കതിരൂര്‍ മനോജ് വധക്കേസ്: പി ജയരാജന്റെ ഹര്‍ജിയില്‍ ഇന്നും വാദം തുടരും

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജിയില്‍ ഇന്നും വാദം തുടരും. ജയരാജന് വേണ്ടി മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സിദ്ധാര്‍ഥ് ലൂതറ കോടതിയില്‍ ഹാജരാകും. വാദത്തിനായി കൂടുതല്‍ സമയം വേണമെന്ന പി ജയരാജന്റെ ആവശ്യം ഹൈക്കോടതി ഇന്നലെ നിരാകരിച്ചിരുന്നു.

പ്രതികള്‍ക്ക് എതിരെ യുഎപിഎ വകുപ്പ് ചുമത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അധികാരം ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഉന്നത രാഷ്ട്രീയ സ്വാധീനം ഉള്ള പ്രതികളെ വിചാരണ ചെയ്യാന്‍ സര്‍ക്കാര്‍ അനുമതിക്കായി കാത്തു നില്‍ക്കുന്നത് അപഹാസ്യം ആണെന്നും കേന്ദ്രം കോടതിയില്‍ പറഞ്ഞു. സിബിഐക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിക്കായി കാത്തു നില്‍ക്കേണ്ടതില്ലെന്നു കോടതി വാക്കാല്‍ നിരീക്ഷിച്ചു.