കഥ കേൾക്കേണ്ട ബാല്യങ്ങൾ

ഡോ. സുരേഷ്. സി. പിള്ള

“അമ്മൂമ്മേ, ഈ പള്ളിവേട്ട എന്നാൽ എന്താ?…..”

“അതേയ്, സതി മോളെ…..ഈ പള്ളിവേട്ടാ ന്നു പറഞ്ഞാൽ, ആനയുണ്ടാവും, വെളിച്ചപ്പാടുണ്ടാവും, തീവെട്ടിയുണ്ടാവും…. നാദസ്വരക്കച്ചേരി ഉണ്ടാവും, പഞ്ചവാദ്യം ഉണ്ടാവും, ആലവട്ടവും, വെഞ്ചാമരവും, ആനപ്പുറത്ത് ഭഗവതീം ഒക്കെ ഉണ്ടാവും.”

അച്ഛൻ പറഞ്ഞുള്ള അമ്മൂമ്മയെ പറ്റിയുള്ള അറിവാണ് ഇത്. അമ്മൂമ്മ എന്ന് പറഞ്ഞാൽ അച്ഛന്റെ അമ്മൂമ്മ. ഏകദേശം അൻപതു വർഷം മുൻപത്തെ കറുകച്ചാലിലെ വീട്ടിലെ കാര്യമാണ്, അച്ഛൻ പറഞ്ഞത്. അച്ഛന്റെ അമ്മാവന്റെ (കൊച്ചമ്മാവൻ) മകളാണ് സതിച്ചേച്ചി. സതിച്ചേച്ചിയുടെ ചെറുപ്പത്തിലേ ഓരോ സംശയങ്ങൾ ആയിരുന്നുവത്രേ, ഇതൊക്കെ. രാവിലെ ചോദിച്ച ചോദ്യം പിന്നെയും ചോദിക്കും.

“അമ്മൂമ്മേ, ഈ പള്ളിവേട്ട… ന്നു വച്ചാൽ എന്താ?…..”

അമ്മൂമ്മ ഒട്ടും ദേഷ്യപ്പെടാതെ കുനിഞ്ഞു നിന്ന്, മുട്ടിൽ രണ്ടു കയ്യും വച്ച് ഒരു മടുപ്പും ഇല്ലാതെ വീണ്ടും മുകളിൽ പറഞ്ഞത് ആവർത്തിക്കുമായിരുന്നത്രെ. ഒരു ദിവസം പലപ്രാവശ്യം സതിച്ചേച്ചി ഇതേ ചോദ്യം ചോദിക്കുമായിരുന്നുവത്രെ… ഓരോ ചോദ്യത്തിനും ചെറിയ മാറ്റങ്ങൾ വരുത്തി രസകരമായ ഓരോ ഉത്തരം കൊടുക്കും. വൈകുന്നേരം കൊച്ചുമക്കളെയും, അവരുടെ മക്കളെയും എല്ലാം കൂട്ടി കിടന്ന് കഥകൾ പറയും. അമ്മൂമ്മയ്ക്ക് കുട്ടികളെ ഉറക്കാനായി പ്രത്യേക ഒരു കഴിവുണ്ടായിരുന്നുവത്രെ. അമ്മൂമ്മ കഥ തുടങ്ങും, ഓരോ ദിവസവും ഓരോ കഥകൾ. പക്ഷെ കഥയുടെ അവസാനം ഒന്നായിരിക്കും.

അതെങ്ങനെ എന്നാവും ഇപ്പോൾ ആലോചിക്കുക. ഇതാ അമ്മൂമ്മയുടെ ഒരു കഥ കേട്ടുകൊള്ളൂ, “ഒരിടത്തൊരിടത്ത് ഒരു രാജാവുണ്ടായിരുന്നു. ഒരിക്കൽ വലിയ ക്ഷാമം ഉണ്ടാകാൻ പോകുന്നുവെന്ന്, കൊട്ടാരത്തിലെ പണ്ഡിതൻ പറഞ്ഞു, അപ്പോൾ രാജാവ് ഉറുമ്പുകളുടെ രാജാവിനോട് സങ്കടം പറഞ്ഞു.”
“ഉറുമ്പുകളുടെ രാജാവ്, രാജ്യത്തുള്ള ധാന്യങ്ങൾ (നെല്ല്) മുഴുവനായി കൊട്ടാരത്തിൽ എത്തിക്കാം എന്ന് ഏറ്റു.” ” അങ്ങിനെ കോടാനുകോടി ഉറുമ്പുകൾ ഓരോന്നായി ധാന്യമണികൾ കൊണ്ട് കൊട്ടാരത്തിലേക്ക് പോകാനായി അണിനിരന്നു.”
“ആദ്യത്തെ ഉറുമ്പു വന്നു ഒരു നെല്ലെടുത്തു പോയി….”
“രണ്ടാമത്തെ ഉറുമ്പു വന്നു ഒരു നെല്ലെടുത്തു പോയി…..”
“മൂന്നാമത്തെ………………”

