‘ഓരോ സുലൈമാനിയിലും ഒരിത്തിരി മുഹബത് വേണം, അത് കുടിക്കുമ്പോള്‍ ലോകം ഇങ്ങനെ പതുക്കെയായി വന്നു നില്‍ക്കണം’

രാജേഷ്

ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിൽ ഒന്ന്! മഹാ നടൻ തിലകന്റെ മുഴക്കമുള്ള ശബ്ദവും മനസ്സിനെ അലിയിക്കുന്ന പശ്ചാത്തല സംഗീതവും അസ്തമയ ചോപ്പുള്ള സുലൈമാനി ചായയുടെ ഭംഗിയും കേട്ട് പിണഞ്ഞ കാഴ്ച!

സുലൈമാനി ചായ

കൊതിയൂറും രുചിക്കൂട്ടുകൾ കേരളത്തിന് സമ്മാനിച്ച മലബാറിന്റെ സ്വന്തം ചായ, സുലൈമാനി! മലബാറിലെ ഒരു പാട് രുചികളുടെ ഉത്ഭവം അറബിനാടുകളിൽ നിന്നുമാണ് . വ്യത്യസ്ത സംസ്കാരങ്ങളുടെ കൂടിച്ചേരൽ പുതിയ രുചികളെയും നമുക്ക് നൽകി. അറബ് നാടുകളിൽ കുരുമുളകും ഈന്തപ്പഴവും വെള്ളത്തിൽ തിളപ്പിച്ചു തയ്യാറാക്കിയിരുന്ന ഖാവ എന്ന പാനീയത്തിൽ നിന്നാണ് സുലൈമാനിയുടെ തുടക്കം. കച്ചവടാവശ്യങ്ങൾക്കായി കേരളത്തിൽ വന്ന അറബികൾ ആ പാനീയത്തിന്റെ രുചി ഇവിടെയും പങ്കു വെച്ചു. പിന്നീട് ബ്രിട്ടീഷുകാർ പരിചയപ്പെടുത്തിയ തേയില നമ്മുടെ നാടിനെ ഒരു ‘ചായ കുടി’ രാജ്യമാക്കി മാറ്റി. പാലും പഞ്ചസാരയും തേയിലപ്പൊടിയും ചേർത്ത് തയ്യാറാക്കിയിരുന്ന ചായയിൽ ചില മാറ്റങ്ങൾ വരുത്തി മലബാറുകാർ രുചിയേറും സുലൈമാനി തയ്യാറാക്കി.

Related image

സുലൈമാനിയിൽ പാൽ ചേർക്കാറില്ല. കട്ടൻ ചായ തിളച്ചു കൊണ്ടിരിക്കുമ്പോൾ അതിലേക്കു പൊടിച്ച ഏലം, കരയാമ്പൂ, പുതിയിന ഇല, ഇഞ്ചി, അൽപ്പം കുങ്കുമം എന്നിവ ചേർക്കുക. അതിനു ശേഷം ചായ അരിച്ചെടുത്ത് അതിലേക്കൽപ്പം നാരങ്ങാ നീര് ചേർത്താൽ സുലൈമാനി തയ്യാർ. (കൂട്ടുകളിൽ പ്രാദേശിക ഭേദങ്ങൾ ഉണ്ടാകാം) ദഹനശേഷി വർധിപ്പിക്കും എന്നതിനാൽ ബിരിയാണിയോ നെയ്‌ച്ചോറോ കഴിച്ചതിനു ശേഷം ഒരു ‘സുലൈമാനി’ കുടിക്കുക മലബാറിൽ പതിവാണ്. സുലൈമാനിയുടെ വക ഭേദങ്ങൾ ഹൈദരാബാദിലും മുംബൈയിലുമൊക്കെ കണ്ടുവരുന്നുണ്ട്.

Image result for സുലൈമാനി

സുലൈമാനിയോടുള്ള ബഹുമാനം കൊണ്ടാവാം മുൻ കോഴിക്കോട് ജില്ലാ കളക്ടർ പ്രശാന്ത് ബ്രോ, പാവപ്പെട്ടവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകാനുള്ള പദ്ധതിക്ക് ‘ഓപ്പറേഷൻ സുലൈമാനി’ എന്ന് പേര് നൽകിയത്. കോഴിക്കോട്ടെ നന്മ നിറഞ്ഞ ഹോട്ടൽ നടത്തിപ്പുകാരുടെ സഹകരണത്തോടുകൂടി 2015 ഇൽ തുടങ്ങിയ ഈ പദ്ധതി ഇതുവരെ 80000 ത്തിലധികം പേർക്ക് അന്നം നൽകിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ 13 ഇടങ്ങളിലായി സ്ഥാപിച്ച 15 കൂപ്പൺ വിതരണ കേന്ദ്രങ്ങളിൽ നിന്ന് കിട്ടുന്ന കൂപ്പൺ ഉപയോഗിച്ചു ജില്ലയിലെ പദ്ധതിയോട് സഹകരിക്കുന്ന ഹോട്ടലുകളിൽ ഭക്ഷണം കഴിക്കാം. പൊതുജനങ്ങൾക്ക് ഈ പദ്ധതിയിലേക്ക് സംഭാവന നല്കാൻ ഈ ഹോട്ടലുകളിൽ തന്നെ സൗകര്യമേർപ്പെടുത്തിയിരിക്കുന്നു. ഈ ആശയത്തിന്റെയും തുടക്കം ‘ഉസ്താദ് ഹോട്ടൽ’ തന്നെയായിരുന്നു.