ഒരു രാജ്യത്തിന്റെ നവനിർമ്മാണ ചരിത്രം

അജീഷ്. പി. എസ്സ്.

ഒരു രാജ്യത്തിൻറെ നിലനില്പിനെയും ഉയർച്ചയെയും പ്രത്യക്ഷത്തിൽ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്- ശക്തമായ ഭരണഘടന,ഭരണ കർത്താക്കളുടെ സേവന താല്പര്യവും കാര്യശേഷിയും,ജനവിഭാഗങ്ങളുടെ ഐക്യം,പൗരന്മാരുടെ അദ്ധ്വാന മനസ്ഥിതി,ദേശ സ്നേഹം,പ്രകൃതി വിഭവങ്ങൾ,ഉദ്യോഗസ്ഥന്മാരുടെ ധർമനിഷ്ഠ എന്നിങ്ങനെ ഒട്ടനവധി ഘടകങ്ങൾ. ഒരു രാജ്യത്തിൻറെ പുരോഗതിയ്ക്കും ക്ഷേമത്തിനും ഇതെല്ലാം ആവശ്യമാണെങ്കിലും സുപ്രധാനമായ മറ്റൊരുഘടകംകൂടെ ഒഴിച്ചുക്കൂടാനാകാത്തതാണ്- സമയബന്ധിതമായി തന്ത്രപൂർവം തീരുമാനങ്ങളെടുക്കാനും നടപ്പിലാക്കാനുമുള്ള ഭരണാധികാരികളുടെ മിടുക്ക്.ഒരു രാജ്യത്തു ചിലപ്പോൾ സാമാന്യം നല്ല ഭരണഘടനയും സൈന്യവും വികസനത്തിനാവശ്യമായ വിഭവങ്ങളും ഉണ്ടായിരിക്കാം, എന്നിരുന്നാലും തന്ത്രപൂർവം തീരുമാനങ്ങളെടുത്തു പ്രാവർത്തികമാക്കാൻ കഴിവില്ലാത്ത ഒരാളാണ് അവിടുത്തെ ഭരണാധിപൻ എങ്കിൽ രാജ്യത്തിൻറെ നിലനിൽപ്പ് തന്നെ അപകടത്തിലായിതീരും. ദൃഢനിശ്ചയമില്ലാത്തവരും സമയാസമയത്തു തീരുമാനങ്ങൾ എടുത്തു നടപ്പിലാക്കാൻ സാധിക്കാത്തവരും അധികാര പീഠങ്ങളിൽ വന്നത് കാരണം തകർന്നടിഞ്ഞ മഹാ സാമ്രാജ്യങ്ങൾവരെയുണ്ട് ലോകത്തിൽ.

ഇന്ത്യ ഭൂഖണ്ഡത്തിൽ തീരെ ചെറുതായിരുന്നെങ്കിലും സാംസ്കാരിക-വാണിജ്യ മേഖലകളിൽ ശക്തമായ മുന്നേറ്റം കാഴ്ചവെച്ചു ഒടുവിൽ കഥാവശേഷമായ കൊച്ചി നാട്ടുരാജ്യവും ഒരു കാലത്തു സമാനമായ പ്രതിസന്ധികളിലൂടെ കടന്നു പോവുകയുണ്ടായി. ഉദ്യഗസ്ത തലത്തിലെ അഴിമതിയും കാര്യക്ഷമതയുടെ അഭാവവുമായിരുന്നു കൊച്ചി രാജ്യത്തെ പ്രശ്നം. ശക്തൻ തമ്പുരാൻ എന്ന പേരിൽ വിഖ്യാതനായ രാമ വർമ്മ മഹാരാജാവിന്റെ കാലഘട്ടത്തിലാണ് കൊച്ചി രാജ്യം വികസനത്തിന്റെ പടവുകൾ താണ്ടി ബഹുദൂരം മുന്നോട്ടുപോയത്. ജനപക്ഷ ചിന്തകനായിരുന്ന ശക്തൻതമ്പുരാൻ യാഥാസ്ഥിതികരായ വികസന വിരോധികൾക്കെതിരെയും ജന്മിത്ത വ്യവസ്ഥിതികൾക്കെതിരെയും ശക്തമായ നിലപാടെടുത്തുകൊണ്ട് പുതിയൊരു ഭരണ സമ്പ്രദായത്തിന് ആരംഭം കുറിച്ചു. കച്ചവടക്കാർക്ക് മതിയായ പ്രോത്സാഹനം നൽകികൊണ്ടു അദ്ദേഹം രാജ്യത്തിൻറെ വരുമാനം വർധിപ്പിച്ചു. ജന്മിത്ത വ്യവസ്ഥ അതിന്റെ മൂര്ധന്യത്തിലെത്തിയിരുന്ന അക്കാലത്തു നിയമപാലനം പേരിനുവേണ്ടിപോലും രാജ്യത്തുണ്ടായിരുന്നില്ല.ഇക്കാരണത്താൽ കുറ്റവാളികളെ കൊണ്ട് രാജ്യത്തെ പൊതുജനം നിരന്തരം ദുരിതമനുഭവിച്ചു വരികയായിരുന്നു. അനീതിയുമായി യാതൊരു വിധ സന്ധിയും ചെയ്യാൻ കൂട്ടാക്കാതിരുന്ന ശ്രീ രാമവർമ്മ ശക്തൻ തമ്പുരാൻ ചെറുകുറ്റവാളികൾക്കുപോലും കഠിന ശിക്ഷനല്കികൊണ്ടു രാജ്യത്തെ നീതിയിലേയ്ക്ക് നയിച്ചു. അതുവരെയുള്ള കൊച്ചിരാജാക്കന്മാർ പോർച്ചുഗീസുകാരുടെയും ഡച്ചുകാരുടെയുമെല്ലാം കളിപ്പാവകളെപ്പോലെ കഴിഞ്ഞിരുന്നവരാണെങ്കിൽ ശ്രീ രാമവർമ ശക്തൻ തമ്പുരാൻ അങ്ങനെയായിരുന്നില്ല. അദ്ദേഹം ദീർഘവീക്ഷണമുള്ള നയതന്ത്രജ്ഞനായിരുന്നു. ബ്രിട്ടീഷുകാർ ഇതര നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികളെ നിഷ്ഫലരാക്കി പിടിച്ചടക്കിയ പ്രദേശങ്ങളുടെ പട്ടികയിൽ കൊച്ചി രാജ്യം ഉൾപ്പെടാതിരുന്നത് തന്ത്രശാലിയായ ശക്തൻ തമ്പുരാന്റെ ഊർജ്ജസ്വലമായ നിലപാടുകളും പ്രവർത്തികളും കാരണമാണ്. ഇങ്ങനെ രാഷ്ട്രീയമായും സാമൂഹികപരമായും സാംസ്കാരികമായിട്ടുമെല്ലാം നാടിനെ പുരോഗതിയിലേക്കു നയിച്ച ശ്രീ ശക്തൻ തമ്പുരാൻ മഹാരാജാവ് ചരിത്രത്തിൽ ഒരു വീരഗാഥ സൃഷ്ടിച്ചു. പക്ഷെ അദ്ദേഹത്തിന് ശേഷം രാജാവായി സ്ഥാനമേറ്റ പലരും ഇത്തരത്തിലുള്ളൊരു വീരഗാഥ തുടരുന്നതിൽ പരാജയമടഞ്ഞു. ശ്രീ ശക്തൻ തമ്പുരാന്റെ ഊർജ്ജസ്വലതയും കുലീനതയും ആജ്ഞാശക്തിയും കർമ്മ വൈഭവവുമെല്ലാം സ്വായത്തമാക്കുന്നതിൽ പിന്നീട് അധികാരമേറ്റ പല കൊച്ചി രാജാക്കന്മാരും അമ്പേ പരാജയപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി ശ്രീ ശക്തൻ തമ്പുരാന്റെ മരണാന്തരം, ഒരു ഇടവേളയ്ക്കു ശേഷം പിന്നെയും ജന്മിത്ത വ്യവസ്ഥിതിയും നിയമ രാഹിത്യവുമെല്ലാം തലപൊക്കി. ശക്തൻ മഹാരാജാവിന്റെ കാലൊച്ച കേൾക്കാൻ പോലും വയ്യാതെ പേടിച്ചു ഉൾവലിഞ്ഞിരിക്കുകയായിരുന്ന പല ജന്മിത്ത പ്രമാണിമാരും കൊടും കുറ്റവാളികളും ഇതോടെ പിന്നെയും അരങ്ങു തകർത്താടിതുടങ്ങി. ഇതോടെ പൊതു ജനം ഇവരുടെ അസഹനീയമായിരുന്ന ശല്യം കൊണ്ട് തളർന്നു. കൊലയ്ക്കും മോഷണത്തിനും കണക്കില്ലാതെയായി. പട്ടിണിയും ദാരിദ്രവും രാജ്യത്താകമാനം പടർന്നുപന്തലിച്ചു. ശക്തരായ നിയമ പാലകർ ഇല്ലെന്നുവന്നപ്പോൾ ആർക്കും എന്തും ചെയ്യാമെന്ന സ്ഥിതി വിശേഷമായി, പഴമക്കാർ പറഞ്ഞിരുന്നതുപോലെ “കയ്യൂക്കുള്ളവർ കാര്യക്കാർ” തന്നെയായി.
