‘ഒരു സഖാവാണെന്ന് പറയാൻ വളരെ എളുപ്പമാണ്, പക്ഷെ ഒരു കമ്യൂണിസ്റ്റായി ജീവിക്കുക എന്നത് അത്ര ലളിതമായ കാര്യമല്ല’

ഷറഫുദ്ധീൻ മുല്ലപ്പള്ളി

ഒരു സഖാവാണെന്ന് ഒരു സഖാവാണെന്ന് പറയാൻ വളരെ എളുപ്പമാണ്, പക്ഷെ ഒരു കമ്യൂണിസ്റ്റായി ജീവിക്കുക എന്നത് അത്ര ലളിതമായ കാര്യമല്ല.പറയാൻ വളരെ എളുപ്പമാണ്, പക്ഷെ ഒരു കമ്യൂണിസ്റ്റായി ജീവിക്കുക എന്നത് അത്ര ലളിതമായ കാര്യമല്ല.

ഇടതുപക്ഷ ആശയങ്ങൾ കൃത്യമായി പിന്തുടരാൻ ശ്രമിക്കുമ്പോൾ കുടുംബത്തിൽ നിന്ന്, സുഹൃത്തുക്കളിൽ നിന്ന്, മതമേലധ്യക്ഷൻമാരിൽ നിന്ന് തുടങ്ങി അപ്രതീക്ഷിത ഇടങ്ങളിൽ നിന്ന് വരെ കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വരിക.

ഒരു ഉറച്ച നിലപാടെടുക്കുമ്പോൾ അത്ര കാലവും നിശബ്ദമായ മൂലയിൽ നിന്നാവും ആദ്യ എതിർപ്പിന്റെ ശബ്ദമുയരുന്നത്. സൗമ്യതയുടെ മുഖാവരണമണിഞ്ഞ് ഉള്ളിൽ തികട്ടി വരുന്ന മതതീവ്രത വിശ്വാസത്തിന്റേയും ആചാരത്തിന്റേയും രൂപത്തിലാക്കി അവർ നമുക്ക് മുൻപിൽ മധുചഷകം പോലെ നിരത്തും.

ആയിരവും രണ്ടായിരവും വർഷങ്ങൾ പഴക്കമുള്ള മതങ്ങൾ, ആ കാലത്ത് വസിച്ചിരുന്ന ഗുഹാ മനുഷ്യരെ പുരോഗതിയിലേക്ക് നയിക്കാൻ വേണ്ടി എഴുതിയുണ്ടാക്കിയ നിയമ പുസ്തകത്തിലെ വരികൾ പുരോഗമനത്തിന്റെ ഉന്നതിയിൽ നിൽക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാവർത്തികമാക്കണമെന്ന് പറയുന്നിടത്താണ് വർഗീയവിത്ത് മുളച്ച് പാകമാവുന്നത്.

കായിക ബലമുള്ളവർ കാര്യക്കാരും തൊലി വെളുപ്പുള്ളവർ അവരുടെ മേലാളൻമാരുമായിരുന്ന ഇരുണ്ട കാലഘട്ടത്തിൽ, അവർക്കനുകൂലമായും നാമമാത്ര പരിഗണന പാർശ്വവൽക്കരിക്കപ്പെട്ടവർക്കും, അടിച്ചമർത്തപ്പെട്ടവർക്കും നൽകിയിരുന്ന മത നിയമങ്ങൾ അതേപടി ആധുനിക കാലഘട്ടത്തിലേക്കും ആനയിക്കപ്പെടുമ്പോൾ തീർച്ചയായും വൈരുധ്യങ്ങളുടെ സമ്മേളനമാവും ദർശിക്കാനാവുക.

അവിടെ ആചാരങ്ങളും പ്രാകൃത ശിക്ഷാരീതികളും, യുക്തിരഹിതമായ വിവേചനങ്ങളും ഒരു ഭാഗത്തും, ആധുനിക നവോത്ഥാനം മറുഭാഗത്തും നിന്ന് സംഘർഷത്തിലേർപ്പെടുക തന്നെ ചെയ്യും. അങ്ങനെയുണ്ടാകുന്ന സംഘർഷത്തിൽ പക്ഷം ചേരേണ്ടി വരുന്ന സാഹചര്യം ഉരുത്തിരിയുമ്പോൾ പുരോഗമനാശയത്തിന്റെ കൂടെ നിൽക്കാതെ സ്വന്തം മതത്തിന്റെ ജീർണ്ണതക്കൊപ്പം ചേരാൻ കാണിക്കുന്ന മനസ്സിലാണ് വർഗ്ഗീയതയുടെ വിഷവിത്ത് മുളച്ച് ഒരു മരമായി വളരാൻ തുടങ്ങുന്നത്.

ആൾക്കൂട്ടത്തിന്റെ സമരവീര്യം കണ്ട് കൂടെച്ചേർന്നവരും, വ്യക്തിഗതാനുകൂല്യം നേടിത്തന്നതിന് ഉപകാരസ്മരണയിയായി ഒപ്പം നിന്നവരും, പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ ചെഗുവേര ചിത്രത്തെ ഭിത്തിയിലൊട്ടിച്ചവരുമൊക്കെ സ്വന്തം മതത്തിലേക്ക് വിപ്ലവം കടന്ന് വരുന്നതോട് കൂടി ഭക്തിയുടെ വഴിയിലേക്ക് പിന്തിരിഞ്ഞോടും. കാരണം അവരെ നയിക്കുന്നത് മാനവികതയോ, സമത്വമോ, തുല്യനീതിയോ ഒന്നുമല്ല. ജാതിയും മതവും അത് പകർന്നു നൽകിയ ജീർണ്ണതകളും മാത്രമാണ്.

കമ്യൂണിസ്റ്റായി ജീവിക്കുക എന്നതും, നിലപാടെടുക്കുക എന്നതും എടുത്ത നിലപാടിൽ ഉറച്ചു നിൽക്കുക എന്നതും ആധുനികതയുടെ വർണ്ണശോഭയിലും ഭാരിച്ച ദൗത്യം തന്നെയാണ്.