കടലാക്രമണം രൂക്ഷം; തിരുവനന്തപുരത്ത്‌ 143 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ആറ്‌ ദുരിതാശ്വാസ ക്യാംപുകൾ തുറന്നു

തിരുവനന്തപുരം: ജില്ലയുടെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി തുടരുന്നു. കടൽക്ഷോഭ മേഖലകളിൽനിന്ന് 143 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപ്പാർപ്പിച്ചു. ആറു ദുരിതാശ്വാസ ക്യാംപുകളാണ് ജില്ലയിൽ തുറന്നിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയുടെ തീരത്ത് കടൽ പ്രക്ഷുബ്ധമാണ്. തിരുവനന്തപുരം, ചിറയിൻകീഴ് താലൂക്കുകളുടെ തീരപ്രദേശത്താണ് കടൽക്ഷോഭം രൂക്ഷമായിരിക്കുന്നത്. ഈ മേഖലകളിലെ 143 കുടുംബങ്ങളിലെ 603 പേരയാണ് ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയത്.

വലിയതുറ ബഡ്‌സ് സ്‌കൂളിൽ 16 കുടുംബങ്ങളിലെ 58 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വലിയതുറ ഗവൺമെന്റ് യു.പി. സ്‌കൂളിലെ ക്യാംപിൽ 65 കുടുംബങ്ങളിലെ 282 പേരും ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളിൽ ഒരു കുടുംബത്തിലെ മൂന്നു പേരും കഴിയുന്നുണ്ട്. വലിയതുറ ഫിഷറീസ് ഗോഡൗണിലെ ദുരിതാശ്വാസ ക്യാംപിൽ എട്ടു കുടുംബങ്ങളിലെ 32 കുടുംബങ്ങളെക്കൂടി മാറ്റിപ്പാർപ്പിച്ചു. കടൽക്ഷോഭത്തെത്തുടർന്ന് നേരത്തെ ഇവിടെ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. പുതുതായി ഇവിടേയ്ക്ക് മാറ്റിയവരടക്കം ആകെ 27 കുടുംബങ്ങളിലെ 109 പേരാണ് ഈ ക്യാംപിലുള്ളത്.

പേട്ട സെന്റ് റോച്ചസ് സ്‌കളിലെ ദുരിതാശ്വാസ ക്യാംപിൽ 30 കുടുംബങ്ങളിലെ 148 പേരും വെട്ടുകാട് സെന്റ് മേരീസ് എൽ.പി. സ്‌കളിൽ തുറന്ന ക്യാംപിൽ 23 കുടുംബങ്ങളിലെ 80 പേരും കഴിയുന്നുണ്ട്.

ദുരിതാശ്വാസ ക്യാംപുകളിലുള്ളവർക്ക് റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഭക്ഷണവും അവശ്യസാധനങ്ങളും എത്തിക്കുന്നുണ്ടെന്ന് ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പറഞ്ഞു. ക്യാംപിലുള്ളവർക്ക് വൈദ്യസഹായം ആവശ്യമുണ്ടെങ്കിൽ നൽകുന്നതിന് ആരോഗ്യ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഓരോ ക്യാംപിന്റെയും മേൽനോട്ടത്തിനായി ചാർജ് ഓഫിസർമാരെ നിയമിച്ചിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.