ഓക്‌ലന്‍ഡ് ട്വന്റി 20 യില്‍ ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ആദ്യ ടി20 യില്‍ തങ്ങളെ നാണം കെടുത്തിയ ന്യൂസിലന്‍ഡിനെ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിന് തകര്‍ത്ത ഇന്ത്യ മൂന്ന് മത്സര ടി20 പരമ്ബരയില്‍ ഒപ്പമെത്തി. ഇതോടെ ഹാമില്‍ട്ടണില്‍ ഈ മാസം പത്തിന് നടക്കാനിരിക്കുന്ന മൂന്നാം മത്സരം ഫൈനലായി‌ മാറി. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത 20 ഓവറില്‍ 158 റണ്‍സ് നേടിയപ്പോള്‍ 7 പന്തുകള്‍ നില്‍ക്കേ, വെറും 3 വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. 29 പന്തില്‍ 50 റണ്‍സ് നേടിയ നായകന്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ബാറ്റിംഗിലെ ഹീറോ. സ്കോര്‍ : ന്യൂസിലന്‍ഡ് – 158/8 (20 ഓവര്‍), ഇന്ത്യ – 162/3 (18.5 ഓവര്‍)

ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശര്‍മ്മയും ശിഖാര്‍ ധവാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.കഴിഞ്ഞ മത്സരത്തില്‍ പരാജയപ്പെട്ടതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനം പുറത്തെടുത്ത രോഹിത്, 29 പന്തില്‍ 50 റണ്‍സടിച്ചു. 3 ബൗണ്ടറികളും 4 സിക്സറുകളുമടങ്ങുന്നതായിരുന്നു രോഹിതിന്റെ ഇന്നിംഗ്സ്. ധവാന്‍ 31 റണ്‍സ് നേടി. ഇരുവരും തമ്മിലുള്ള ആദ്യ വിക്കറ്റ് കൂട്ടുകെട്ട് 9.2 ഓവറില്‍ 79 റണ്‍സ് നേടിയപ്പോളേക്കും മത്സരം തീരുമാനമായിരുന്നു. മൂന്നാമനായി സ്ഥാനക്കയറ്റം ലഭിച്ചെത്തിയ ഋഷഭ് പന്തും (40*) തിളങ്ങിയതോടെ 7 പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു.

നേരത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍ഡ്, 50 റണ്‍സ് നേടിയ കോളിന്‍ ഡി ഗ്രാന്‍ഡ് ഹോമിന്റേയും, 42 റണ്‍സടിച്ച റോസ് ടെയ്ലറിന്റേയും ബാറ്റിംഗ് മികവിലാണ് നിശ്ചിത 20 ഓവറില്‍ 158/8 എന്ന ഭേദപ്പെട്ട സ്കോറിലെത്തിയത്. ഒരു ഘട്ടത്തില്‍ 50/4 എന്ന നിലയില്‍ തകര്‍ന്നതിന് ശേഷമായിരുന്നു ഗ്രാന്‍ഡ് ഹോം – ടെയ്ലര്‍ കൂട്ടുകെട്ടില്‍ കിവീസ് പിടിച്ചുകയറിയത്. ഇന്ത്യയ്ക്ക് വേണ്ടി ക്രുനാല്‍ പാണ്ട്യ മൂന്ന് വിക്കറ്റുകളും, ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റും വീഴ്ത്തി.