കഥാകാരി അഷിതയുടെ കഥ സങ്കീർണമാകുന്നു

കഥാകാരിക്ക് ഭ്രാന്തായിരുന്നു എന്ന് സഹോദരൻ; 

വെറും ‘കുടുംബന്യായം’ മാത്രമെന്ന് ചുള്ളിക്കാട് 

അന്തരിച്ച കഥാകാരി അഷിത അവരുടെ വായക്കാരുടെ മനസ്സിൽ സങ്കടങ്ങളുടെ ഒരു കടലവശേഷിപ്പിച്ചിട്ടാണ് പോയത്. അവരുടെ ജീവിതവും മരണവും പറഞ്ഞു തീരാത്ത  മറ്റൊരു കഥയാവുകയാണിപ്പോൾ.ഒരുപക്ഷെ  സർഗ്ഗവഴിയിലേക്ക് ഇറങ്ങുന്ന സ്ത്രീകൾ കുടുംബങ്ങൾക്കുള്ളിൽ (സമൂഹത്തിലും)  അനുഭവിക്കേണ്ടി വരുന്ന തീഷ്‌ണ പ്രതിക്രിയകളെക്കുറിച്ചുള്ള ഓർമപ്പെടുത്തലായി മാറുന്നു അവരെക്കുറിച്ചുള്ള ഈ വായനകൾ.   

അഷിതയുടെ സഹോദരൻ സന്തോഷ് നായർ പറയുന്നു അവർ സ്കിസോഫ്രേനിയ എന്ന രോഗബാധിതയായിരുന്നു എന്ന്. മരിക്കുന്നതിന് തൊട്ടുമുൻപ്  അവർ ‘മാതൃഭൂമി’ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞിട്ടുള്ള കുടുംബം അവരോട് നിഷ്ടൂരമായി പെരുമാറിയെന്ന ആരോപണം രോഗബാധിതമായ മനസിന്റെ സൃഷ്ടികൾ മാത്രമാണെന്ന്.

പഠിക്കുന്ന കാലത്ത് എറണാകുളം മഹാരാജാസ് കോളജിൽ അവർക്കൊപ്പമുണ്ടായിരുന്ന കവി ബാലചന്ദ്രൻ ചുള്ളിക്കാട് തിരിച്ചടിക്കുന്നു: ‘മിസ്റ്റർ സന്തോഷ് നായർ, നിങ്ങളല്ല, ഞാനായിരുന്നു അഷിതയ്ക്കു സഹോദരൻ. നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു’…

‘ദേശാഭിമാനി’യിൽ പ്രസിദ്ധീകരിച്ച സന്തോഷ് നായരുടെ കുറിപ്പും അതിനല്ല ബാലചന്ദ്രൻ ചുള്ളിക്കാടിന്റെയും മറുപടിയും സാമൂഹികമാധ്യമങ്ങളിലും വായനസമൂഹത്തിലും വലിയ ചർച്ചയാവുകയാണ്. 

സന്തോഷ് നായരുടെ കുറിപ്പ്: 

ഈയിടെ അന്തരിച്ച സാഹിത്യകാരി ആഷിതയുടെ സഹോദരനാണ് ഞാന്‍. അഷിതയുടെ അവസാനനാളുകളില്‍ അവരുമായി നടത്തിയ അഭിമുഖമെന്ന പേരില്‍ ഒരു അഭ്യുദയകാംക്ഷിയുടെ  ലേഖനങ്ങളും അഭിപ്രായങ്ങളും വന്നിരുന്നു. അവയുടെ ഉള്ളടക്കമെല്ലാം തന്നെ വളരെ കാലം മുമ്പ് മരിച്ചുപോയ ഞങ്ങളുടെ അച്ഛനേയും തൊണ്ണൂറുവയസ്സുള്ള അമ്മയേയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. 
മലയാളത്തിലെ ഒരു പ്രസിദ്ധീകരണത്തില്‍, അഷിത മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് അഭിമുഖം പുറത്തുവന്നത്. സ്വന്തം കുടുംബത്തിനെക്കുറിച്ച് വളരെ മോശമായ രീതിയില്‍ പറയുമ്പോള്‍, അതിന്റെ
 

