കണ്ണടച്ച്‌ തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നു: കോടിയേരി

മലപ്പുറം: കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് കോണ്‍ഗ്രസുകാർ ബി.ജെ.പിയാകുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോണ്‍​ഗ്രസുകാരെ വിശ്വസിക്കാന്‍ കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് ടോം വടക്കന്‍. ഇന്നലെ വരെ ബിജെപിയെ കുറ്റം പറഞ്ഞിരുന്ന വടക്കന്‍ നിമിഷ നേരം കൊണ്ടാണ് മോദി ആരാധകനായി മാറിയതെന്നും കോടിയേരി പറഞ്ഞു.

അഞ്ച് വര്‍ഷത്തിനിടെ 200 കോണ്‍​ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ എത്തിയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍​ഗ്രസിന്റെ തീരുമാനം നടപ്പിലാക്കാന്‍ മാത്രമേ മുസ്ലിം ​ലീ​ഗിന് സാധിക്കുകയുള്ളൂവെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് വിഷയത്തില്‍ ഇത് എല്ലാവരും കണ്ടതാണെന്നും അദ്ദേഹം പരിഹസിച്ചു.

പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി പി.വി അൻവറിന്റെ തെരഞ്ഞെടുപ്പു കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.കോട്ടക്കലില്‍ നടന്ന കണ്‍വെന്‍ഷനില്‍ മന്ത്രി കെ.ടി ജലീല്‍,എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു.