കടുത്ത നടപടി: കോണ്‍ഗ്രസ് വിമത എം.എല്‍.എ അഴിമതിക്കേസില്‍ അറസ്‌റ്റില്‍

ബംഗളൂരു: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ വിമത കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ കടുത്ത നടപടിയുമായി സഖ്യസര്‍ക്കാര്‍. അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട റോഷന്‍ ബെയ്‌ഗിനെ മുംബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ബംഗളൂരു വിമാനത്താവളത്തില്‍ നിന്നും പിടികൂടി. ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മുംബയിലേക്ക് പോകുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. ഇത് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതിന്റെ ഉദാഹരണമാണെന്ന് മുഖ്യമന്ത്രി എച്.ഡി.കുമാരസ്വാമി ആരോപിച്ചു.

ബി.ജെ.പി നേതാവ് യെദിയൂരപ്പയുടെ പി.എ.സന്തോഷിനൊപ്പമാണ് റോഷന്‍ ബെയ്ഗ് കര്‍ണാടകയില്‍ നിന്നും കടക്കാന്‍ ശ്രമിച്ചതെന്ന് കുമാരസ്വാമി ആരോപിച്ചു. ബി.ജെ.പി എം.എല്‍.എ യോഗേഷ്വറും കൂടെയുണ്ടായിരുന്നു. അഴിമതിക്കേസില്‍ പെട്ട മുന്‍മന്ത്രിയെ രക്ഷപ്പെടുത്താന്‍ ബി.ജെ.പി ശ്രമിച്ചത് അപമാനമാണ്. ബെയ്‌ഗിനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ബി.ജെ.പി നേതാക്കള്‍ രക്ഷപ്പെട്ടുവെന്നും കുമാരസ്വാമി ആരോപിച്ചു. അതിനിടെ സര്‍ക്കാരിനുള്ള പിന്തുണ പ്രഖ്യാപിച്ച 16 വിമത എം.എല്‍.എമാര്‍ മുംബയിലെ നക്ഷത്ര ഹോട്ടലില്‍ തമ്ബടിച്ചിരിക്കുകയാണ്.ഇവര്‍ വ്യാഴാഴ്‌ച നടക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ലെന്നാണ് സൂചന. ഇത്രയും എം.എല്‍.മാരുടെ അസാന്നിധ്യത്തില്‍ ഭരണപക്ഷത്തെ അംഗബലം നൂറില്‍ ഒതുങ്ങുമെന്നിരിക്കെ വിശ്വാസപ്രമേയ വോട്ടടെടുപ്പില്‍ സഖ്യസര്‍ക്കാര്‍ നിലംപതിക്കും.

അതേസമയം, തങ്ങളുടെ രാജി സ്പീക്കര്‍ സ്വീകരിക്കാതിരിക്കുന്നതിന് എതിരെ 15 എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ വിധി നിര്‍ണായകമാണ്. ഭരണഘടനാപരമായ പ്രശ്നങ്ങളുള്ള വിഷയത്തില്‍ തനിക്ക് ധൃതിപിടിച്ച്‌ തീരുമാനമെടുക്കാന്‍ ആവില്ലെന്നും, മതിയായ സമയം ആവശ്യമാണെന്നും കാണിച്ച്‌ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാറും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതും ഇന്നാണ് കോടതി പരിഗണിക്കുക. രാജിക്കാര്യത്തിലും എം.എല്‍.എമാര്‍ക്ക് അയോഗ്യത കല്പിക്കുന്ന വിഷയത്തിലും ഇന്നു വരെ തല്‍സ്ഥിതി നിലനിറുത്താനാണ് കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി നിര്‍ദ്ദേശിച്ചത്.

മുഖ്യമന്ത്രി എച്ച്‌.ഡി കുമാരസ്വാമിയുടെ വിശ്വാസപ്രമേയം സഭ വ്യാഴാഴ്ച പരിഗണനയ്ക്കെടുക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണ് ഇന്നലെ പ്രഖ്യാപിച്ചത്. രാജിവച്ച എം.എല്‍.എമാര്‍ തിരികെയെത്തുന്ന കാര്യത്തില്‍ അദ്ദേഹം പ്രതികരിച്ചില്ല. വിമത അംഗങ്ങളെ അനുനയിപ്പിച്ച്‌ രാജി പിന്‍വലിപ്പിക്കാനുള്ള അവസാന ശ്രമമെന്ന നിലയില്‍ മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ് എന്നിവരെ മുംബയിലെ ഹോട്ടലിലേക്ക് അയയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം ആലോചിച്ചിരുന്നെങ്കിലും, പാര്‍ട്ടി നേതാക്കളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ ഇന്നലെ മുംബയ് സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്തു നല്‍കിയ സാഹചര്യത്തില്‍ ഈ നീക്കം വേണ്ടെന്നുവച്ചു. നേതാക്കളില്‍ നിന്ന് ഭീഷണിയുള്ളതിനാല്‍ അവരെ ഹോട്ടലിലേക്ക് കടത്തരുതെന്നാണ് കത്തിലെ ആവശ്യം.