‘ഓടിച്ചെന്ന് ആ അമ്മയെ ഒന്നുകൂടി കെട്ടിപ്പിടിക്കാനാണ് തോന്നിയത് ‘; ആമി കണ്ട ശേഷം മഞ്ജു വാര്യര്‍

കമല്‍ സംവിധാനം ചെയ്ത ‘ആമി’യുടെ പ്രദര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ക്കും സമൂഹത്തിലെ പ്രമുഖര്‍ക്കുമായി ഇന്നലെ തിരുവനന്തപുരത്ത് നടന്നു. ചിത്രത്തില്‍ മാധവിക്കുട്ടിയായി അഭിനയിച്ച മഞ്ജു വാര്യര്‍ ചിത്രത്തെ കുറിച്ച് സംസാരിച്ചു. ‘എനിക്ക് വ്യക്തിപരമായി ഈ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഏകദേശം 20 വര്‍ഷം മുമ്പ് ഞാന്‍ മാധവിക്കുട്ടി എന്ന ആ അമ്മയെ കണ്ട കാര്യമാണ് ഓര്‍മ വന്നത്. ഓടിച്ചെന്ന് ആ അമ്മയെ ഒന്നുകൂടി കെട്ടിപിടിക്കാനാണ് തോന്നിയതെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

മഞ്ജുവിന്റെ വാക്കുകള്‍

‘ഞങ്ങളൊന്നുമല്ല പറയേണ്ടത്. സിനിമ കണ്ട ശേഷം പ്രേക്ഷകരാണ് പറയേണ്ടത്. മാധവിക്കുട്ടിയെന്ന എഴുത്തുകാരിയോട് വ്യക്തിപരമായി ഒരുപാട് അടുപ്പമുള്ളവരാണ് ഇന്ന് സിനിമ കണ്ടത്. അതിന്റെ ഒരു വികാര ഒഴുക്കാണ് നാമിന്ന് ഇവിടെ കണ്ടതും.

എനിക്ക് വ്യക്തിപരമായി ഈ സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ഏകദേശം 20 വര്‍ഷം മുമ്പ് ഞാന്‍ മാധവിക്കുട്ടി എന്ന ആ അമ്മയെ കണ്ട കാര്യമാണ് ഓര്‍മ വന്നത്. ഓടിച്ചെന്ന് ആ അമ്മയെ ഒന്നുകൂടി കെട്ടിപിടിക്കാനാണ് തോന്നിയത്. എത്രയോ വര്‍ഷത്തിന് ശേഷമാണെങ്കിലും ആ അമ്മയെക്കുറിച്ച് ഒരു സിനിമ വന്നോപ്പോള്‍ അതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എനിക്ക് അഭിമാനമുണ്ട്. പറഞ്ഞറിയിക്കാനാകാത്ത മാനസികാവസ്ഥയാണ് എനിക്കിപ്പോഴുള്ളത്. എന്നും എനിക്ക് അഭിമാനിക്കാവുന്ന സിനിമയാണിത്. അതിന് സാധിച്ചതില്‍ കമല്‍ സാറിനോടും നിര്‍മാതാവ് റാഫേല്‍
സാറിനോടും എന്റെ നന്ദി അറിയിക്കുന്നു.

ഒപ്പം പ്രവര്‍ത്തിച്ചവരോടും ഇന്നിവിടെ പിന്തുണയുമായി എത്തിച്ചേര്‍ന്ന വിവിധ മേഖലകളിലുള്ള ജനങ്ങളോടും നന്ദി അറിയിക്കുന്നു. ഈ സിനിമ നാളെ മുതല്‍ പ്രേക്ഷകരുടേതാണ്. ഈ സിനിമ കാണുമ്പോള്‍ ഇതിനോട് തോന്നുന്ന സ്നേഹം ഞങ്ങളെയും അറിയിക്കുക’.