ഓപ്പ-ലോക്ക: അമേരിക്കയിലെ അറേബ്യൻ നഗരം

അബ്ദുള്ള ബിൻ ഹുസൈൻ പട്ടാമ്പി

അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തിലുളള ചെറിയൊരു പട്ടണമാണ് ഓപ്പ ലോക്ക. ഈ നഗരത്തിലേക്ക്‌ പ്രവേശിച്ച ഏതൊരാൾക്കും ഒരു നിമിഷം താൻ അറേബ്യയിലെ ഏതോ ഒരു നഗരത്തിൽ എത്തിപ്പെട്ട പ്രതീതി അനുഭവപ്പെടും. അതിനുകാരണം ഇവിടുത്തെ കെട്ടിടങ്ങളും വാസ്തുശിൽപ്പ രീതിയാണ്. അറബ്‌ – ഇസ്ലാമിക്‌ കെട്ടിട നിർമ്മാണ രീതിയാണ് ഇവിടുത്തെ ഭൂരിഭാഗം കെട്ടിടങ്ങളിലും അവലംഭിച്ചിട്ടുളളത്‌.

ഇവിടുത്തെ ഉയര്‍ന്ന മുസ്ലിം ജനസംഖ്യ ആയിരിക്കും അതിനുകാരണമെന്ന് പലരും തെറ്റിദ്ദരിക്കും. എന്നാൽ വിരലിലെണ്ണാവുന്ന ഇസ്ലാം മതവിശ്വാസികളേ ഈ നഗരത്തിൽ ഇന്നും അധിവസിക്കൊന്നൊളളൂ. അവരാകട്ടെ ഈ അടുത്തകാലത്ത്‌ അവിടേക്ക്‌ കുടിയേറിയവരും. അറേബ്യയുമായോ ഇസ്ലാമുമായോ ഒരു പാരമ്പര്യ ബന്ധവും അവകാശപ്പെടാനില്ലാത്ത ഓപ്പ ലോക്ക എന്ന നഗരം നിലവിൽ വന്നത്‌ 1920കളിലായിരുന്നു. ഇവിടുത്തെ മിക്ക കെട്ടിടങ്ങൾക്കും ഖുബ്ബ( ഡോം )യും മിനാരങ്ങളുമുണ്ട്‌. ഗ്ലെൻ എച്ച്‌ കർട്ടിസ്സ്‌ എന്ന അമേരിക്കൻ കോടീശ്വരനാണ് ഈ നഗരത്തിന്റെ ശിൽപ്പി.

അറേബ്യൻ ക്ലാസിക്‌ കൃതിയായ ആയിരത്തൊന്ന് രാവുകളിൽ ( അൽഫ്‌ ലൈല വ ലൈല ) ആകൃഷ്ടനായ ഗ്ലെന്നിന് , ആ കഥകളിലെ മധ്യകാല അറേബ്യൻ നാഗരിക ജീവിതത്തെ അനുസ്മരിപ്പിക്കുന്ന ഒരു കെട്ടിട സമുച്ചയം നിർമ്മിക്കണമെന്നത്‌ ഒരു ചിരകാലാഭിലാഷമായിരുന്നു. 1924ൽ നിർമ്മിക്കപ്പെട്ട ബഗ്‌ദാദിലെ കളളൻ എന്ന ഇംഗ്ലീഷ്‌ നിശ്ശബ്ദ സിനിമ അറേബ്യൻ വാസ്തു ശിൽപ്പത്തിലുളള അദ്ദേഹത്തിന്റെ താൽപര്യം ഒന്ന് കൂടി വർദ്ദിപ്പിച്ചു. തന്റെ സ്വപ്ന നഗരി നിർമ്മിക്കാൻ ഗ്ലെൻ തെരഞ്ഞെടുത്തത്‌ ‘ഒപ്റ്റിശവോക്ക ലോക്ക’ എന്ന ഗ്രാമമായിരുന്നു. ഒപ്റ്റിശവോക്ക ലോക്ക എന്നത്‌ ഒരു റെഡ്‌ ഇന്ത്യൻ നാമമാണ്. ‘നിരവധി മരങ്ങളാൽ വലയം ചെയ്യപ്പെട്ട ചതുപ്പിലുളള ദ്വീപ്‌’ എന്നാണ് ഈ വാക്കിന്റെ അർത്ഥം. ഒപ്റ്റിശവോക്ക ലോക്ക എന്നതിന്റെ ചുരുക്കപ്പേരാണ് ഓപ്പ ലോക്ക.