സത്യാവസ്ഥ അറിയാനുള്ള ശ്രമം പോലുമില്ലാതെ ഒരാള്‍ എഴുതിയത് ആ പ്രസിദ്ധീകരണം അച്ചടിച്ചുവിട്ടു. മാത്രമല്ല, അഷിത മരിച്ച ഉടന്‍, ചിതയടങ്ങുന്നതോടൊപ്പം തന്നെ, ലേഖകന്‍  മറ്റനേകം പ്രസിദ്ധീകരണങ്ങളില്‍ കൂടി അത് പ്രസിദ്ധീകരിച്ചു. കേരളത്തിലെ സാഹിത്യകാരികള്‍ നേരിടുന്ന പീഡനങ്ങളും ദുരിതങ്ങളും തുറന്നുകാണിച്ച് അതിനെതിരെ ശബ്ദമുയര്‍ത്തുന്ന ലേഖകന് അഷിത മരിച്ചതോടെ ആ ലേഖനങ്ങളുടെ പേരില്‍ കുറച്ചെങ്കിലും പ്രശസ്തി നേടുവാനായിക്കാണും. എന്നാല്‍ യാഥാര്‍ത്ഥ്യം എത്രയോ വ്യത്യസ്തമാണ്.

ആ ലേഖനത്തിലെ ഉള്ളടക്കം ഞെട്ടിച്ചത് ഞങ്ങള്‍ കുടുംബക്കാരെ മാത്രമല്ല, അഷിതയുടെ കൂടെ വളര്‍ന്നവര്‍, സുഹൃത്തുക്കള്‍, അഷിതയെ ചികിത്സിച്ച ഡോക്ടര്‍മാര്‍, പരിചയക്കാര്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരെ കൂടിയായിരുന്നു. ആ ലേഖനം കണ്ട് അഷിതയെ കുട്ടിക്കാലം മുതല്‍ അറിയാവുന്നവരില്‍ പലരും ഞങ്ങളെ വിളിച്ച് നടുക്കവും നിരാശയും അറിയിച്ചു. 
അഷിതയുടെ മാനസികപ്രശ്നങ്ങള്‍, സമ്മര്‍ദ്ദം, മാനസികാവസ്ഥ, മാനസികാഘാതം എന്നിവയെക്കുറിച്ചോ ആസന്നമായ ദുരന്തത്തെക്കുറിച്ചോ പ്രത്യാഘാതങ്ങളെക്കുറിച്ചോ യാതൊരു ചിന്തയുമില്ലാതെയാണ് അത് പ്രസിദ്ധീകരിച്ചത്. അഷിതയെ അറിയാവുന്നവരോട് ഇക്കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനോ പ്രാഥമികാന്വേഷണം നടത്താനോ മുതിരാതെയാണ് ആ ലേഖകനും മാധ്യമവും ലേഖനം തിരക്കുപിടിച്ച് പ്രസിദ്ധീകരിച്ചത്.

അഷിതയുടെ പ്രശ്നങ്ങള്‍ ഇക്കാലമത്രയും കുടുംബത്തിനകത്തുതന്നെ ഒതുക്കിവെക്കാനായിരുന്നു നാല്‍പ്പത് വര്‍ഷത്തിലധികമായി ഞങ്ങള്‍ ശ്രമിച്ചത്. കാരണം അഷിതയുടെ പേരും പ്രശസ്തിയും അതര്‍ഹിക്കുന്നതുമാണ്.

സാധാരണക്കാരായ ഏതൊരു മാതാപിതാക്കളും നല്‍കുന്ന ശ്രദ്ധയും പരിചരണവും  തന്നെയാണ് ഞങ്ങളുടെ അച്ഛനുമമ്മയും ഞങ്ങള്‍ക്ക് നല്‍കിയിരുന്നത്. അസുഖം ആരംഭിച്ചതു മുതല്‍ സ്നേഹവും കരുതലും ഏറെ ലഭിച്ചിരുന്നത് അഷിതയ്ക്കാണ്. 

