ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകള്‍ ബഹിഷ്കരിക്കുമെന്ന് കൊച്ചിയിലെ ഹോട്ടൽ ഉടമകള്‍

കൊച്ചി: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെ വരുന്ന ശനിയാഴ്ച മുതൽ ബഹിഷ്കരിക്കുമെന്ന് കൊച്ചിയിലെ ഹോട്ടൽ ഉടമകളുടെ സംഘടന. ഹോട്ടൽ മെനുവിലെ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുകയും, ആപ്പുകൾക്കുള്ള കമ്മീഷനിൽ ഇളവ് നൽകിയാലും മാത്രമെ ഇനി സഹകരിക്കൂ എന്നാണ് നിലപാട്. സംഘടനയുടെ നേതൃത്വത്തിൽ പുതിയൊരു ആപ്പ് രൂപീകരിക്കാനാണ് ഹോട്ടൽ ഉടമകളുടെ തീരുമാനം.

കൊച്ചി നഗരത്തിൽ പ്രതിദിനം 25,000 പേർ  ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നു എന്നാണ് കണക്ക്. 40 മുതൽ 50 ലക്ഷം രൂപ വരെയുള്ള കച്ചവടമാണ് ഓൺലൈൻ ശൃംഖലയുമായി ബന്ധിപ്പിച്ച 200 ഹോട്ടലുകളിൽ നടക്കുന്നത്. കച്ചവടം പൊടി പൊടിക്കുമ്പോഴും ഹോട്ടലുടമകൾ ഹാപ്പിയല്ല. ഹോട്ടൽ മെനുവിനേക്കാളും വൻവിലക്കുറവിലാണ് ഓൺലൈൻ ആപ്പുകളിൽ ഭക്ഷണവില.

ഹോട്ടലുകളിൽ നിന്ന് 30 ശതമാനം വരെയാണ് ഓൺലൈൻ ആപ്പുകൾ കമ്മീഷൻ ഈടാക്കുന്നത്. ഇത് സഹിച്ച് ഹോട്ടൽ വ്യവസായം മുന്നോട്ട് പോകില്ലെന്ന് കേരള ഹോട്ടൽ ആന്‍റ് റസ്റ്റൻൻഡ് അസ്സോസിയേഷൻ പറയുന്നു.ആപ്പുകളുടെ വരവോടെ ഹോട്ടലുകളിൽ വന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.