ശക്തൻ മഹാരാജാവിനു ശേഷം അധികാരമേറ്റെടുത്ത രാമവർമ്മ മഹാരാജാവ് ഒരു സംസ്കൃത പണ്ഡിതനായിരുന്നു. സംസ്കൃത പണ്ഡിതന്മാരുടെ സദസ്സ് സംഘടിപ്പിക്കുന്നതിലും അനുബന്ധ കർത്തവ്യങ്ങളിൽ മുഴുകുന്നതിലുമായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. ഭരണകാര്യങ്ങളിൽ അദ്ദേഹം തീരെ താല്പര്യം പ്രകടിപ്പിച്ചില്ലെന്നു മാത്രമല്ല, ആരെങ്കിലും എന്തെങ്കിലും ചെയ്തുകൊള്ളട്ടെ എന്നതരത്തിലുള്ള നിലപാടെടുത്തുകൊണ്ട് ഉദ്യോഗസ്ഥ വൃന്ദത്തെമുഴുവനും തന്നിഷ്ട പ്രകാരം വർത്തിക്കാൻ മൗനമായി അനുവദിക്കുകയും ചെയ്തു. ഇതോടെ സർക്കാർ ഉദ്യോഗസ്ഥന്മാർ കൈക്കൂലികൈപറ്റുന്നവരും അഴിമതിക്കാരുമായി മാറി,കൂടാതെ രാജ്യത്തിൻറെ പൊതുഖജനാവ് വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ഇതിന്റെ എല്ലാം ഫലമായി രാജ്യം നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

പത്തൊൻപതാം നൂറ്റാണ്ടായപ്പോഴേക്കും കൊച്ചി രാജ്യത്തിന്മേൽ ബ്രിട്ടീഷുകാർക്കുള്ള സ്വാധീനം കൂടുതൽ മുറുകി. മഹാരാജാക്കന്മാർക്കു ബ്രിട്ടീഷുകാരുടെ നിലപാടുകളോട് അതൃപ്തി ഉണ്ടായിരുന്നെങ്കിലും എല്ലാം ക്ഷമിക്കുകയെ നിവൃത്തി ഉണ്ടായിരുന്നുള്ളു.പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തിൽ ടിപ്പുവിന്റെ പടയോട്ട കാലത്തു(1791 ജനുവരി 6 നു) കൊച്ചി മഹാരാജാവും ബ്രിട്ടീഷുകാരും തമ്മിൽ ഒരു ഉടമ്പടി ഉണ്ടാക്കി .പ്രസ്തുത ഉടമ്പടി പ്രകാരം കൊച്ചി രാജാവ് ബ്രിട്ടീഷുകാർക്ക് ഒരു ലക്ഷം ക. വാർഷികമായി കപ്പം കൊടുക്കണമെന്നുണ്ടായിരുന്നു.പ്രതിഫലമായി ബ്രിട്ടീഷുകാർ കൊച്ചി രാജ്യത്തിൻറെ സംരക്ഷണം ഏറ്റെടുക്കണം എന്നതായിരുന്നു വ്യവസ്ഥ. അതോടെയാണ് കൊച്ചി രാജ്യത്തിന്മേൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് അധീശാധികാരം സിദ്ധിച്ചത്. പ്രസ്തുത അധികാരം ചൂഷണം ചെയ്തുകൊണ്ട് പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ കൊച്ചിയിലെ ആഭ്യന്തര കാര്യങ്ങളിൽ ക്രമാധീതമായി ഇടപെടാൻ ആരംഭിച്ചു.ഇത് കണ്ടു സഹിക്കാൻ വയ്യാതെ 1808ൽ കൊച്ചി പ്രധാനമന്ത്രി എന്ന വിശേഷണത്തിന് അർഹനായിരുന്ന പാലിയത്തച്ചൻ ബ്രിട്ടീഷുകാർക്കെതിരെ ഒരു ലഹള സംഘടിപ്പിച്ചു. തിരുവിതാംകൂറിലെ സമാന ചിന്താഗതിക്കാരനായ വേലുത്തമ്പി ദളവയുടെ പിന്തുണയും പ്രസ്തുത ലഹളയ്ക്ക് ഉണ്ടായിരുന്നു. ബ്രിട്ടീഷ് ഏജന്റുമാർ കൊച്ചിയിലെ ആഭ്യന്തര കാര്യങ്ങളിൽ ക്രമാധീതമായി ഇടപെട്ടതും, കൊച്ചിയുടെ പ്രദേശപരമായ അവകാശവാദങ്ങളെ പ്രതികൂലമായി ബാധിക്കുന്നതരത്തിലുള്ള തീർപ്പുകൾ ബ്രിട്ടീഷുകാർ സ്വീകരിച്ചിരുന്നതും പാലിയത്തച്ചനെ പ്രകോപിപ്പിച്ചു. ഇതിനെ തുടര്ന്നു 600 ഭടന്മാരുമായി 1808 ഡിസംബർ 18 നു പാലിയത്തച്ചൻ കൊച്ചിയിലെ റെസിഡൻസി ബംഗ്ലാവ് വളഞ്ഞു. അന്നത്തെ ബ്രിട്ടീഷ് അധിപൻ മെക്കാളെ പ്രഭു പ്രസ്തുത ബംഗ്ലാവിലാണ് വസിച്ചിരുന്നത്. ബംഗ്ലാവ് ആക്രമിച്ചു കീഴടക്കൽ വിജയകരമായി എങ്കിലും നടവരമ്പ് കുഞ്ഞികൃഷ്ണമേനോൻ എന്നൊരു ബ്രിട്ടീഷ് ഭക്തന്റെ സഹായത്തോടെ മെക്കാളെ പ്രഭു അത്ഭുതകരമായി ബംഗ്ലാവിനു പുറത്തുകടക്കുകയും കപ്പൽ കയറി മദ്രാസിലേക്ക് രക്ഷപെട്ടോടുകയും ചെയ്തു. മദ്രാസിലെത്തിയ മെക്കാളെ പ്രഭു പാലിയത്തച്ചനെ ശ്രമങ്ങളെ അമർച്ച ചെയ്യാൻ വലിയൊരു ബ്രിട്ടീഷ് സൈനിക വ്യൂഹത്തെ കൊച്ചിയിലേക്കയച്ചു. ഇവരോട് പൊരുതി നില്ക്കാൻ പാലിയത്തച്ചന്റെയും വേലുത്തമ്പി ദളവയുടെയും സംയുക്ത സൈന്യത്തിന് കഴിഞ്ഞില്ല.തുടർന്ന് ബ്രിട്ടീഷുകാർക്ക് മുൻപിൽ കീഴടങ്ങിയ പാലിയത്തച്ഛനു അധികാരം കിട്ടിയില്ലെന്നു മാത്രമല്ല കാശിയിലേയ്ക്ക് നാടുകടത്തപെടുകയും ചെയ്തു. അവിടെ വച്ചാണ് അദ്ദേഹം കാലംചെയ്തത്. വേലുത്തമ്പി ദളവയെ പിന്നീടൊരു അവസരത്തിൽ വധശിക്ഷയ്ക്കു വിധേയനാക്കി.
