ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ്; 21 പേര്‍ക്ക് എച്ച്.ഐ.വി


ലക്‌നൌ: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ എച്ച്.ഐ.വി ബാധിതരുടെ എണ്ണം കൂടി. ഒരേ സിറിഞ്ച് ഉപയോഗിച്ച് കുത്തിവെയ്പ് നടത്തിയതിനെ തുടര്‍ന്നാണ് 21 പേര്‍ക്ക് എച്ച്.ഐ.വി ബാധിച്ചത്. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്.

ഈ പ്രദേശത്ത് എച്ച്.ഐ.വി ബാധിതരുടെ എണ്ണം അടുത്തിടെ വര്‍ധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സംഭവം വ്യക്തമായത്. ആരോഗ്യ വകുപ്പ് ജനുവരി 24 മുതല്‍ 27 വരെ പ്രേംഗഞ്ച്, ചാക്മിര്‍പുര്‍ മേഖലകളില്‍ ക്യാമ്പ് നടത്തി 566 പേരെ പരിശോധിച്ചു. ഇവരില്‍ 21 പേര്‍ക്കാണ് എച്ച്.ഐ.വി ബാധിച്ചത്.

കുറഞ്ഞ ചെലവില്‍ ചികിത്സ വാഗ്ദാനം ചെയ്ത് വ്യാജഡോക്ടര്‍ രാജേന്ദ്ര കുമാര്‍ ഒരേ സിറിഞ്ച് ഉപയോഗിച്ച് പലര്‍ക്കും കുത്തിവെയ്പ് നടത്തിയെന്ന് മനസ്സിലായത്. സംഭവത്തില്‍ വ്യാജഡോക്ടര്‍ക്കെതിരെ കേസെടുത്തു. എച്ച്.ഐ.വി ബാധിതരെ വിദഗ്ധ ചികിത്സയ്ക്കായി കാണ്‍പൂരിലെ ആന്റിറിട്രോ വൈറല്‍ തെറാപ്പി സെന്ററിലേക്ക് മാറ്റി.