ്പാടും അവതരണ ശൈലിയും ഏറെ സ്വാധീനം ചെലുത്തിയിട്ടുണ്ട് . സിനിമ ലോകത്തിലേക്കുള്ള തങ്ങളുടെ ചുവടുവെപ്പാണ് നാല് മിനിറ്റ്‌ദൈര്‍ഘ്യമുള്ള ‘ലഞ്ച് ബ്രേക്കിലൂടെ’ തമന്നയും കൂട്ടുകാരും ഉറപ്പുവരുത്തിയിരിക്കുന്നത് .