ബ്രിട്ടീഷ് ആധിപത്യം ഇന്ത്യയിലൊട്ടാകെ വ്യാപിച്ചിരുന്ന സാഹചര്യത്തിൽ 1809 മെയ് 6 നു ഉണ്ടാക്കിയ കരാർ അനുസരിച്ചു, ബ്രിട്ടീഷ് റെസിഡന്റിന്റെ അനുമതിയോടെ മാത്രമേ കൊച്ചി രാജാക്കന്മാർക്ക് ഭരണകാര്യങ്ങളിൽ തീരുമാനമെടുക്കാനാകൂ എന്ന സ്ഥിതി വന്നു. ഇതു രാജ്യത്തെ മഹാരാജാക്കൻമാരുടെ പരമാധികാരം ഇല്ലാതാക്കിക്കൊണ്ടുള്ള തീരുമാനമായിരുന്നു.
പരമ്പരാഗതമായി കൊച്ചിയിലെ പ്രധാനമന്ത്രിമാരായി സ്ഥാനമേറ്റിരുന്നത് ചേന്നമംഗലം പാലിയം തറവാട്ടിലെ കാരണവന്മാരായിരുന്നു. 1808ലെ ലഹളയ്ക്ക് ശേഷം അന്നത്തെ പാലിയത്തച്ചൻ നാടുകടത്തപെട്ടതോടെ പ്രസ്തുത പാരമ്പര്യത്തിന് അന്ത്യം കുറിക്കപ്പെട്ടു. തുടർന്ന് കൊച്ചി പ്രധാനമന്ത്രിയാകാനുള്ള അവസരം കിട്ടിയത്, മെക്കാളെ പ്രഭുവിനെ രക്ഷപ്പെടുത്തിയ ബ്രിട്ടീഷ് ഭക്തൻ നടവരമ്പ് കുഞ്ഞികൃഷ്ണമേനവനു ആയിരുന്നു. അദ്ദേഹം ഒരു കഴിവുകെട്ട ഭരണാധികാരി ആയിരുന്നു.
പാലിയത്തച്ചന്മാരുടെ കർമ്മവൈഭവത്തിന്റെ ഒരു അംശം പോലും കുഞ്ഞികൃഷ്ണമേനോവനു ഉണ്ടായിരുന്നില്ല,തൽഫലമായി രാജ്യം സാമ്പത്തിക തകർച്ചയുടെ വക്കിലെത്തി എന്നുകണ്ടപ്പോൾ അദ്ദേഹത്തെ ഒഴിവാക്കുവാൻ ബ്രിട്ടീഷുകാർ നിര്ബന്ധിതരായി. പിന്നീട് കേണൽ മൺറോ എന്ന ബ്രിട്ടീഷ് റസിഡന്റ് കൊച്ചിയിലെ ദിവാൻ ആയി സ്ഥാനമേറ്റു. ഇതോടെ രാജ്യത്തു പ്രധാന മന്ത്രി എന്നൊരു പദവി ഇല്ലാതാവുകയും പകരം ദിവാൻ എന്ന ഉദ്യോഗം ആരംഭിക്കുകയും ചെയ്തു. കേണൽ മൺറോ എല്ലാം കൊണ്ടും കഴിവുള്ള ഉദ്യോഗസ്ഥനായിരുന്നു. ഇദ്ദേഹം അഴിമതി തുടച്ചുനീക്കാൻ പരിശ്രമിക്കുകയും കോടതിവ്യവസ്ഥയെ മാറ്റിയെടുക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പിൻഗാമി നഞ്ചപ്പയ്യയും സമർത്ഥനായ ഭരണാധികാരി ആയിരുന്നു. ഇദ്ദേഹം ഭരണം കാര്യക്ഷമമാകുന്നതിനുവേണ്ടി ഏതാനും സർക്കാർ വകുപ്പുകൾകൂടെ സൃഷ്ടിച്ചു. എന്നാൽ പിന്നീടവിടുന്നു ദിവാന്മാരായ ശേഷഗിരിറാവു, ഇടമന ശങ്കരൻ മേനോൻ എന്നിവർ കാര്യക്ഷമതയില്ലാത്തവരായിരുന്നു. ചില തീരുമാനങ്ങൾ രാജ്യത്തിൻറെ പൊതു താല്പര്യത്തിനു എതിരാണെന്ന് വന്നതിനെ തുടർന്ന് ഇടമന ശങ്കരൻ മേനോൻ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ജയിലിൽ അടയ്ക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്.അടുത്ത ദിവാൻ വെങ്കട്ട സുബ്ബയ്യ സാമാന്യം ഭേദപ്പെട്ട നിലയിൽ രാജ്യം ഭരിച്ചെങ്കിലും ഒടുവിൽ മഹാരാജാവുമായി തെറ്റിപ്പിരിഞ്ഞു സ്ഥാനം ഒഴിഞ്ഞു.
പ്രസ്തുത കാലയളവുകളിൽ (1805-40) സർക്കാർ ഉദ്യോഗസ്ഥർക്കുപോലും സമയത്തു ശമ്പളം കൊടുക്കാനുള്ള വരുമാനം നേടിയെടുക്കാൻ സർക്കാരിന് പലപ്പോഴും കഴിഞ്ഞിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക വിഭവങ്ങളുടെ അഭാവം കാരണമല്ല ഇങ്ങനെയൊന്നും സംഭവിച്ചത്. മറിച്ചു രാജ്യത്തിൻറെ സാമ്പത്തിക വിഭവങ്ങൾ ലാഭകരമായ രീതിയിൽ വിനിയോഗിക്കുന്നതിൽ സംപൂര്ണമായി ഭരണകർത്താക്കൾ പരാജയപ്പെട്ടു എന്നതും രാജ്യത്തിൻറെ ഖജനാവ് വ്യാപകമായി കൊള്ളയടിക്കപ്പെട്ടു എന്നുള്ളതും വരുമാനം കുറഞ്ഞതിന് പിന്നിലുള്ള കാരണങ്ങളാണ്.