സാധാരണക്കാരായ ജനങ്ങളും ആദരവും ബഹുമാനവും അര്‍ഹിക്കുന്നുണ്ട്. ഞങ്ങളുടെ വളരെ സാധാരണക്കാരായ മാതാപിതാക്കള്‍ അവരുടെ ജീവിതം മുഴുവന്‍ മക്കള്‍ക്കുവേണ്ടി ജീവിച്ചവരാണ്. 
മതിഭ്രമത്തേയും മായക്കാഴ്ചകളേയും വളച്ചൊടിച്ച് ഭാവനയുടെ ലോകം സൃഷ്ടിച്ച് അവരെ കൊള്ളരുതാത്തവരാക്കി മാറ്റിയെങ്കിലും അവര്‍ക്ക് നഷ്ടപ്പെടുത്തിയ മൂല്യങ്ങളും ആദരവുമെല്ലാം തിരിച്ചുപിടിക്കേണ്ടതുണ്ട്.
കൗമാരത്തില്‍ തന്നെ അഷിതയ്ക്ക് കടുത്ത സ്‌കിസോഫ്രീനിയ രോഗം പടിപെട്ടിരുന്നു, ഗൗരവമായ ചികിത്സയിലുമായിരുന്നു. അതിന്റെ സൂചനകള്‍ ലഭിക്കുന്നത് എഴുപതുകളുടെ തുടക്കത്തില്‍ അഷിത പാലക്കാട്  വിക്ടോറിയ കോളെജ് ഹോസ്റ്റലില്‍ കഴിയുന്ന സമയത്താണ്. പെരുമാറ്റത്തില്‍ ചില അസാധാരണത്വം കണ്ടതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ക്ക് ഹോസ്റ്റലില്‍ നിന്ന് മാറ്റേണ്ടിവന്നു. ഇടയ്ക്കിടെ അക്രമണവാസനയും പരസ്പരബന്ധമില്ലാത്ത സംസാരവും സ്ഥലകാലബോധമില്ലായ്മയും തുടങ്ങിയതോടെ മാതാപിതാക്കള്‍ ഉടനെ ചികിത്സയ്ക്കായി മുംബെയിലേക്ക് തിരികെ കൊണ്ടുപോയി. അവരുടെ സമ്പാദ്യത്തില്‍ നല്ലൊരു ഭാഗം ചെലവിട്ടത് അഷിതയുടെ ചികിത്സയ്ക്കു വേണ്ടിയായിരുന്നു.
അഷിത പറഞ്ഞതു പോലെ ഞങ്ങള്‍ ഒരിക്കലും ഒരു മാനസികാരോഗാശുപത്രിയില്‍ അഷിതയെ പ്രവേശിപ്പിച്ചിട്ടില്ല. പേരുകേട്ട മനോരോഗവിദഗ്ധരുടെ ക്ലിനിക്കിലായിരുന്നു ചികിത്സ. അച്ഛനോ അമ്മയോ അല്ലെങ്കില്‍ ഞാനോ എപ്പോഴും അഷിതയോടൊപ്പമുണ്ടായിരുന്നു. ഒരു മാനസികരോഗാശുപത്രിയില്‍ ഉപേക്ഷിക്കാനുള്ള ശ്രമം സംബന്ധിച്ച കഥ അടുത്തിടെ ഉണ്ടായ ഒരു ഭാവനാസൃഷ്ടിയാണ്. 
സ്‌കിസോഫ്രീനിയ മൂലം മനസ്സില്‍ രൂപമെടുത്ത ചില തെറ്റായ ധാരണകളും കാഴ്ചപ്പാടുകളുമെല്ലാം അഷിതയില്‍ അവനവനോട് തന്നെ സഹതാപവും ആത്മാനുകമ്പയും സൃഷ്ടിച്ചു. അഷിത എല്ലായ്പ്പോഴും ജീവിച്ചിരുന്നത് യാഥാര്‍ത്ഥ്യത്തിലും ഭാവനയിലുമുള്ള രണ്ടുലോകങ്ങളിലാണ്. ഇവ രണ്ടിനേയും പലപ്പോഴും വേര്‍തിരിച്ചറിയാന്‍ അഷിതയ്ക്ക് സാധിച്ചിരുന്നില്ല.
ഓരോ നിമിഷത്തിലും ഈ മതിഭ്രമത്തിന്റെ തീവ്രത, അസാധാരണമായതും അതേസമയം കാലാകാലങ്ങളില്‍ മാറിക്കൊണ്ടിരിക്കുന്നതുമായ ചില തീരുമാനങ്ങളില്‍ അഷിതയെ എത്തിച്ചിരുന്നു.
കുടുംബാംഗങ്ങളെക്കുറിച്ച് ലേഖനത്തില്‍ സൂചിപ്പിച്ച എല്ലാ കാര്യങ്ങളും തീര്‍ത്തും അബദ്ധവും അതിശയോക്തിപരവുമാണ്. പലപ്പോഴും നിയന്ത്രണം വിട്ടിരുന്ന അഷിതയുടെ മനസ്സും ചിന്താഗതികളും ആത്മസഹതാപത്തെ ന്യായീകരിക്കാനും ദൈനംദിനസംഭവങ്ങള്‍ ഊതിവീര്‍പ്പിച്ച് പര്‍വതീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി നടന്നതാണെന്ന് തോന്നുന്നു.