ഓപ്പ ലോക്കയിൽ അറേബ്യൻ ശൈലിയിയിൽ ഗ്ലെൻ നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചു. ആ പട്ടണത്തിലെ ഓരോ റോഡുകൾക്കും തെരുവുകൾക്കും ആയിരത്തൊന്ന് രാവുകളിലെ കഥാപാത്രങ്ങളുടേയോ സ്ഥലങ്ങളുടേയോ പേരുകളാണ് അദ്ദേഹം നൽകിയത്‌. ബഗ്‌ദാദ്‌ അവന്യു , അഹ്മദ സ്ട്രീറ്റ്‌ , സെസ്മി (സിംസിം ) സ്ട്രീറ്റ്‌ , അലിബാബ അവന്യു , ശറസാദ്‌ ( ശഹ്‌റാസാദ്‌, ആയിരത്തൊന്ന് രാത്രികളിലെ മുഖ്യകഥാപാത്രം ) സ്ട്രീറ്റ്‌ , അലാഡിൻ ( അത്ഭുത വിളക്കിലെ അലാവുദ്ദീൻ ) അവന്യു… എന്നിങ്ങനെ പോവുന്നു ആ പേരുകൾ.

ന്യൂയോർക്കിലെ വാസ്തുശിൽപ വിദഗ്ദൻ ബെർനെറ്റ്‌ ഇ മുളളറുടെ സഹായത്തോടെ ഗ്ലെൻ 100 ലധികം കെട്ടിടങ്ങളാണ് അറേബ്യൻ മാതൃകയിൽ ഈ നഗരത്തിന്റെ ഭാഗമായി നിർമ്മിച്ചത്‌. അവയിൽ 75 കെട്ടിടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്‌. 1930കളിലെ അമേരിക്കൻ സാമ്പത്തിക പ്രതിസന്ധി പട്ടണത്തേയും ബാധിച്ചു. വീഴാറായ കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്താൻ കഴിയാതെ വന്നു.

പഴയ കെട്ടിടങ്ങൾ പൊളിച്ച്‌ ആധുനിക രൂപത്തിൽ പുതുക്കി പണിയണമെന്ന നിർദ്ദേശം ചില കോണുകളിൽ നിന്ന് ഉയർന്നു. ഒടുവിൽ പട്ടണം പഴയ രൂപത്തിൽ തന്നെ നിലനിർത്താനും അറ്റകുറ്റപ്പണികൾക്ക്‌ വേണ്ട ചെലവുകൾ സ്വയം വഹിക്കുവാനും ഓപ്പ ലോക്ക നഗരവാസികൾ തീരുമാനിച്ചു. ഓപ്പ ലോക്കയിലെ സിറ്റി ഹാൾ പൂർണ്ണമായും പൊളിച്ചുനീക്കി പഴയ രൂപത്തിൽ തന്നെ പുനർ നിർമ്മിച്ചു. ബാക്കിയുളളവയുടെ കേടുപാടുകൾ തീർക്കുകയും ചെയ്തു. ഓരോ മെയ്‌ മാസത്തിലും മൂന്ന് ദിവസം നീണ്ട്‌ നിൽക്കുന്ന അറേബ്യൻ നൈറ്റ്‌ ഫെസ്റ്റിവെൽ ഓപ്പ ലോക്കയിൽ അരങ്ങേറാറുണ്ട്‌.

എന്നാൽ ഖുബ്ബ( ഡോം )കളും മിനാരങ്ങളും നിരത്തിയ ഈ കെട്ടിടങ്ങൾ പൂർണ്ണമായും അറേബ്യൻ രീതിയിലാണ് നിർമ്മിച്ചിട്ടുളളതെന്ന് പറയാനാവില്ല. അവക്ക്‌ അറേബ്യൻ വാസ്തുശിൽപത്തിന്റെ കലാപരമായ മേന്മയുമില്ല. എല്ലാ കെട്ടിടങ്ങളിലും മിനാരങ്ങൾ വെച്ച്പിടിപ്പിക്കുക എന്നത്‌ അറേബ്യൻ നഗര നിർമ്മാണ രീതിയുമല്ല. 1920കളിലെ അമേരിക്കക്കാരന്റെ ഭാവനയിലെ ഒരു മധ്യകാല അറേബ്യൻ നഗരം പുനസൃഷ്ടിക്കുക മാത്രമാണ് ഓപ്പ ലോക്കയിൽ ചെയ്തിട്ടുളളത്‌.