വെങ്കട്ട സുബയ്യയ്ക്ക് ശേഷം രാജ്യത്തിന്റെ ദിവാൻ പദവി ഏറ്റെടുത്ത എടക്കുന്നി ശങ്കരവാര്യർ ആധുനിക കൊച്ചിയുടെ ശില്പി എന്നപേരിലറിയപ്പെടുന്നു. ദിവാൻ ആയിരിക്കെ ശങ്കര വാര്യർ നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങൾ രാജ്യത്തെ നഷ്ടത്തിൽനിന്നും വരുമാനത്തിലേയ്ക്ക് കര കയറ്റി.1840 മുതൽ 1856 വരെ പതിനേഴുവര്ഷമായിരുന്നു അദ്ദേഹത്തിന്റെ ഭരണ കാലയളവ്.അദ്ദേഹത്തിന്റെ കാലയളവിലാണ് രാജ്യം സാമ്പത്തികമായും ഭരണപരമായും മികച്ച പുരോഗതി നേടിയതും മറ്റു ഇന്ത്യൻ നാട്ടുരജ്യങ്ങളുടെ മുന്നണിയിൽ എത്തിച്ചേർന്നതും.അക്കാലത്തു നികുതി പിരിവു,പൊതുമരാമത്തു പണികൾ,ജലസേചന പദ്ധതികൾ എന്നിവയിലെല്ലാം വലിയ നേട്ടം രാജ്യം കൈവരിച്ചു.കൊച്ചി രാജ്യത്തു അടിമക്കച്ചവടം നിറുത്തലാക്കികൊണ്ട് രാജകീയ വിളംബരം പുറപ്പെടുവിച്ചത് പരിഷ്കൃത ആശയക്കാരൻ കൂടിയായിരുന്ന ശങ്കര വാരിയരുടെ ഭരണകാലത്താണ്.കൃഷി,പൊതുജന ആരോഗ്യം,വിദ്യാഭ്യാസം എന്നിവയിലും ശങ്കര വാര്യർ ദത്ത ശ്രദ്ധ പതിപ്പിച്ചു.ഇദ്ദേഹം സ്ഥാപിച്ച എറണാകുളത്തെ ഇംഗ്ലീഷ് സ്കൂൾ ആണ് പിൽക്കാലത്തു മഹാരാജാസ് കോളേജ് ആയി ഉയർത്തപ്പെട്ടതു.
1718 ജനുവരി 22നു തൃശ്ശൂരിനടുത്തുള്ള എടക്കുന്നി വാര്യത്തു ആയിരുന്നു ശങ്കര വാര്യെരുടെ ജനനം. നിർധന കുടുംബത്തിൽ ജനിച്ച അദ്ദേഹം സ്വന്തം പരിശ്രമം കൊണ്ടാണ് ദിവാൻ പദവിയിൽ എത്തിച്ചേർന്നത്. ബാല്യകാലത്തു സംസ്കൃതം അഭ്യസിച്ച അദ്ദേഹം 17-ആം വയസിൽ ജോലിതേടി എറണാകുളത്തേക്കു വരികയും അപ്പീൽ കോടതിയിലെ ഗുമസ്തപ്പണി കരസ്ഥമാക്കുകയും ചെയ്തു. ഇംഗ്ലീഷ് ഭാഷയിൽ നൈപുണ്യം നേടുവാൻ അത്യധികം താല്പര്യം പ്രകടിപ്പിച്ച വാര്യർ അതിനു വേണ്ട എല്ലാ ശ്രമങ്ങളും കൈക്കൊണ്ടു.പിൽക്കാലത്തു വളരെ സമർത്ഥമായി ആംഗലേയ ഭാഷ കൈകാര്യം ചെയ്ത അദ്ദേഹം ബ്രിട്ടീഷുകാരുടെ കണ്ണിലുണ്ണിയായി. കോടതിയിൽ ഗുമസ്തനായി ചേർന്ന് ഏകദേശം ഒരു വര്ഷം പിന്നിട്ടപ്പോഴേക്കും സർക്കാർ ഡിപ്പാർട്മെന്റിൽ അദ്ദേഹത്തിന് ഉദ്യോഗം കിട്ടി.1820ൽ അന്നത്തെ ദിവാൻ ആയിരുന്ന നഞ്ചപ്പയ്യയുടെ കാര്യാലയത്തിൽ ജോലിയിൽ പ്രവേശിച്ചു. 24 -ആം വയസ്സിൽ കറസ്പോണ്ടൻസ് ഡിപ്പാർട്മെന്റിന്റെ മേധാവിയാകാൻ വാര്യർക്ക് സാധിച്ചു.1832 മുതൽ 1835 വരെ ഹുസുർ ശെരിസ്താദാർ(ശിരസ്താർ) എന്ന പദവിയിൽ വളരെ കാര്യക്ഷമമായ രീതിയിൽ പ്രവർത്തിച്ച ശങ്കര വാര്യർക്ക് 1835 ൽ ദിവാൻ പെരിഷ്കാർ അഥവാ ദിവാന്റെ സഹായിയായി സ്ഥാനക്കയറ്റം ലഭിച്ചു. ഇടമന ശങ്കര മേനോൻ ആയിരുന്നു അന്നത്തെ ദിവാൻ.പിന്നീട് വെങ്കട്ട സുബ്ബയ്യ ദിവാനായിരുന്നപ്പോഴും ശങ്കര വാരിയർ ദിവാൻ പെരിഷ്കാർ ആയി തന്നെ തുടർന്നു. പ്രസ്തുത കാലയളവുകളിൽ ഇംഗ്ലീഷ് ഭാഷയിലെ അഗ്രഗണ്യമായ പാടവം കൊണ്ടും ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലെ കാര്യക്ഷമതയും ചുറുചുറുക്കും കൊണ്ടും ബ്രിട്ടീഷുകാരെയും മഹാരാജാക്കന്മാരെയും ഒരു പോലെ അത്ഭുത സ്തബ്ദരാക്കാൻ ശങ്കര വാരിയർക്കു കഴിഞ്ഞു. 1840 കളിൽ അന്നത്തെ ദിവാൻ വെങ്കട്ട സുബയ്യ മഹാരാജാവുമായി ഉടക്കി പിരിഞ്ഞു സ്ഥാനം ഒഴിഞ്ഞപ്പോൾ പിന്നത്തെ ദിവാൻ ആരായിരിക്കണമെന്നതിനെ കുറിച്ച് ആർക്കും രണ്ടഭിപ്രായമുണ്ടായിരുന്നില്ല. വെങ്കട്ട സുബ്ബയ്യയുടെ നാടകീയമായ സ്ഥാനമൊഴിയലിനു ശേഷം ശങ്കര വാരിയർ തന്നെ എതിരഭിപ്രായങ്ങളില്ലാതെ ദിവാൻ ആയി അധികാരമേറ്റെടുത്തു.