ഉദാഹരണമായി:
1) ഒരിക്കല്‍ മുംബൈനഗരത്തില്‍, ക്ലിനിക്കിലേക്ക് പോകുന്ന സമയത്താണെന്നാണ് എന്റെ ഓര്‍മ,  ബസില്‍ നിന്ന് അഷിത ഇറങ്ങി. പക്ഷേ ഞങ്ങളുടെ അച്ഛന്‍ ഇറങ്ങുന്നതിനു മുന്‍പ് ബസ് വിട്ടു. തൊട്ടടുത്തുള്ള ട്രാഫിക് ലൈറ്റിലിറങ്ങി അച്ഛന്‍ അഷിതയുടെ അടുത്തേക്ക് വന്നു. 
അഷിതയ്ക്ക് അന്ന് പതിനേഴ് വയസ്സായിരുന്നെന്ന് ഓര്‍ക്കണം. 
ഈ സംഭവമാണ് 50 വര്‍ഷങ്ങള്‍ക്ക് ശേഷം മനഃപൂര്‍വമായി വഴിയില്‍ ഉപേക്ഷിക്കാനുള്ള ശ്രമമായി പറയുന്നത്. അഷിത പോലും മുമ്പെവിടെയും ഇക്കാര്യം സൂചിപ്പിച്ച് കണ്ടിട്ടില്ല.
2) ഡല്‍ഹിയിലെ ശൈത്യകാലത്ത് അഞ്ചു വയസ്സുള്ള അഷിതയെ പാല്‍ വാങ്ങാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ച് അയച്ചുവെന്ന കഥ അഷിതയുടെ മതിഭ്രമത്തിന് മറ്റൊരു ഉദാഹരണമാണ്. കേവലം അഞ്ചുവയസ്സുമാത്രം പ്രായമുള്ള കൊച്ചു പെണ്‍കുട്ടിയെ കൊടുംതണുപ്പില്‍ പാല്‍വാങ്ങാന്‍ അയയ്ക്കുന്നതുതന്നെ കേട്ടുകേള്‍വിയില്ലാത്തതും അസാധാരണവുമാണ് പാല്‍ ബൂത്തിലേക്ക് പറഞ്ഞയച്ചുവെന്നതും. 60 കളുടെ ആരംഭത്തില്‍ ഡല്‍ഹിയില്‍ പാല്‍ ബൂത്തുകളും പാല്‍ക്കുപ്പികളുമുണ്ടായിരുന്നില്ല. 
അക്കാലത്ത് ഡല്‍ഹിയില്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള കറവക്കാര്‍ പശുക്കളുമായി വീടുകളിലെത്തി പാല്‍ വിതരണം ചെയ്യുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്.
പിന്നെയും ഒരു ദശാബ്ദം കഴിഞ്ഞപ്പോള്‍, ഞങ്ങള്‍ മുംബൈയിലെ ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന കാലത്താണ്  വീടിനു സമീപം പാല്‍ബൂത്തു വരുന്നത്. ഞങ്ങള്‍ ബൂത്തില്‍ കാലിക്കുപ്പികള്‍ നല്‍കി പാല്‍ വാങ്ങിയിരുന്നു.

അഷിതയുടെ മനസിന് സ്ഥലകാലബോധം നഷ്ടപ്പെട്ടിരുന്നു. എഴുത്തുകാരന് അത് കണ്ടെത്താനും സത്യാവസ്ഥ തിരിച്ചറിയാനുമുള്ള സമയം  ലേഖനം പ്രസിദ്ധീകരിക്കാനുള്ള തിരക്കില്‍ കിട്ടിയിട്ടുണ്ടാവില്ല.

3) എന്റെ മാതാപിതാക്കള്‍ എല്ലായ്പ്പോഴും അഷിതയെ എഴുതാന്‍ പ്രോത്സാഹിപ്പിച്ചു. അതവര്‍ക്ക് സാഹിത്യവാസനയുള്ളതുകൊണ്ടോ അവര്‍ സാഹിത്യാസ്വാദകരായതു കൊണ്ടോ അല്ല, മറിച്ച് സ്‌കീസോ
ഫ്രീനിയയ്ക്ക് ഒരുപക്ഷേ ഒരു പരിധിവരെ പരിഹാരമായേക്കാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുകൊണ്ടാണ്. യഥാര്‍ത്ഥത്തില്‍, ആ നിര്‍ദ്ദേശം ഫലം കണ്ടുതുടങ്ങിയപ്പോള്‍ അവര്‍ ആശ്വസിച്ചിരുന്നു. പക്ഷേ ആ മാറ്റം ഉപരിതലത്തില്‍ മാത്രമായിരുന്നുവെന്ന് അവര്‍ക്ക് മനസ്സിലാക്കിയില്ലെന്നു മാത്രം.

4) അച്ഛന്‍ തന്നെയാണ് എല്ലാ പ്രയത്നവുമെടുത്ത് അഷിതയുടെ വിവാഹം നടത്തിയത്. ഹോങ്കോങില്‍ പരിമിതമായ വേതനത്തില്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന എന്നെ അഷിതയുടെ വിവാഹത്തില്‍ പങ്കുകൊള്ളാന്‍ അച്ഛന്‍ നിര്‍ബന്ധിച്ചു വരുത്തി. ജോലിയില്‍ നിന്ന് വിരമിച്ചതുകൊണ്ട് തന്റേയും എന്റേയും പരിമിതമായ സമ്പാദ്യം കൊണ്ടാണെങ്കിലും അച്ഛനത് ഭംഗിയായി നടത്തി. അഷിതയ്ക്ക് ആരുമില്ലെന്ന തോന്നലുണ്ടാവരുത്. എല്ലാവരുമുണ്ടാകണം. അഷിത ഒറ്റയ്ക്കാവരുതെന്നാകാം അച്ഛന്‍ ആഗ്രഹിച്ചത്.
അഷിത അന്ന് എന്നോട് പറഞ്ഞത് ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. രണ്ടുപേരോട് അഷിതയെപ്പോഴും നന്ദിയുള്ളവളായിരിക്കുമെന്ന്. ഒന്ന് ഞങ്ങളുടെ അച്ഛനോടും മറ്റൊന്ന് ഭര്‍ത്താവിനോടും.

