‘ കടപ്പാടിന്റെ അർത്ഥം ചോദിക്കരുത് സർ ‘ ; മുപ്പതു വർഷം പഴക്കമുള്ള 200 രൂപ കടം തീർക്കാൻ കെനിയൻ എം .പി ഇന്ത്യയിൽ

മഹാരഷ്ട്ര : മുപ്പതുകൊല്ലം പഴക്കമുള്ള കടംവീട്ടാന്‍ കെനിയൻ എം.പി. റിച്ചാര്‍ഡ്‌ ടോംഗി കടലും കടന്നെത്തി. മഹാരാഷ്ട്രയിലെ ഔറംഗാബാദിലേക്കുള്ള വരവാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. കാശിനാഥ് ഗോള്‍ എന്നയാള്‍ക്ക് നല്‍കാനുള്ള 200 രൂപ നല്‍കാനാണ് റിച്ചാര്‍ഡ്‌ എത്തിയത്. കെനിയയിലെ ന്യാരിബാരി ചാച്ചെ മണ്ഡലത്തെയാണ് റിച്ചാര്‍ഡ്‌ പ്രതിനിധീകരിക്കുന്നത്.

ഇനി എങ്ങനെയാണ് റിച്ചാര്‍ഡ്‌, കാശിനാഥിന്റെ കടക്കാരനായതെന്ന് പറയാം, ഈ സൗഹൃദത്തിന് ഏതാണ്ട് മുപ്പതു വർഷത്തെ പഴക്കമുണ്ട്. 1985-89 ഔറംഗബാദിനു സമീപമുള്ള കോളേജില്‍ മാനേജ്‌മെന്റ് സ്റ്റഡീസ് പഠനത്തിനെത്തിയതായിരുന്നു റിച്ചാര്‍ഡ്‌. അന്ന് റിച്ചാര്‍ഡ്‌ താമസിച്ചിരുന്ന വാംഖ്‌ഡെനഗറില്‍ പലചരക്കുകട നടത്തുകയായിരുന്നു കാശിനാഥ്. ഇരുന്നൂറു രൂപയുടെ കടം അവശേഷിപ്പിച്ചാണ് റിച്ചാര്‍ഡ്‌ പഠനം പൂര്‍ത്തിയാക്കി അന്നു മടങ്ങിയത്.

എന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയമായിരുന്നു അത്. അന്ന് ഇവരാണ് എന്നെ സഹായിച്ചത്. അന്നു ഞാന്‍ വിചാരിച്ചിരുന്നു, എന്നെങ്കിലും ഒരിക്കല്‍ തിരികെയെത്തി ഇവരുടെ കടം വീട്ടുമെന്ന്, തിങ്കളാഴ്ച കാശിനാഥിനെ കണ്ടതിനു ശേഷം റിച്ചാര്‍ഡ്‌ മാധ്യമങ്ങളോടു പറഞ്ഞു. ഭാര്യ മിഷേലിനൊപ്പമാണ് റിച്ചാര്‍ഡ്‌ എത്തിയത്. കാശിനാഥിനെയും മക്കളെയും കെനിയ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചതിനു ശേഷമാണ് റിച്ചാര്‍ഡ്‌ മടങ്ങിയത്.