ഇടയ്ക്ക് പറയുന്നതിന്റെ ട്യൂൺ മാറ്റും. അങ്ങിനെ ഏകദേശം പത്തു വരെ പറയുമ്പോളേക്കും എല്ലാവരും ഉറങ്ങി ക്കഴിയും. ഓരോ ദിവസവും കഥകൾ മാറും പക്ഷെ, കഥയുടെ അവസാനം നെൽമണികളുമായി ഉറുമ്പ് പോയിരിക്കും. അതിന്റെ ഗുണമെന്താണെന്നു വച്ചാൽ ഈ കഥയ്ക്ക് അന്ത്യമില്ല. കുട്ടികൾ ഉറങ്ങുന്നവരെ പറഞ്ഞു കൊണ്ടിരിക്കാം. എന്റെ കുട്ടിക്കാലത്ത് വീട്ടിൽ TV ഇല്ലായിരുന്നു. ഒരു റേഡിയോ ഉള്ളത് ഇടയ്ക്കൊക്കെ കേടാവും. അന്നൊക്കെ സമയം പോകാനായി വൈകുന്നേരങ്ങളിൽ അച്ഛൻ കഥകൾ പറയുമായിരുന്നു.

അച്ഛന്റെ ചെറുപ്പകാലത്തെ കഥകൾ, അമ്മൂമ്മയുടെ കഥകൾ, തമാശക്കഥകൾ, ഗുണപാഠങ്ങൾ എന്നിങ്ങനെ. സന്തോഷം വന്നാൽ കഥ, വിഷമങ്ങൾ വന്നാൽ കഥ അങ്ങിനെ ചെറുപ്പകാലങ്ങൾ ഒട്ടും ബോറടിച്ചിട്ടില്ല. കൂട്ടുകാരും, കസിൻസും, ബന്ധുക്കളും ഒക്കെയായി എപ്പോളും തിരക്കായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ ഒന്നും കൂട്ടിനില്ലായിരുന്നു. പാടവും, കുളവും, അരുവിയും (തോട്), കിളികളും, കോഴികളും, പൂച്ചയും ഒക്കെയായി സമയം കളയാൻ ഒരു പ്രയാസവും ഇല്ലായിരുന്നു.

പുതു തലമുറയിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം എല്ലാവരുംപരാതി പറയുന്നത്, അവരുടെ ‘ഇലക്ട്രോണിക് ഉപകരണങ്ങൾ (Smart phone, tablet etc)’ കൊണ്ടുള്ള അമിത ഉപയോഗത്തെ പറ്റിയാണ്. നേരത്തെ ഉണ്ടായിരുന്ന കാര്യങ്ങൾ ഒന്നും നമുക്ക് നഷ്ടമായിട്ടില്ല, പുഴകൾ അവിടെയുണ്ട്, കിളികൾ ഉണ്ട്, ഓലപ്പന്തു കേട്ടാൽ ഓല യുണ്ട്….. പക്ഷെ ഇല്ലാത്തത് സമയമാണ്. അല്ലെങ്കിൽ സമയം കണ്ടെത്താ ത്തത് ആണ്.കുട്ടികൾക്ക് നൽകാവുന്ന ഏറ്റവും വലിയ സമ്മാനം നമ്മുടെ സമയം ആണ്.

പ്രശസ്ത എഴുത്തുകാരനായ Anthony P. Witham ഒരിക്കൽ പറഞ്ഞു
“children spell love as “T-I-M-E”. അതായത് കുട്ടികളെ സംബന്ധിച്ച് സ്നേഹത്തിന്റെ സ്പെല്ലിങ് ‘L-O-V-E’ എന്നല്ല ‘T-I-M-E’ എന്നാണ്. നിങ്ങൾ കുട്ടികളെ എങ്ങിനെ സ്നേഹിക്കുന്നു എന്നാൽ അവരുടെ കൂടെ എങ്ങിനെ സമയം ചിലവഴിക്കുന്നു എന്നാണ്.

നമുക്ക് സമയം ഉള്ളപ്പോൾ ഒക്കെ അവരോട് കഥകൾ പറയാം, തമാശകൾ പറയാം, സൈക്കിൾ ചവിട്ടാൻ കൂടെ പോകാം, നീന്തൽ പഠിപ്പിക്കാം, കൂടെ ഫുട്ബോൾ കളിക്കാം, ഒരുമിച്ചു യാത്രകൾ ചെയ്യാം, നമ്മളുടെ അനുഭവങ്ങൾ പറയാം, കുക്കിങ്ങിൽ കൂടെ കൂട്ടാം, അങ്ങിനെ കൂടെ ചെയ്യാൻ എത്ര കാര്യങ്ങൾ ഉണ്ട്?
അൽപ്പം സമയം കണ്ടെത്തിയാൽ അവർക്ക് ബോറടി ഉണ്ടാവില്ല. ബോറടിക്കുന്നതു കൊണ്ടാണ് കുട്ടികളുടെ ശ്രദ്ധ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്ക് തിരിക്കുന്നത്, എപ്പോളും സ്മാർട്ട് ഫോൺ (ടാബ്ലറ്റ്) പിടിച്ചു കൊണ്ടിരിക്കുന്നത്. കുട്ടികൾക്കായി എങ്ങിനെയാണ് സമയം കണ്ടെത്തുന്നത്?