5) ഒരിക്കല്‍ കമലാ ദാസിനെ അനുകരിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ അച്ഛനമ്മമാര്‍ അഷിതയെ ശാസിച്ചുവെന്നത് സത്യം തന്നെയാണ്. ഞങ്ങളുടെ മാതാപിതാക്കള്‍ യാഥാസ്ഥിതികരായിരുന്നു. അവരുടെ മകള്‍ കമലദാസിനെ പോലെ തുറന്നെഴുതുന്ന ഒരാളെ റോള്‍ മോഡല്‍ ആക്കുന്നത് ചിന്തിക്കാന്‍ പോലും ആവില്ലായിരുന്നു. എന്നാലും അവര്‍ പെണ്‍മക്കളുടെ നേരെ ഒരിക്കലും കൈയുയര്‍ത്തിയിട്ടില്ല. 
6) ഹോസ്റ്റലില്‍ നിന്നും മാറേണ്ടി വന്ന ശേഷം മുംബെയില്‍ പോകുന്നതുവരെ മുത്തശ്ശിയുടേയും  ചെറിയമ്മയുടേയും കൂടെയായിരുന്നു  അഷിത താമസിച്ചിരുന്നത്. അക്കാലത്ത് അഷിത ഒരു ആത്മഹത്യാശ്രമം നടത്തുകയുണ്ടായി. 
12 മാന്‍ട്രാക്സ് ഗുളികകള്‍ കഴിച്ചുവെന്നുപറഞ്ഞ് ബഹളം വെച്ചപ്പോള്‍, പേടിച്ച അവര്‍  അകലെ നിന്നു കൊണ്ടുവന്ന ഡോക്ടര്‍ ആശ്വസിപ്പിച്ചത് 12 മാന്‍ട്രാക്സ് കഴിച്ച ഒരാള്‍ മൂന്ന് മണിക്കൂറിന് ശേഷം ഇങ്ങനെ ഇരുന്നു സംസാരിക്കുകയില്ല എന്നാണ്. അതേ പോലെ കയര്‍ എടുത്ത് കഴുത്തില്‍ കെട്ടി നിന്നതേയുള്ളൂ. ആ സമയത്തെല്ലാം അച്ഛനും അമ്മയും ബോംബെയില്‍ ആയിരുന്നു.  അമ്മായിയും മുത്തശ്ശിയും മാത്രമാണ് അപ്പോഴവിടെ ഉണ്ടായിരുന്നത്. അഷിത പറഞ്ഞതുപോലെ അമ്മ അതു നോക്കിനിന്നിട്ടില്ല.
അഷിതയുടെ ചികിത്സയ്ക്കും തുടര്‍ന്ന് മഹാരാജാസില്‍ പഠിപ്പിക്കുവാനുമായിട്ടാണ്, മുഖ്യമായും, എന്നെ മുംബൈയിലാക്കി അച്ഛന്‍ കൊച്ചിയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിയത്.
അഷിതയുടെ അസുഖം  തിരിച്ചറിഞ്ഞതു മുതല്‍, മാതാപിതാക്കള്‍ അഷിതയെ പരിചരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധയും സമയവും കണ്ടെത്താനും അവളോടൊത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നതിനും ശ്രമിച്ചിരുന്നു. ഇത് അഷിതയുടെ വിവാഹശേഷവും മകള്‍ വളര്‍ന്നപ്പോഴും ഏതാണ്ട്  ഇരുപത് വര്‍ഷത്തോളം തുടര്‍ന്നു. 
ആഷിത ഗര്‍ഭാവസ്ഥയിലും പ്രസവസമയത്തുമൊക്കെ തെരഞ്ഞെടുത്തത് അച്ഛന്റേയും അമ്മയുടേയും കൂടെ ഇരിക്കാനായിരുന്നു. വേനലവധിക്കാലം  ചെലവഴിച്ചിരുന്നതും മാതാപിതാക്കളോടൊത്തായിരുന്നു. എത്രയോ വര്‍ഷങ്ങള്‍ അത് തുടര്‍ന്നുവന്നു.
അച്ഛന്റേയും അമ്മയുടേയും കൂടെ ധാരാളം സമയം ചെലവഴിച്ചിരുന്നതിനാലാകാം അല്ലെങ്കില്‍ ഒരു സാമ്പത്തിക സ്ഥിരത പോരെന്ന തോന്നലിലാകാം അഷിത, അവര്‍ താമസിച്ചിരുന്ന വീട് അഷിതയുടെ പേരില്‍ എഴുതി വെപ്പിച്ചു. എന്നാല്‍ കുടുംബസ്വത്തായതിനാല്‍ ക്രയവിക്രയം നടന്നില്ല. 
ഒരുപക്ഷേ അഷിതയ്ക്കതിന്റെ നിയമവശങ്ങള്‍ മനസ്സിലായില്ലെന്നു തോന്നുന്നു. മാത്രമല്ല അച്ഛനാണ് അതിന് ഉത്തരവാദിയെന്ന ധാരണയാല്‍ അച്ഛനുമായുള്ള ബന്ധംതന്നെ ഒഴിവാക്കി. പിന്നീട് അച്ഛന്‍  ദീര്‍ഘനാള്‍ രോഗബാധിതനായി കിടന്നപ്പോഴും മരിക്കുന്നതുവരെയും അദ്ദേഹത്തെ വിളിക്കുവാനും കാണുവാനും കൂട്ടാക്കിയില്ല. അതുകൊണ്ടു അച്ഛന്റെ അവസാന നാളുകളില്‍ കാണുവാന്‍ പോലും വരാത്ത ആള്‍ എങ്ങനെയാണ് അച്ഛന്‍ പറഞ്ഞതായി പറയുന്നത്?
ഇതെല്ലാം പറയേണ്ടി വന്നതില്‍  ഞങ്ങള്‍ക്ക് ഖേദമുണ്ട്. എന്നാല്‍ ഒരു രോഗിയെ അല്ലെങ്കില്‍ രോഗാവസ്ഥയെ ചൂഷണം ചെയ്യാന്‍ അവസരവാദപരമായി ആരെങ്കിലും രംഗത്തെത്തുമ്പോള്‍, ഞങ്ങള്‍ക്ക് ഇതു പറയാതെ നിവര്‍ത്തിയില്ല.
ആഷിത അനുഗ്രഹീതയായ എഴുത്തുകാരിയായിരുന്നു. അഷിതയ്ക്ക് മാതാപിതാക്കളും സഹോദരങ്ങളും നല്‍കിയ പ്രോത്സാഹനവും പരിചരണവും വളരെ വലുതാണ്. എന്നാല്‍ അതിലും പ്രധാനമായി പറയേണ്ടത് അഷിതയുടെ ഭര്‍ത്താവിന്റെ ക്ഷമയും പിന്തുണയും തന്നെയാണ്. പ്രത്യേകിച്ച് അഷിതയുടെ രോഗാവസ്ഥയിലും ചികിത്സയിലും. അഷിതയുടെ സാഹിത്യവാസന പരിപോഷിപ്പിക്കാനും വലിയ എഴുത്തുകാരിയാക്കി വളര്‍ത്താനും നിങ്ങളറിയുന്ന അഷിതയാക്കി മാറ്റാനും കുടുംബം വഹിച്ച പങ്ക് ചെറുതല്ല.

ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുന്നു:

മരിച്ചുപോയ കഥാകാരി അഷിതയ്ക്ക് ഭ്രാന്തായിരുന്നു എന്നും, അവരുടെ ആത്മകഥയിൽ പറയുന്ന കാര്യങ്ങൾ നുണയാണെന്നും പറഞ്ഞുകൊണ്ട് അഷിതയുടെ സഹോദരൻ രംഗത്തുവന്നിരിക്കുന്നു.(ദേശാഭിമാനി).

മറുപടി പറയാൻ ഇന്ന് അഷിത ഇല്ല. 1975മുതൽ എനിക്ക് അഷിതയുമായി സൗഹൃദമുണ്ട്.അഷിതയുടെ വിഷാദമോഹനവും ദീർഘവുമായ കത്തുകൾ എന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോയി. 1979–82 കാലത്ത് ഞങ്ങൾ മഹാരാജാസ് കോളേജിൽ സഹപാഠികളുമായിരുന്നു. അക്കാലത്ത് അപരാഹ്നങ്ങളിൽ ലൈബ്രറിയിയുടെ അരികിലെ പടവുകളിലിരുന്ന് ഞങ്ങൾ ദീർഘനേരം സംസാരിക്കുമായിരുന്നു.

അന്ന് അഷിത എന്നോടു പറഞ്ഞിട്ടുള്ള ഹൃദയഭേദകമായ അനുഭവങ്ങളുടെ സൗമ്യമായ ആവർത്തനം മാത്രമേയുള്ളു ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിൽ. ഭ്രാന്ത് നല്ല ഒരു ഒഴിവുകഴിവാണ് വീട്ടുകാർക്ക്. മരിച്ചവരെക്കുറിച്ചാമ്പോൾ എളുപ്പമുണ്ട്. അഷിത എന്നോടു പറഞ്ഞിട്ടുള്ളതും ഗുരുതരവുമായ ചില കാര്യങ്ങളുണ്ട്. അതൊന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത്.

മിസ്റ്റർ സന്തോഷ് നായർ,നിങ്ങളല്ല,ഞാനായിരുന്നു അഷിതയ്ക്കു സഹോദരൻ. നിങ്ങൾ അവർക്ക് ദുരന്തമായിരുന്നു.