ഒരു മുളകിന്റെ കഥ, ഒരു ദേശത്തിന്റേയും…

ഹാരിസ് ഹൊറൈസൺ അത്തിപ്പറ്റ

പതിറ്റാണ്ടുകള്‍ക്കുമുമ്പ് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയ്ക്കടുത്ത്‌ എടയൂര്‍ മേഖലയില്‍ കൃഷി ചെയ്തിരുന്ന മുളകാണ് എടയൂർ മുളക്‌. തലമുറകളിലൂടെ കൈമാറി പുതുതലമുറയില്‍പ്പെട്ട കൃഷിക്കാര്‍ പൈതൃകം നഷ്ടപ്പെടാതെ ഇപ്പോഴും കൃഷിചെയ്തുകൊണ്ടിരിക്കുന്നത്. 1950 കാലഘട്ടങ്ങളിൽ മലേഷ്യയില്‍നിന്നാണ് ഇന്ന് എടയൂര്‍ മുളക് എന്നറിയപ്പെടുന്ന മുളകിന്റെ വിത്ത് എത്തിയതെന്ന് പഴമക്കാര്‍ പറയുന്നു.

അന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ കൃഷി വന്‍ വിജയമായപ്പോള്‍ എടയൂര്‍ദേശം മുഴുവന്‍ മുളകുകൃഷി ഏറ്റെടുക്കുകയായിരുന്നു. എടയൂര്‍ മുളകിന് മലായി മുളകെന്നും പേരുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ മുളക് കൃഷിചെയ്ത് ലാഭമുണ്ടാക്കി ഭൂമിവാങ്ങികൂട്ടിയ കര്‍ഷകര്‍ ഈ പ്രദേശത്തുണ്ട്. ആദ്യകാലങ്ങളില്‍ എണ്ണിയായിരുന്നു മുളക് വില്‍പ്പന നടത്തിയിരുന്ന്. അന്നത്തെകാലത്ത് വിളവെടുപ്പ് കഴിഞ്ഞാല്‍ കര്‍ഷകര്‍ തലച്ചുമടായി വളാഞ്ചേരി അങ്ങാടിയില്‍ എത്തിച്ച് മുളക് വില്‍പ്പന നടത്തുകയായിരുന്നു പതിവ്.

ഇന്ന് ഈ മുളക് പലപ്രദേശങ്ങളിലേക്ക് കയറ്റി അയക്കുന്നു. മെയ് മാസത്തില്‍ മുളക് വിത്തുപാകി തൈകളാക്കുകയും, ഇടവപ്പാതിയില്‍ ലഭിക്കുന്ന മഴയെ ആശ്രയിച്ച് കൃഷി ചെയ്തുവരുകയും ചെയ്യുന്നു. വയനാട്, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ കര്‍ഷകരും ഇവിടത്തെ കര്‍ഷകരില്‍നിന്ന് മുളകിന്റെ തൈകള്‍വാങ്ങി കൃഷിചെയ്തു വരുന്നു. ഏകദേശം പത്ത് സെന്റിമീറ്ററോളം നീളം വരും. വലിപ്പും കാരണം ഈ മുളകിന് ആനക്കൊമ്പന്‍ മുളകെന്നും പേരുണ്ട്. മുളകുചെടിയില്‍ നിന്ന് തുടക്കത്തില്‍ ലഭിക്കുന്ന മുളകിന് എരിവ് തീരെ കുറവായിരിക്കും.

എരിവ് കുറഞ്ഞ ഇത്തരത്തിലുള്ള മുളക് വിളവെടുത്ത് കത്തിയുടെ വായ്ത്തലകൊണ്ട് കീറി ഉപ്പ് കയറ്റി വെളിച്ചണ്ണയില്‍ പൊരിച്ചെടുത്തുണ്ടാക്കുന്ന മുളക് ചോറിനുള്ള പ്രധാന വിഭവങ്ങളില്‍ ഒന്നാണ്. ഒന്നോ രണ്ടോ വിളവെടുപ്പ് കഴിഞ്ഞു തുടര്‍ന്ന് ലഭിക്കുന്ന മുളകിന് വലിപ്പം കുറയുകയും എരിവ് കൂടുകയും ചെയ്യുന്നു. കൊണ്ടാട്ടമായി ഉണക്കി സൂക്ഷിച്ചുവെക്കുന്നതും ഈ മുളക് ഉപയോഗിക്കുന്നവരുടെ ശീലമാണ്.

മറ്റ് മുളകുകളെ അപേക്ഷിച്ച് നല്ല വിളവ് ലഭിക്കുന്നതും ആവശ്യക്കാര്‍ ഏറെയുള്ളതും എടയൂര്‍ മുളകിന്റെ പ്രാധാന്യം കൂട്ടുന്നു. എടയൂര്‍, ആതവനാട്, കുറ്റിപ്പുറം പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ കര്‍ഷകര്‍ ഏക്കര്‍കണക്കിന് സ്ഥലത്ത് ഈ വര്‍ഷവും മുളക് കൃഷിചെയ്തിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന എടയൂരിലെ കാര്‍ഷികകൂട്ടായ്മ എടയൂര്‍ മുളകിനെ സംസ്‌കാരത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു.