ഓറഞ്ച് രസം

കൃഷ്ണ കിച്ചു

പൊതുവെ രസം എന്നു പറയുമ്പോൾ തമിഴ്നാടിന്റെ സ്വന്തമാണെന്നാണ് എല്ലാവരുടെയും മനസ്സിലിരിപ്പ്. എന്നാൽ മലയാളികളിൽ പലരും രസപ്രിയരാണ് എന്നതിൽ സംശയമില്ലതാനും. പല രസകൂട്ടുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ വീട്ടിൽ നമ്മൾ തയ്യാറാക്കുന്ന രസക്കൂട്ടിന് ഒരു പ്രത്യേക രുചി തന്നെയാണ്. ഇന്ന് തീർത്തും വ്യത്യസ്ഥമായൊരു രസം റെസിപ്പിയാണ്.

ചേരുവകൾ 

1) പഴുത്ത തക്കാളി – 2 എണ്ണം (മീഡിയം വലുപ്പത്തിലുള്ളത് )

2) ഓറഞ്ച് ജ്യൂസ് – 1 എണ്ണത്തിന്റെ
3) പച്ചമുളക് – 2 എണ്ണം
4) മഞ്ഞൾപ്പൊടി – 1/4 സ്പൂൺ
5) കായം – ഒരു നുള്ള് ( പൊടിയെങ്കിൽ or ചെറിയ കഷ്ണം )
6) ഇഞ്ചി – ചെറിയ കഷ്ണം
7) വെളുത്തുള്ളി – 5 അല്ലി
8) കുരുമുളക് – ഒരു ചെറിയ സ്പൂൺ ( 10. എണ്ണം)
9) ജീരകം – 1 സ്പൂൺ
10) വറ്റൽമുളക് – 2 എണ്ണം
11) കടുക് – 1/2 സ്പൂൺ
12) ഉഴുന്ന് പരിപ്പ് – 1/2 സ്പൂൺ
13) കറിവേപ്പില – 1 കതിർപ്പ്
14) മല്ലിയില – 2 സ്പൂൺ
15) എണ്ണ – 2 സ്പൂൺ
16) ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തക്കാളി ഒരെണ്ണം ചെറിയ കഷ്ണങ്ങളാക്കി കട്ട് ചെയ്യുക. 1 തക്കാളി മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. പച്ചമുളക് ചതയ്ക്കുക ഒരു പാനിൽ 1 സ്പൂൺ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചതച്ചു വച്ചിരിക്കുന്ന പച്ചമുളക് ചേർത്ത് നന്നായി വഴറ്റുക.
പച്ചമണം മാറുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി വഴറ്റുക.
തൊലിയിളകി വരുന്ന പരുവമായാൽ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ശേഷം അരച്ചു വച്ചിരിക്കുന്ന തക്കാളി ചേർത്ത് വഴറ്റുക.

വഴന്നു കഴിഞ്ഞാൽ ആവശ്യത്തിന് ഉപ്പും കുറുക്ക് അനുസരിച്ച് വെള്ളവും ചേർക്കുക.
തിളച്ചു വരുമ്പോൾ കായം ചേർക്കാം. ഇഞ്ചി, വെള്ളുത്തുള്ളി, ജീരകം, കുരുമുളക് എന്നിവ ചതയ്ക്കുക.  തക്കാളി വെന്തു കഴിഞ്ഞാൽ ചതച്ചു വച്ചിരിക്കുന്ന കൂട്ട് ചേർക്കാം. തീ കുറച്ച് ഓറഞ്ച് ജ്യൂസും ചേർത്തിളക്കാം. തിളച്ചതിന് ശേഷം മല്ലിയില തൂവി വാങ്ങി വയ്ക്കാം. മറ്റൊരു പാനിൽ എണ്ണ ചൂടാക്കി. കടുക്, ഉഴുന്നു പരിപ്പ്, വറ്റൽമുളക്, കറിവേപ്പില എന്നിവ മൂപ്പിച്ച് ചേർക്കാം.
NB: ഇഞ്ചിയുടെയും വെളുത്തുള്ളിയുടെയും പച്ച മണം ഇഷ്ട്ടമില്ലാത്തവർ ആദ്യം പച്ചമുളക് മൂപ്പിക്കുന്നതിനോടൊപ്പം ഇവയും ചേർത്ത് വഴറ്റാവുന്നതാണ്.