ദൃഢഗാത്രതയുളള സ്വാതന്ത്ര്യ ബോധം, പരിധികളില്ലാത്ത ഊർജ്ജസ്വലത, ക്ഷീണം തീണ്ടാത്ത ഉത്സാഹ മനസ്ഥിതി, കർമ്മരംഗത്തോടുള്ള ഉജ്ജ്വലമായ അഭിനിവേശം എന്നിവയെല്ലാമായിരുന്നു ശങ്കര വാര്യരുടെ സ്വഭാവ സവിശേഷതകൾ. ഒരിക്കൽ ദിവാൻ വെങ്കട്ട സുബ്ബയ്യക്ക് ബ്രിട്ടീഷ് മേജർ ജനറൽ ഫ്രെസെർ ഇപ്രകാരം എഴുതി,”അദ്ദേഹത്തിന്റെ (ശങ്കര വാര്യരുടെ) കഴിവിനെയും ബുദ്ധിശക്തിയെയും സംബന്ധിച്ച് ഉന്നത അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ ഞാൻ അത്യധികം സന്തോഷഭരിതനാണ്.അവ സർക്കാരിന് എന്നതുപോലെ എനിക്കും വളരെ ഉപകാരപ്രദമായിരുന്നു.രാജ്യത്തിൻറെ ഏറ്റവും പ്രയോജനപ്രദവും വിലപ്പെട്ടതുമായ ഒരു ഉദ്യോഗസ്ഥനായി അദ്ദേഹത്തെ എപ്പോഴും പ്രതിഷ്ടിക്കാമെന്ന കാര്യത്തിൽ ഞാൻ ഉറപ്പുതരുന്നു.”
ശങ്കര വാര്യരെക്കുറിച്ചു ഫ്രേസർ രേഖപ്പെടുത്തിയ അഭിപ്രായം അക്ഷരം പ്രതി ശരിയായിരുന്നു എന്ന് പിന്നീട് കാലം തെളിയിച്ചു. അദ്ദേഹം ദിവാൻ പദവി ഏറ്റെടുത്തു വർഷങ്ങൾ കഴിഞ്ഞപ്പോഴേക്കും ചരിത്രം തിരുത്തികൊണ്ട് കൊച്ചി രാജ്യത്തെ എല്ലാ സർക്കാർ വകുപ്പുകളും കാര്യക്ഷമമായി വർത്തിച്ചു തുടങ്ങി, നഷ്ടത്തിലായിരുന്ന പൊതുഖജനാവ് വൻ ലാഭത്തിലായി.

സർക്കാരുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും വകുപ്പുകളിലും ഒരു പോലെ ശ്രദ്ധ പുലർത്താൻ ശങ്കര വാര്യർക്ക് സാധിച്ചിരുന്നു. എന്നാൽ ഒരു ഭരണകൂടത്തിന്റെ നിലനില്പിനാവശ്യമായ ഘടകങ്ങളായ സാമ്പത്തിക നിയന്ത്രണം,വികസന പ്രവർത്തനങ്ങൾ,കാർഷിക-വ്യാവസായിക വളർച്ച,നീതിനിർവഹണം എന്നിവയിലായിരുന്നു ശങ്കര വാര്യരുടെ ദൃഷ്ടി കൂടുതൽ പതിഞ്ഞത്. ബ്രിട്ടീഷ് റെസിഡന്റുമാരെയും തന്റെ കീഴിൽ വിവിധ തസ്തികകളിൽ ജോലിചെയ്തിരുന്ന ഏവരെയും ഒരു പോലെ പ്രീതിപ്പെടുത്താൻ വാര്യർക്ക് സാധിച്ചിരുന്നു. ഏതെങ്കിലും ഒരു തസ്തികയിൽ ജോലിചെയ്തിരുന്നത്തിന്റെ പേരിൽ ആർക്കും വാര്യരിൽനിന്നു യാതൊരു വിധ വിവേചനവും ഏറ്റിട്ടില്ല. എല്ലാ ഉദ്യോഗസ്ഥരെയും ഒരു പോലെ ഉത്തേജിപ്പികൊണ്ടുള്ളതായിരുന്നു വാര്യരുടെ നേതൃത്വ ശൈലി.
സാമ്പത്തിക രംഗത്ത് എന്നതുപോലെ ഗതാഗത രംഗത്തും ദിവാനായ ശേഷം ശങ്കര വാര്യർ കാര്യമായ ശ്രദ്ധ പതിപ്പിക്കുകയുണ്ടായി. 1840 കളിൽ കൊച്ചിരാജ്യത്തു ചക്രവാഹനങ്ങൾക്ക്, വിശേഷിച്ചു കാള,പോത്ത്,കുതിര എന്നിവ വലിക്കുന്ന വാഹനങ്ങൾക്കു സുഗമമായി പോകാൻ വേണ്ട വിധത്തിലുള്ള പാതകൾ ഉണ്ടായിരുന്നില്ല. അക്കാലത്തു കാൽനടയായിട്ടാണ് സൈനികർ വരെ യുദ്ധത്തിന് പോയിരുന്നത് എന്നതാണ് വാസ്തവം. ജലഗതാഗതമായിരുന്നു അക്കാലത്തെ പ്രധാന യാത്രാമാർഗ്ഗം. എന്നാൽ ശ്രീ വാര്യർ ഇതിലൊന്നും തന്നെ തൃപ്തിപെടാതെ, കരകളിൽ ആധുനിക രീതിയിലുള്ള പാതകൾ നിർമിച്ചു. വെട്ടുവഴി എന്നായിരുന്നു ഇത്തരം പാതകൾ പ്രാദേശികമായി അറിയപ്പെട്ടിരുന്നത്. കൂടാതെ റോഡ് ഗതാഗതത്തിനു തടസ്സം ഭവിക്കാതിരിക്കൻ ആവശ്യമായ സ്ഥലങ്ങളിൽ വിശേഷിച്ചും നദികൾക്കു കുറുകെ പാലങ്ങളും നിർമിക്കാൻ വാര്യർ ഉത്തരവ് കൊടുക്കുകയുണ്ടായി.ഇതോടെ നാടുകൾ തമ്മിൽ ബന്ധിപ്പിക്കപ്പെട്ടു, യാത്ര ക്ലേശം ലഘൂകരിക്കപ്പെട്ടു. ഇതുകൂടാതെ ദീർഘ ദൂര യാത്രക്കാരുടെ സൗകര്യത്തിനു ഇരുപതോളം സത്രങ്ങൾ, രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ശ്രീ വാര്യർ പണികഴ്ഴിപ്പിക്കുകയുണ്ടായി. തൃശൂർ കോയമ്പത്തൂർ പാത ഇപ്രകാരം ശങ്കര വാര്യരുടെ ഭരണത്തിന് കീഴിൽ പണികഴിച്ചതാണ്.
