ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച


മുംബൈ: അമേരിക്കയിലെ ഓഹരി വിപണിയായ ഡൗ ജോണ്‍സിലുണ്ടായ കനത്ത ഇടിവ് ഇന്ത്യന്‍ വിപണിയെ സാരമായി ബാധിക്കുന്നു. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഓഹരി വിപണി കരകയറിയിട്ടില്ല.

സെന്‍സെക്‌സ് 407.40 പോയിന്റ് താഴ്ന്ന് 34,005.76ലും നിഫ്റ്റി 121.90 പോയിന്റ് നഷ്ടത്തില്‍ 10,445ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1424 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1336 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബാങ്ക് ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്.

മിഡ് ക്യാപ് സൂചികയും മെറ്റല്‍ വിഭാഗത്തിലെ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, സിപ്ല, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, എച്ച്ഡിഎഫ്‌സി, എസ്ബിഐ, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്‌ ക്ലോസ് ചെയ്തത്.