ഓഡിറ്റോറിയത്തിന് അനുമതി വൈകിച്ചു ; പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തു

കണ്ണൂര്‍: കണ്ണൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് നഗരസഭയുടെ ഇടപെടല്‍കൊണ്ടെന്ന് ആരോപണം. സംഭവത്തില്‍ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് പ്രതിക്കൂട്ടിലായത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച ആഡിറ്റോറിയത്തിന് നഗരസഭ പ്രവര്‍ത്തനാനുമതി വൈകിച്ചതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് ആരോപണം. കണ്ണൂര്‍ കൊറ്റാളി സ്വദേശി സജന്‍ പാറയിലിനെയാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

15 കൊല്ലത്തിലേറെ കാലം നൈജീരിയയില്‍ ജോലി ചെയ്ത് സാജന്‍ 3 വര്‍ഷം മുന്‍പ് നാട്ടില്‍ തിരിച്ചെത്തിയ ശേഷമാണ് കണ്ണൂര്‍ ബക്കളത്ത് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മാണം തുടങ്ങിയത്. തുടക്കം മുതല്‍ നഗരസഭ തടസ്സങ്ങള്‍ ഉന്നയിച്ചിരുന്നു. ഒരു ഘട്ടത്തില്‍ കണ്‍വന്‍ഷന്‍ സെന്ററിന്റെ ഒരു ഭാഗം പൊളിച്ച് നീക്കാന്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു.

ഇതേ തുടര്‍ന്ന് പരാതിയുമായി സജന്‍ ജില്ലാ ടൗണ്‍ പ്ലാനിംഗ് ഓഫീസറെ സമീപിച്ചു. പരിശോധന നടത്തിയ ടൗണ്‍ പ്ലാനിംഗ് ഓഫീസര്‍ നിര്‍മ്മാണം തുടരാന്‍ അനുമതി നല്‍കി. ഒടുവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി കെട്ടിട നമ്പറിന് അപേക്ഷ നല്‍കിയപ്പോള്‍ ് നഗരസഭ നിരന്തരം അപേക്ഷ മടക്കിയെന്നാണ് ആരോപണം. നഗരസഭാ അധ്യക്ഷയെ കണ്ട് പരാതി പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ല.

മുഴുന്‍ സമ്പാദ്യവും വച്ച് തുടങ്ങിയ സംരഭം ഉദ്യോഗസ്ഥരുടെ നിസ്സഹകരണം കാരണം ഇല്ലാതാവുന്ന അവസ്ഥയായതോടെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു സജന്‍. ആത്മഹത്യക്ക് പ്രേരിപ്പിച്ച കാരണം നഗരസഭയുടെ നിസഹകരണമാണെന്നാണ് പരക്കെയുള്ള ആരോപണം