കത്വ വിഷയം കത്തിയപ്പോള്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാകുന്നു; ഒപ്പം സിപിഎമ്മും

എം. മനോജ്‌ കുമാര്‍

തിരുവനന്തപുരം: കത്വ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ നടന്ന അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലാകുന്നു. ഹര്‍ത്താല്‍ വഴി എട്ടു ജില്ലകളില്‍ വര്‍ഗീയ കലാപമുണ്ടാക്കാന്‍ അക്രമികള്‍ ലക്ഷ്യമിട്ടെന്ന ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍റെ നേരിട്ടുള്ള പ്രതികരണം തന്നെയാണ് സര്‍ക്കാരിനേയും പാര്‍ട്ടിയേയും ഒരേസമയം പ്രതിരോധത്തിലാക്കുന്നത്.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ കലാപമുണ്ടാക്കാന്‍ ശ്രമമുണ്ടാകുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ആസ്പദമാക്കി രാജേഷ് ദിവാന്‍ പ്രതികരിച്ചത്. ഇത്തരം കടുത്ത പ്രതികരണങ്ങള്‍ പൊലീസ് ഉന്നതരില്‍ നിന്നും വരുമ്പോള്‍ അകമ്പടിയായി കടുത്ത നടപടികള്‍ കൂടി ഒപ്പം വരും. നടപടി വന്നാല്‍ അത് രാഷ്ട്രീയമായ കടുത്ത തിരിച്ചടികള്‍ക്ക് വഴിവെയ്ക്കും എന്നാണ് സര്‍ക്കാരും പാര്‍ട്ടിയും ആശങ്കപ്പെടുന്നത്.

രാജേഷ് ദിവാന്റെ പ്രതികരണം പോലെ തന്നെ കശ്മീരിലെ സംഭവത്തിന്റെ പേരില്‍ കേരളത്തില്‍ അപ്രഖ്യാപിത ഹര്‍ത്താലും കലാപമുണ്ടാക്കാനുള്ള ശ്രമവും നടന്നത് ഗൗരവത്തോടെയാണ്‌ സര്‍ക്കാര്‍ നോക്കിക്കാണുന്നത്. ഒപ്പം കടുത്ത നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവുകയുമാണ്‌. ഹര്‍ത്താലുമായി ബന്ധപ്പെട്ട് അക്രമങ്ങളിൽ മലപ്പുറത്ത് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത് 250 പേർ. 80 പേര്‍ റിമാന്റിലായി.

രണ്ടായിരത്തോളം പേര്‍ക്കെതിരെ കേസുമുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകും. ഈ കേസുകളിലുള്‍പ്പെട്ടവര്‍ക്ക് ഒരു കാരണവശാലും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്നും സര്‍ക്കാര്‍ തീരുമാനമുണ്ട്.

ഈ കടുത്ത നടപടികള്‍ തന്നെയാണ് സര്‍ക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കുന്നത്. അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് പൊലീസ് കടുത്ത നടപടികള്‍ സ്വീകരിക്കുമ്പോള്‍ അത് മുസ്ലിം ജനസാമാന്യത്തില്‍ നിന്നും എതിര്‍പ്പുകള്‍ ഉയര്‍ത്തിയേക്കും. ഇത് സിപിഎമ്മിനെതിരായ ഒരു നീക്കമായി തിരഞ്ഞെടുപ്പില്‍ തിരിഞ്ഞുകുത്തും.

കത്വ സംഭവത്തില്‍ നടത്തിയ ഹര്‍ത്താല്‍ കേരളത്തില്‍ ചലനം സൃഷ്ടിച്ചിട്ടില്ലെന്നാണ് പൊതുവായ വിലയിരുത്തല്‍. കാരണം കത്വയിലെ പെണ്‍കുട്ടി കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ അമ്മമാരുടെ മനസിലെ തീയാണ്. കേരളത്തില്‍ നടത്തിയ ഹര്‍ത്താലിന് പിന്നില്‍ ചില മുസ്ലിം തീവ്രവാദ സംഘടനകളാണെന്നും അവര്‍ക്ക് വേറെ ചില ലക്ഷ്യങ്ങളുണ്ടെന്നും സംശയിക്കുന്നു. വര്‍ഗീയ ചേരിതിരിവാണ് അതിലൊന്നെന്നാണ് വിലയിരുത്തല്‍. അത് കേരളത്തില്‍ ആശങ്കകള്‍ ഉയര്‍ത്തുകയാണ്. കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശനെ പോലുള്ള നേതാക്കള്‍ ഇത് ശരിവെയ്ക്കുകയും ചെയ്യുന്നുണ്ട്.