കൊച്ചി നാട്ടുരാജ്യത്തെ പ്രധാന വരുമാന മാർഗ്ഗം കുരുമുളക്,നാളികേരം,നെല്ല് എന്നിവയുടെ കൃഷിയും വിപണനവുമായിരുന്നു. ഇവ ത്വരിത ഗതിയിൽ ഭവിക്കണമെങ്കിൽ കാര്യക്ഷമമായ രീതിയിലുള്ള ജലസേചനമാർഗ്ഗങ്ങൾ കൂടിയേ തീരൂ.ഇതിനുവേണ്ടി നിലവിലുള്ള ജലസ്രോതസ്സുകൾ നവീകരിക്കുകയും പുതുതായി ചിലത് നിർമിക്കുകയും ചെയ്യാൻ ശ്രീ വാര്യർ വിട്ടുപോയില്ല. രാജ്യത്തെ ഒരു വിധം എല്ലാചിറകളും വാര്യരുടെ ഭരണഘട്ടത്തിലാണ് പുനരുദ്ധരിച്ചതു. തരിശുഭൂമിയായി കിടന്നിരുന്ന നിരവധി പ്രദേശങ്ങളിൽ ശങ്കര വാര്യരുടെ കാലത്തു കൃഷിയിറക്കപ്പെട്ടു. ജലത്തിന്റെ സുഗമമായ ലഭ്യതയ്ക്കുവേണ്ടി ശ്രീ വാര്യർ പാലക്കാട്ട് ചിറ്റൂർ പുഴയിൽ ഒരു ഡാം പണിയിപ്പിക്കുകയുണ്ടായി. തൃശൂർ,എറണാകുളം മുതലായ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് കാര്യക്ഷമമായ ജലഗതാഗത മാർഗ്ഗങ്ങൾ കൊണ്ടുവന്ന ദിവാൻ വാര്യർ തൃശ്ശൂരിന്റെ കച്ചവട വികസനത്തിനുവേണ്ടി ഒരു വഞ്ചിക്കടവ് നിർമ്മിക്കാൻ മുൻകൈ എടുക്കുകയുണ്ടായി. വഞ്ചിക്കുളം എന്നപേരിൽ ഇന്ന് തൃശൂർ റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറു സ്ഥിതിചെയ്യുന്ന കടവ് നിർമ്മിച്ചത് ശങ്കരവാര്യരാണ്. ഇതോടനുമ്പന്ധിച്ചുള്ള അരണാട്ടുകര കനാൽ പണിയിപ്പിച്ചതും വാര്യർ തന്നെ.ഇതുകൂടാതെ എറണാകുളത്തിനെയും തൃപ്പൂണിത്തുറയെയും ബന്ധിപ്പിക്കുന്ന തേവര-കുണ്ടന്നൂർ കനാൽ നിർമിച്ചതും വാര്യരുടെ കാലത്തു തന്നെ. മേൽ പ്രസ്താവിച്ച ജലഗതാഗത രംഗത്തെ വാര്യരുടെ സംഭാവന രാജ്യത്തെ ക്രമാധീതമായ വികസനത്തിലേക്ക് നയിച്ചു. കനാലുകൾ യാത്രാസമയത്തെ പകുതിയാക്കി ചുരുക്കിയത് വേഗത്തിലുള്ള ചരക്കുനീക്കത്തിന് കാരണമായി.

അവശ്യ ഭക്ഷണ പദാർത്ഥങ്ങളുടെ മേലുള്ള നികുതിയില്ലാതാക്കിയത് വാര്യരുടെ ജനക്ഷേമതല്പരതയുടെ മകുടോദാഹരണമാണ്.കൊച്ചി രാജ്യത്തു അടിമക്കച്ചവടം നിരോധിച്ചത് (1854)സാമൂഹ്യ പരിഷ്കരണ വാദികൂടിയായിരുന്ന ശങ്കര വാര്യരുടെ കാലത്താണ്. സർക്കാർ കണക്കനുസരിച്ചു അക്കാലത്തു രാജ്യത്തു 58000 ൽ പരം അടിമകൾ ഉണ്ടായിരുന്നു. ഇവയിൽ 6500 പേർ സർക്കാരിന് കീഴിലുള്ളവരും ബാക്കി സ്വകാര്യവ്യക്തികളുടേതുമായിരുന്നു. എറണാകുളത്തു ആദ്യമായി ഒരു ജനറൽ ആശുപത്രിയും ഇംഗ്ലീഷ് സ്കൂളും നിർമ്മിക്കാൻ മുൻകൈ എടുത്തത് ശ്രീ വാര്യരാണ്. ഇംഗ്ലീഷ് സ്കൂളിന്റെ നിലവാര വർദ്ധനവിനുവേണ്ടി മിസ്റ്റർ റോബർട്ട് വൈറ്റ് എന്നൊരു സായിപ്പിനെ അധ്യാപകനായി നിയമിച്ചു. പ്രസ്തുത സ്ഥാപനങ്ങൾ വെറുതെ ആരംഭിക്കുക മാത്രമല്ല വാര്യർ ചെയ്തത്, തരം കിട്ടുമ്പോഴൊക്കെ അവ സന്നർശിക്കുകയും പരിശോധനനടത്തുകയും ചെയ്യുകവഴി കാര്യക്ഷമത ഉറപ്പുവരുത്തി. ഉത്തരവാദിത്വ പൂർണ്ണതയില്ലാത്ത ഭരണാധികാരികൾ മാറി മാറി ഭരിച്ചതുകാരണം ശോചനീയ അവസ്ഥയിലായിരുന്ന കൊച്ചി രാജ്യത്തെ രക്ഷിക്കാൻ ശങ്കര വാര്യർ നടത്തിയ ആത്മാർത്ഥമായ ശ്രമങ്ങൾ ബ്രിട്ടീഷ് മേധാവികളുടെ പ്രശംസ പലപ്പോഴായി പിടിച്ചുപറ്റി. 1843 ലെ ബ്രിട്ടീഷ് കണക്കനുസരിച്ചു 105000 ഉറുപ്പിക ആയിരുന്നു ശങ്കര വാര്യരുടെ പരിശ്രമ ഫലമായി റെവന്യൂ ഇനത്തിൽ രാജ്യത്തിന് കിട്ടിയത്. 1844 അത് രണ്ടു ലക്ഷം രൂപയായി വർധിച്ചു. സാമ്പത്തിക വളർച്ചയോടൊപ്പം നീതി നിർവഹണം,പോലീസ് സമ്പ്രദായം,പൊതുമരാമത്തു,ജലസേചനം,യാത്ര സൗകര്യങ്ങൾ തുടങ്ങി പല മേഖലകളിലും കൊച്ചി രാജ്യം വളരെയധികം മുന്പോട്ടുപോയതു ശങ്കര വാര്യരുടെ മിടുക്കായി മദിരാശിയിൽനിന്നും ബ്രിട്ടീഷ് സർക്കാർ വിലയിരുത്തി. ശങ്കര വാര്യർ ദിവാനാകും മുൻപ് സർക്കാർ ഉദ്യോഗസ്ഥർക്കുപോലും ശമ്പളം കൃത്യമായി ലഭിച്ചിരുന്നില്ല എന്ന് കാണുമ്പോൾ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി എത്രമാത്രം മോശമായിരിക്കുമെന്നു കരുതാവുന്നതേയുള്ളു.
