ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനം കാഴ്ച വെച്ച് യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ച്

ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം നിലയില്‍ യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ച്. നികുതി കുറച്ചുകൊണ്ടുള്ള ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്റ്റോക്ക് എക്സ്ചേഞ്ചില്‍ തിരിച്ചടി നേരിട്ടത്. യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ് സൂചിക 4.6 ശതമാനം താഴ്ന്ന് 25,000ല്‍ എത്തി. 1175 പോയന്റിലും താഴെയാണ് ഡൗ ജോണ്‍സ് വ്യാവസായിക ശരാശരി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്.

2008 സെപ്തംബറിന് ശേഷമുള്ള ഏറ്റവും മോശം പ്രകടനത്തിനാണ് യുഎസ് ഓഹരി വിപണി ഇന്നലെ സാക്ഷ്യം വഹിച്ചത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് നിക്ഷേപകര്‍ ഓഹരി വിറ്റഴിക്കാതിരുന്നത് വിപണിയെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. മൂന്ന് പ്രധാന യുഎസ് സൂചികകളും 1ശതമാനത്തില്‍ കുറഞ്ഞു. വ്യാപാരത്തിന്റെ അവസാനഘട്ടത്തില്‍ ഡൗ 1000 പോയിന്റിലും താഴെ പോയി. ഇതോടെ ഡൗവിന്റെയും എസ് ആന്‍ഡ് പി 500 ന്റെയും ഈ വര്‍ഷത്തെ നേട്ടങ്ങളെല്ലാം നഷ്ടമായി.

യുഎസ് നിക്ഷേപ ബാങ്കായ ലേമാന്‍ ബ്രദേഴ്സിന്റെ തകര്‍ച്ചയ്ക്കു ശേഷം കോണ്‍ഗ്രസ് 700 ബില്യണ്‍ ഡോളറിന്റെ ബാങ്ക് രക്ഷാപദ്ധതി വിഭാവനം ചെയ്തപ്പോഴാണ് 2008ല്‍ ഓഹരി വിപണയില്‍ തിരിച്ചടിയുണ്ടായത്.. ഇതിനിടെ ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന നികുതി നിരക്ക് കുറക്കുമെന്ന് ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. സാമ്പത്തികവ്യവസ്ഥകള്‍ മെച്ചപ്പെടുന്നതിന്റെ ഭാഗമായണ് നികുതി വെട്ടികുറക്കുന്നതെന്നും ട്രംപ് അറിയിച്ചു.