‘ചില സംഘടനകളുടെ പ്രവർത്തകർ ആസൂത്രിതമായ കലാപമാണ് വടക്കൻ കേരളത്തിലെ പല ജില്ലകളിലും സൃഷ്ടിച്ചത്. സോഷ്യൽ മീഡിയയിലൂടെ ഒരു ഹർത്താൽ പ്രഖ്യാപനം നടത്തി, അതിന്റെ മറവിൽ വലിയ ആസൂത്രണത്തോടെ ഉള്ള കലാപം തന്നെയായിരുന്നു ഇവരുടെ ലക്‌ഷ്യം. ഇതിന്റെ പിന്നിൽ കേരളത്തിന്റെ സോഷ്യൽ ഫാബ്രിക് വലിച്ചു കീറുക എന്ന ഗൂഢമായ ലക്‌ഷ്യം തന്നെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതിനു പിന്നിലുള്ള കൃത്യമായ അജണ്ട പൊതുജനങ്ങൾ തിരിച്ചറിയണം’ വി.ഡി.സതീശന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.

സതീശന്റെ നിരീക്ഷണം പോലെ തന്നെ വര്‍ഗീയ അജണ്ടയുടെ പേരില്‍ ഏതെങ്കിലും തരത്തിലുള്ള ഏകീകരണ അജണ്ട അംഗീകരിക്കാന്‍ സര്‍ക്കാരിനോ സിപിഎമ്മിനോ കഴിയില്ല. പക്ഷെ ഹര്‍ത്താലിന്റെ പേരില്‍ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ട് പോയാല്‍ മുസ്ലിം സമുദായം സിപിഎമ്മില്‍ നിന്നും അകലും. ഒരു മണ്ഡലത്തില്‍ മുസ്ലിം വിഭാഗം ആയിരമോ രണ്ടായിരമോ വോട്ട് മറിച്ചാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് അധികാരം നഷ്ടപ്പെടും.

ഇത്തവണത്തെ ഭരണം അടുത്ത തവണ അധികാരം പിടിക്കാനുള്ള അവസരമായാണ്‌ സിപിഎം കാണുന്നത്. സിപിഎം നീക്കങ്ങളും ഇതോടുചേര്‍ന്നാണ്. കഴിഞ്ഞ തവണ യുഡിഎഫിലുള്ള വിശ്വാസം നഷ്ടമായതിനാലാണ് മുസ്ലിം വിഭാഗങ്ങള്‍ സിപിഎമ്മിന് പിന്തുണയുമായി രംഗത്ത് വന്നത്. ഈ പിന്തുണ സിപിഎമ്മിന് അധികാരത്തില്‍ എത്താനുള്ള വഴിയുമായി.

ഇപ്പോള്‍ അപ്രഖ്യാപിത ഹര്‍ത്താലില്‍ കടുത്ത നടപടികള്‍ കൈക്കൊണ്ടാല്‍ മുസ്ലിം ജനസാമാന്യത്തിനു  സിപിഎമ്മില്‍ നിന്നും അകല്‍ച്ച വരും.  കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളായ ഹിന്ദു വിഭാഗങ്ങളോടു സിപിഎം അനുവര്‍ത്തിക്കുന്ന മൃദു സമീപനത്തിന്റെ ഭാഗമാണ് ഈ നടപടികള്‍ എന്ന് മുസ്ലിം വിഭാഗം കരുതും. ഇതോടെ മുസ്ലിം വിഭാഗങ്ങള്‍ സിപിഎമ്മില്‍ നിന്നും അകലാന്‍ സാധ്യതയുണ്ട്.

ചെങ്ങന്നൂര്‍ ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ലോക്സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രവും. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണം. ഈ ഘട്ടത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ അകന്നു മാറിയാല്‍ പാര്‍ട്ടിക്ക് അത് വലിയ തിരിച്ചടിയായി മാറും. മറുവശത്ത് അപ്രഖ്യാപിത ഹര്‍ത്താലിന്റെ പേരില്‍ നടപടികള്‍ക്ക് സര്‍ക്കാര്‍ മടിച്ച് നിന്നാല്‍ പാര്‍ട്ടിയിലെ ശക്തികേന്ദ്രങ്ങളായ ഹിന്ദു വിഭാഗം സിപിഎമ്മില്‍ നിന്നും അകലാന്‍ കാരണമാകും.