എന്നാൽ ഒരു സാമ്പത്തിക വിദഗ്ദന്റെ കാര്യക്ഷമതയോടെ കാര്യങ്ങളെ സമീപിച്ച വാര്യരുടെ പ്രവർത്തനങ്ങൾ എല്ലാം മാറ്റിമറിച്ചു. ദിവാനായി ശങ്കര വാര്യർ അധികാരമേറ്റതിൻപിന്നെയാണ് കൊച്ചി രാജ്യം ഉയർച്ചയുടെ പടവുകൾ താണ്ടി ഇതര നാട്ടുരാജ്യങ്ങളെപോലെ ഉയർന്നത്. ഇത് ബ്രിട്ടീഷുകാരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചുകളഞ്ഞു.1845ൽ ബ്രിട്ടീഷുകാർ തമ്മിൽ നടത്തിയ ഒരു കത്തിടപാടിൽ ഇപ്രകാരമുണ്ട്-“ഈ നാട്ടുരാജ്യത്തു(കൊച്ചി) സാമ്പത്തിക ആസൂത്രണത്തിന്റെ ഫലമായി തുടർച്ചയായി സംഭവിച്ച സാമ്പത്തിക അഭിവൃദ്ധിയെ നാം വളരെ സംതൃപ്തിയോടെ നോക്കിക്കാണുന്നു, കമ്പനിയുടെ(ഈസ്റ്റ് ഇന്ത്യ കമ്പനി) ഓഹരികളിൽ നിക്ഷേപിക്കാനായി കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിലും കൂടുതലായി ദിവാൻ നേടിയെടുത്തതായി കാണുന്നു. ഉപകാര പ്രദമായ പൊതുവികസനത്തെ അവഗണിക്കാതെ ധനം വേണ്ടുവോളം ചിലവുചെയ്തുകൊണ്ടുതന്നെയാണ് ഇതെല്ലാം സാധ്യമായിരിക്കുന്നത്. രാജ്യത്തെ സിവിൽ-ക്രിമിനൽ കോടതികളിലെ ജോലികുടിശ്ശിക കുറച്ചതിന്മേലുള്ള നേട്ടത്തിൽ വലിയൊരു ബഹുമതിയ്ക്ക് ദിവാൻ തീർത്തും അർഹനാണ്.”
ശങ്കരവാര്യരുടെ ഉദ്യോഗ കാലത്തെ മഹാരാജാക്കന്മാർ-തുലാമാസത്തിൽ തീപ്പെട്ട തമ്പുരാൻ എന്നറിയപ്പെടുന്ന രാമവർമ്മ രാജാവ്(ഭരണകാലം 1837-44),തൃശ്ശൂരിൽ തീപ്പെട്ട രാമവർമ്മതമ്പുരാൻ(ഭരണകാലം 1844-1851),കാശി തീർത്ഥാടനത്തിനിടയിൽ മരണമടഞ്ഞ വീര കേരള വർമ്മ(1851-53),രവി വർമ്മ-മകരമാസത്തിൽ തീപ്പെട്ട തമ്പുരാൻ(1853-1864) എന്നിവരൊക്കെയായിരുന്നു. തന്റെ മുൻഗാമി ദിവാൻ വെങ്കട്ട സുബ്ബയ്യ മഹാരാജാവുമായി കലഹിച്ചിരുന്നതുപോലെ ഒരിക്കലും ശങ്കര വാര്യർ മഹാരാജാക്കന്മാരുമായി കലഹത്തിലേർപ്പെട്ടിട്ടില്ല. ഇതുമാത്രമല്ല, എല്ലാരാജാക്കന്മാരുടെയും പ്രീതി ഒരു പോലെ പിടിച്ചുപറ്റാനും വാര്യർക്ക് സാധിച്ചിരുന്നു.

1857 ഒക്ടോബര് 23നു ശ്രീ ശങ്കര വാര്യർ സ്വപ്നങ്ങൾ ബാക്കിയാക്കി കാലയവനികക്കുള്ളിൽ മറഞ്ഞുപോയി. മരിക്കുമ്പോഴും അദ്ദേഹം ദിവാൻ പദവിയിൽ തന്നെയായിരുന്നു, രോഗം ബാധിച്ചു ഏതാനും ആഴ്ചകൾ ശയ്യയിൽ തന്നെ ചിലവിടുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ പിടികൂടിയത്. രാജ്യത്തിനേറ്റ കനത്ത പ്രഹരമായിരുന്നു വാര്യരുടെ ദേഹവിയോഗം. വാര്യരുടെ മരണത്തിൽ മഹാരാജാവിനു എല്ലാം നഷ്ടപെട്ടതുപോലെയുള്ള തോന്നലുണ്ടാവുകയും എല്ലാവിധ സൈനിക ബഹുമതികളോടെയും പ്രൗഢിയോടെയും മരണാന്തര കർമ്മങ്ങൾ നടത്തണമെന്ന ഉത്തരവിറക്കുകയും ചെയ്തു.
ക്രമരഹിതമായ രീതിയിലുള്ള കാര്യനിർവഹണത്തിനു(ദുര്ഭരണത്തിനു) അറുതി വരുത്താൻ സാധിച്ചു എന്നുള്ളതാണ് ഒരു ഭരണാധികാരി എന്ന നിലയിൽ വാര്യരുടെ ജീവിതം സമ്പൂർണ വിജയമാകാനുള്ള കാരണം. ഇതര നാട്ടുരാജ്യങ്ങളിലെ പ്രഗത്ഭരായ ദിവാന്മാരായിരുന്ന സലർ ജംഗ്,ദിനകർ റാവു,മാധവ റാവു,ശേഷയ്യ ശാസ്ത്രി എന്നിവരുടെ പട്ടികയിൽ തന്നെയാണ് ബ്രിട്ടീഷുകാർ കൊച്ചിയിൽനിന്നും ശങ്കര വാര്യർക്ക് ഇടം നല്കിയിരിക്കുന്നതു.
ശങ്കര വാര്യരുടെ രണ്ടു മക്കളും പിൽക്കാലത്തു ദിവാൻ പദവിയിലെത്തുകയുണ്ടായി.ഒന്നാമത്തെ മകൻ ടി.ശങ്കുണ്ണി മേനോൻ 1860 മുതൽ കൊച്ചി ദിവാൻ ആയിരുന്നു. തന്റെ പിതാവിനെ പോലെ തന്നെ സമര്ഥനായ ഒരു ദിവാൻ തന്നെയായിരുന്നു ശങ്കുണ്ണി മേനോൻ. ചെറുപ്പകാലം മുതൽക്കേ ഇംഗ്ലീഷും അനുബന്ധ വിഷയങ്ങളും പഠിച്ച മേനോൻ തിരുനെൽവേലിയിൽ ഡെപ്യൂട്ടി കളക്ടർ ആയിരിക്കെ ആണ് ബ്രിട്ടീഷുകാരുടെ ക്ഷണം സ്വീകരിച്ചു കൊച്ചിയിൽവന്നു ദിവാൻ പദവി ഏറ്റെടുത്തത്. രാജ്യത്തിൻറെ നീതി-ന്യായ നിർവഹണ രംഗത്ത് ശങ്കുണ്ണി മേനോൻ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ വൻ മാറ്റങ്ങൾക്കു വഴിവെച്ചു.
അഭിഭാഷകർക്കും ന്യായാധിപന്മാർക്കും വ്യക്തമായ യോഗ്യത നിശ്ചയിച്ചുകൊണ്ടും താലൂക്കുകൾതോറും കോടതികൾ സ്ഥാപിച്ചുകൊണ്ടും അദ്ദേഹം രാജ്യത്തിൻറെ നീതി നിർവഹണ രംഗത്ത് പുതു ചരിത്രമെഴുതി. പ്രസ്തുത പരിഷ്കാരങ്ങൾ നടപ്പിൽ വരുന്നതിനു മുൻപ് ആർക്കുവേണമെങ്കിലും യാതൊരുവിധ വിദ്യാഭ്യാസ യോഗ്യതയോ പ്രവർത്തി പരിചയമോ ഇല്ലാതെ ന്യായാധിപന്റെ ഉദ്യോഗത്തിലേയ്ക്ക് അപേക്ഷിക്കാൻ സാധിക്കുമായിരുന്നു എന്നുകാണുമ്പോൾ രാജ്യത്തിൻറെ നീതി ന്യായ നിർവഹണം എത്രമാത്രം അപകടത്തിലായിരുന്നു എന്ന് അനുമാനിക്കുന്നതേയുള്ളു.
