ഒഴിവ് വരുന്ന ആറ് രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം

ന്യൂഡല്‍ഹി: ഒഴിവ് വരുന്ന ആറ് രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിന് നടക്കും. തെരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത്, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള രാജ്യസഭ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒഡീഷയിലെ മൂന്നു സീറ്റുകളിലും, ഗുജറാത്തിലെ രണ്ട് സീറ്റുകളിലും, ബിഹാറിലെ ഒരു സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ്. ഈ മാസം 25നാണ് നാമ നിര്‍ദ്ദേശ പത്രിക നല്‍കാനുള്ള അവസാന ദിവസം. ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ് നടക്കുക.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്നുള്ള രാജ്യസഭ എംപിമാര്‍ വിജയിച്ച സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രവി ശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവര്‍ വിജയിച്ച ഒഴിവുകളും ഇതിലുണ്ട്.

അതേസമയം 28 വര്‍ഷം തുടര്‍ച്ചയായി രാജ്യസഭാംഗമായിരുന്ന മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് വെള്ളിയാഴ്ച പാര്‍ലമെന്റ് അംഗം അല്ലാതായി. 1991 മുതല്‍ അസമില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു മന്‍മോഹന്‍ സിംഗ്. ഇത്തവണയും അസമില്‍ നിന്നും രണ്ട് സീറ്റുകളുടെ ഒഴിവ് വന്നെങ്കിലും മന്‍മോഹന്‍ സിംഗിനെ വിജയിപ്പിക്കാന്‍ ആവശ്യമായ എംഎല്‍എമാര്‍ കോണ്‍ഗ്രസിന് ഇല്ലായിരുന്നു.