1. അവരുടെ കൂടെ അവർക്കിഷ്ടമുള്ളത് ചെയ്യാം.
ഉദാഹരണത്തിന് സൈക്കിൾ ചവിട്ടാൻ പോകാം, ഏണിയും പാമ്പും കളിക്കാം, ചെസ്സ് കളിക്കാം, കൊച്ചു കുട്ടികൾ ആണെങ്കിൽ ‘ഒളിച്ചേ പാത്തെ’ കളിക്കാം, ക്രിക്കറ്റ് അല്ലെങ്കിൽ ഫുട്ബോൾ കളിക്കാം. ഒരു ദിവസം 23.30 മണിക്കൂർ നമ്മളുടെ ആവശ്യത്തിനായി മാറ്റി വച്ചിട്ട്, അര മണിക്കൂർ കുട്ടികൾക്കു മാത്രമായി മാറ്റി വയ്ക്കാം. ശനിയോ, ഞായറോ, അവധി ദിവസങ്ങൾ ഒക്കെ അത് ഒരു മണിക്കൂർ ആക്കാം. ആ ദിവസങ്ങളിൽ അവരുടെ കൂടെ പാർക്കിൽ പോകാം, പാട വരമ്പത്തു കൂടി നടക്കാം, കിളികളോട് സംസാരിക്കാം…..

2. അവരെ നമ്മളുടെ ജോലിയിൽ സഹായിക്കാൻ കൂട്ടാം.
ഗാർഡനിൽ ജോലി ചെയ്യുമ്പോൾ കൂടെ കൂട്ടാം, അടുക്കളയിൽ കറികൾക്ക് അരിയിപ്പിക്കാം, ഇതൊക്കെ ചെയ്യുമ്പോൾ അവർക്കായി ചെറിയ reward കൊടുത്താൽ വലിയ സന്തോഷമാകും.
3. വിശ്രമ സമയങ്ങൾ അവരുടെ കൂടെയാകാം. ജോലി കഴിഞ്ഞുള്ള വിശ്രമ സമയങ്ങൾ കുട്ടികളോടൊത്തു ചിലവഴിക്കാം.

4. അവധി ദിവസങ്ങളിൽ ഫാമിലി quiz കോംപെറ്റീഷൻ നടത്താം.

5. കാറിൽ കുട്ടികളുമായി യാത്രകൾ പോകുമ്പോൾ FM റേഡിയോ യും, പാട്ടും ഒക്കെ ഓഫ് ചെയ്ത് അവരോടു സംസാരിക്കാം. കളികൾ കളിക്കാം. സിനിമാ പേരോ, അന്ത്രാക്ഷരിയോ ഒക്കെ കളിക്കാം. അവരോട് കഥകൾ പറയാം, അനുഭവങ്ങൾ, തിരിച്ചടികൾ, അപകടങ്ങൾ, ചതിവുകൾ പറ്റിയത്, പരാജയങ്ങൾ ഇവയൊക്കെ ബോറടിപ്പിക്കാതെ യാത്രയിൽ പറയാം.

നമ്മൾ കുട്ടികളോട് കൂടുതൽ സംസാരിക്കും തോറും, അവർ കൂടുതൽ കാര്യങ്ങൾ പഠിക്കും. നമ്മൾ വെട്ടിപ്പിടിച്ച ഔദ്യോഗിക പദവികളോ, ബാങ്ക് അക്കൗണ്ടുകളോ, ക്ലബ് മെമ്പർഷിപ്പുകളോ ഒന്നുമാവില്ല അവർ ഓർത്തിരിക്കുന്നത്, നമ്മൾ പറഞ്ഞ കഥകൾ, നമ്മളോടുകൂടി ചിലവഴിച്ച നിമിഷങ്ങൾ, യാത്രകൾ ഇവയൊക്കെയാവും അവരുടെ ഓർമ്മയിൽ.

ചെറുതെന്ന് നമ്മൾ വിചാരിക്കുന്ന പല കാര്യങ്ങളും അവർക്ക് വിലപ്പെട്ട അനുഭവങ്ങൾ ആകാം. അമേരിക്കൻ എഴുത്തുകാരനായ Gary Edward (“Garrison” Keillor) പറഞ്ഞത്. ഒന്നു കൂടി ഓർമ്മിപ്പിക്കട്ടെ കുട്ടികളുടെ മനസ്സിൽ ‘സ്നേ-ഹം’ എന്നെഴുതാനാണ് ഉദ്ദേശം എങ്കിൽ അതിന്റെ ലിപിവിന്യാസം ‘സ-മ-യം’ എന്നാണ്. അതായത് നിങ്ങൾ അവർക്കായി ചിലവഴിക്കുന്ന സമയം, അതാണ് സ്നേഹത്തിന്റെ നിർവ്വചനം.