ദിവാനായിരിക്കെ ശങ്കുണ്ണി മേനോൻ കൊച്ചി രാജ്യത്തു റയിൽവെ സൗകര്യം ഏർപെടുത്തുന്നതിനുവേണ്ടി മദ്രാസിലെ റയിൽവെ അധികൃതരുമായി ചർച്ചനടത്തിയെങ്കിലും പദ്ധതി തുടങ്ങിവയ്ക്കാനായില്ല.പിന്നീട് ആരോഗ്യം ക്ഷയിച്ചതിനെ തുടർന്ന് മേനോൻ സ്ഥാനം ഒഴിയുകയും അദ്ദേഹത്തിന്റെ അനുജൻ (ശങ്കര വാര്യരുടെ രണ്ടാമത്തെ മകൻ) ഗോവിന്ദ മേനോൻ ദിവാനായി സ്ഥാനം ഏൽക്കുകയും ചെയ്തു(1879). പോലീസ് വകുപ്പ് വിപുലീകരിക്കുന്നതിലും ക്രിമിനൽ കോടതി നടപടി ക്രമങ്ങൾ നവീകരിക്കുന്നതിലുമായിരുന്നു ദിവാനായിരിക്കെ ഗോവിന്ദ മേനോന്റെ ശ്രദ്ധ.കുരുമുളകിന്റെ കയറ്റുമതിയിലുള്ള നികുതി ഒഴിവാക്കിയതാണു ജനക്ഷേമത്തിലധിഷ്ഠിതമായ അദ്ദേഹത്തിന്റെ മറ്റൊരു ഭരണനേട്ടം. രാജ്യത്തു പെൺകുട്ടികൾക്ക് മാത്രമായി ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചുകൊണ്ടും സ്വകാര്യ വ്യക്തികൾക്കു സ്കൂളുകൾ ആരംഭിക്കുന്നതിനുള്ള അനുമതി നൽകിക്കൊണ്ടും അദ്ദേഹം രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയെ മുന്നോട്ടുനയിച്ചു. തൃശ്ശൂരിലുള്ള ഗവണ്മെന്റ് മോഡൽ ഗേൾസ് സ്കൂൾ ഇപ്രകാരം ഗോവിന്ദ മേനോൻ ദിവാനായിരിക്കെ സ്ഥാപിച്ചതാണ്(1889).
ശങ്കര വാര്യരെപ്പോലെയും മക്കളായ ശങ്കുണ്ണി മേനോൻ,ഗോവിന്ദ മേനോൻ എന്നിവരെ പോലെയും കാര്യക്ഷമരായ ഭരണാധികാരികൾ ഉണ്ടാകേണ്ടിയിരുന്നത് കൊച്ചി നാട്ടുരാജ്യത്തിന്റെ അക്കാലത്തെ നിലനിൽപ്പിനു തന്നെ ആവശ്യമായിരുന്നു. ഒരു രാജ്യത്തു നിയമപാലനം കാര്യക്ഷമമായ നിലയിൽ ഇല്ലെന്നുവരുമ്പോഴും ശക്തരായ ഭരണാധികാരികൾ ഇല്ലാതാകുമ്പോഴും സാംസ്കാരികപരമായ ഒരു അരാജകത്വം ഉണ്ടാവുക സ്വാഭാവികമാണ്.ഇത്തരത്തിൽ കൊച്ചി രാജ്യത്തു നടമാടിയിരുന്ന അരാജകത്വത്തെ ദിവാൻമാരായിരുന്ന ശങ്കര വാര്യരും മക്കളും ചേർന്ന് ഇല്ലാതാക്കി. ഇവരില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ കൊച്ചി നാട്ടുരാജ്യം കവർച്ചക്കാരും കൊലപാതകികളും തോന്ന്യവാസികളും നിറഞ്ഞ ഒരു പ്രാകൃത പ്രദേശമായി തന്നെ തുടരുമായിരുന്നു. മതിയായ അടിസ്ഥാന സൗകര്യങ്ങളും കാർഷിക-കച്ചവട മേഖലയെ പരിപോഷിപ്പിക്കുന്ന നയങ്ങളും ഇല്ല എന്നുവരുമ്പോൾ രാജ്യം ദാരിദ്ര്യത്തിലേയ്ക്കും നഷ്ടത്തിലേയ്ക്കും കൂപ്പുകുത്തി ജീവിക്കാൻ കൊള്ളാത്ത ഒരു ഭൂപ്രദേശമായി മാറുമായിരുന്നിരിക്കാം. പക്ഷെ കാലത്തിന്റെ പൂർണതയിൽ ചരിത്രം സമ്മാനിച്ച ശങ്കര വാര്യരെ പോലുള്ള ചരിത്രപുരുഷന്മാർ രാജ്യത്തവതരിക്കുകയും ചട്ടങ്ങൾ മാറ്റി ജനക്ഷേമകരമായ പ്രവർത്തനങ്ങൾകൊണ്ട് ചരിത്രത്തിൽ ഒരു വിജയഗാഥ രചിക്കുകയും ചെയ്തു.ഇതോടെ കൊച്ചി രാജ്യം സാംസ്കാരികപരമായും വാണിജ്യപരമായും ബഹുദൂരം മുന്നോട്ടുകുതിക്കുകയും ബ്രിട്ടീഷ് ഇന്ത്യയിലെതന്നെ “നല്ല ഒന്നാംതരം”
രാജ്യമായി രൂപാന്തരപ്പെടുകയും ചെയ്തു. ഇത്തരത്തിൽ തകർച്ചയുടെ വക്കിലെത്തിയ ഒരു രാജ്യത്തെ ഒരച്ഛനും രണ്ടു മക്കളും ചേർന്ന് നവനിർമ്മിച്ച കഥ ഏവർക്കും ഒരു തുറന്ന പാഠപുസ്തകം തന്നെയാണ്.

(ശങ്കര വാര്യർ പണികഴിപ്പിച്ച ഒരു കനാലിന്റെ ഫോട്ടോയാണ് ചിത്രത്തിൽ. തൃശൂർ അടുത്തുള്ള കണിമംഗലം -ചിയ്യാരം പ്രദേശത്തുനിന്നുള്ള ദൃശ്യം. ശങ്കര വാര്യർ പണികഴിപ്പിച്ച നിരവധി കനാലുകൾ ഇപ്പോഴും തൃശൂർ,പാലക്കാട് ജില്ലകളിലായി ജലസേചനത്തിനും മറ്റും ഉപയോഗിച്ചുവരുന്നു. ചിത്രത്തിൽ കാണുന്ന കനാൽമാർഗ്ഗം പണ്ട് കാലങ്ങളിൽ മഹാരാജാക്കന്മാർ തൃശ്ശൂരിലേക്ക് വള്ളത്തിൽകൂടി എഴുന്നള്ളിയിരുന്നതായി പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്.)