സിപിഎമ്മിലെ ഹിന്ദു വിഭാഗം അകന്നാല്‍ അവര്‍ നേരെ ചെന്ന് ചാടുക ആര്‍എസ്എസ്സിലേയ്ക്ക് ആയിരിക്കും. കേരളത്തിലെ ബിജെപിയും ആര്‍എസ്എസും നോക്കിയിരിക്കുന്നത് സിപിഎമ്മിലെ ഹിന്ദു വിഭാഗങ്ങളെയാണ്. ഇവരെ സിപിഎമ്മില്‍ നിന്നും അടര്‍ത്തി മാറ്റാന്‍ ആളും അര്‍ത്ഥവും നല്‍കി സഹായിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം കൂടി സന്നദ്ധരായി നില്‍ക്കുന്നുണ്ട്.

ഇതിനു സിപിഎമ്മിന് മുന്‍ അനുഭവങ്ങളും ഉണ്ട്. എസ്എന്‍ഡിപി പിടിക്കാന്‍ സിപിഎം മുന്‍പ് ആളെ വിട്ടിരുന്നു. പാര്‍ട്ടിയോട് കൂറും വിധേയത്വവും ഉള്ള നേതാക്കളെയാണ് എസ്എന്‍ഡിപിയിലേക്ക് സിപിഎം നേതൃത്വം അയച്ചത്. എസ്എന്‍ഡിപി സംഘടനാ പ്രവര്‍ത്തനത്തില്‍ മുഴുകിയ ഇവര്‍ അചിരേണ സിപിഎം വിട്ടു. മിക്കവരും പിന്നീട് സിപിഎമ്മിലേക്ക് തിരികെ വന്നില്ല.

ഇപ്പോള്‍  ആര്‍എസ്എസില്‍ നിന്ന് ക്ഷേത്രങ്ങള്‍ പിടിക്കാന്‍ സിപിഎം അണികളെ വിടുന്നുണ്ട്. പക്ഷെ ക്ഷേത്രവുമായി അഭേദ്യ ബന്ധം വന്നാല്‍ മുന്‍ എസ്എന്‍ഡിപി അനുഭവം ആവര്‍ത്തിക്കുമോ എന്ന ചിന്തയും  പാര്‍ട്ടി നേതൃത്വത്തിനുണ്ട്.
ഇതിനിടയിലാണ്‌ ഹര്‍ത്താലിന്റെ  പേരില്‍ ഹിന്ദു വിഭാഗങ്ങള്‍ സിപിഎമ്മില്‍ നിന്നും അകലുമോ എന്ന ശങ്ക വരുന്നത്.

ഭരിക്കുന്ന സര്‍ക്കാര്‍ എന്ന നിലയില്‍ ക്രമസമാധാന പ്രശ്നങ്ങളില്‍ സര്‍ക്കാറിന് കടുത്ത നിലപാട് തന്നെ കൈക്കൊള്ളേണ്ടതുണ്ട്. പക്ഷെ നടപടി വന്നാല്‍ മുസ്ലിം സമൂഹം അകലാന്‍ സാധ്യതയുണ്ട്.

നടപടി വന്നില്ലെങ്കില്‍ ഹിന്ദു തീവ്രവാദികളുടെ എണ്ണം കൂടാനും ഹിന്ദു സമൂഹം അകലാനും സാധ്യതയുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. കത്വ സംഭവം കേരളത്തില്‍ കത്തിച്ചതിന് പിന്നില്‍ സിപിഎമ്മിന് കൂടി പങ്കുണ്ട്. പ്രതിഷേധങ്ങളില്‍ സിപിഎം ഭാഗഭാക്കായിരുന്നു. പ്രതിഷേധങ്ങള്‍ക്ക് അനുകൂലമായാണ് പാര്‍ട്ടിയും നിലകൊണ്ടത്.

പക്ഷെ തീവ്ര മുസ്‌ലിം സംഘടനകളുടെ കടന്നു വരവും അപ്രഖ്യാപിത ഹര്‍ത്താലും ആക്രമണങ്ങളും കലാപ ശ്രമങ്ങളും സിപിഎമ്മിന്റെ ലക്ഷ്യങ്ങളെ തന്നെ കീഴ്മേല്‍ മറിക്കുന്ന സ്ഥിതിയായി. ഇപ്പോള്‍ ഇടത് സര്‍ക്കാരിന്റെ നടപടികള്‍ നോക്കിയിരിക്കുകയാണ് തീവ്ര മുസ്ലിം സംഘടനകളും മറുവശത്ത് ആര്‍എസ്എസ്-ബിജെപി തുടങ്ങിയ സംഘപരിവാര്‍ പ്രസ്ഥാനങ്ങളും. അപ്രഖ്യാപിത ഹര്‍ത്താല്‍ കാര്യത്തില്‍ സര്‍ക്കാരും പാര്‍ട്ടിയും ഇപ്പോള്‍  ചെകുത്താനും കടലിനും മധ്യേയാണ്.