ഒരു പക്ഷിയുടെ രണ്ടാം വരവ്!

രാജേഷ്. സി. ഗുരുവായൂർ

ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തം ഇന്നും തർക്കവിഷയമാണ്.അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഉണ്ട്. അനുകൂലിക്കുന്നവരിൽ ഒരു വിഭാഗം പരിണാമ സിദ്ധാന്തത്തിനു പുതിയ പുതിയ തെളിവുകളുമായി രംഗത്ത് വരുന്നു. അതിൽ ഏറ്റവും പുതിയതാണ് അൽദബ്ര (Aldabra) ദ്വീപിലെ റെയിൽ പക്ഷികളുടെ (Rail Bird) പരിണാമവുമായി ബന്ധപ്പെട്ട തെളിവുകൾ. എന്നാൽ ഇപ്രാവശ്യം ഒരു പ്രത്യേകതയുണ്ട്. അനുകൂല സാഹചര്യം ലഭിച്ചാൽ ഒരു പൊതു പൂർവികനിൽ നിന്ന് ഒരേ രീതിയിലുള്ള ജീവി വർഗം രണ്ടു വ്യത്യസ്ത കാലങ്ങളിൽ പരിണമിച്ചു ഉണ്ടാകാം എന്ന തെളിവുകളുമായാണ് ഗവേഷകർ മുന്നോട്ട് വന്നിരിക്കുന്നത്.

ഇന്ത്യൻ മഹാസമുദ്രത്തിലെ സീഷെൽസ് ദ്വീപ സമൂഹത്തിലെ ഒരു ചെറു ദ്വീപാണ് അൽദബ്ര. വൻകരയിൽ നിന്ന് ഒറ്റപ്പെട്ടു കിടക്കുന്നതിനാൽ ജീവിവർഗങ്ങളുടെ പരിണാമം ത്വരിത ഗതിയാലാവാൻ സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് തന്നെ അൽദബ്ര ദ്വീപിലും മറ്റെങ്ങും കാണാൻ കഴിയാത്ത ചില തരം ജീവികളെ കാണാം. അതിൽ പ്രധാനപ്പെട്ടതാണ് അൽദബ്ര റെയിൽ. നമ്മുടെ നാട്ടിലെ കുളക്കോഴികളുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണിത്. അൽദബ്ര ദ്വീപിലെ വെളുത്ത കഴുത്തുള്ള റെയിൽ പക്ഷികൾക്ക് (White-Throated Rail) പറക്കാനുള്ള കഴിവില്ല. അതെ സമയം അടുത്ത് കിടക്കുന്ന ദ്വീപായ മഡഗാസ്കറിൽ കാണപ്പെടുന്ന സമാനമായ റെയിൽ പക്ഷികൾക്കു പറക്കാൻ കഴിയും. ഈ വ്യത്യാസത്തിന് കാരണം പരിണാമമാണ്. ഏകദേശം 4 ലക്ഷം വർഷങ്ങൾക്കു മുൻപാണ് അൽദബ്ര ദ്വീപ് രൂപം കൊണ്ടത്. അൽദബ്രയിലെ റെയിൽ പക്ഷികളുടെ പൂർവികർ മഡഗാസ്കറിൽ നിന്ന് വന്നവരാണ്. വലിയ കോളനികളിൽ ജീവിക്കുന്ന ഈ പക്ഷികൾ, കോളനിയിലെ പക്ഷി സംഖ്യ ക്രമാതീതമായി ഉയർന്നാൽ അതിൽ കുറച്ചു പക്ഷികൾ മറ്റു താവളങ്ങൾ തേടി പറന്നു പോകും. മറ്റൊരു കോളനി ഉണ്ടാകും എന്നർത്ഥം. ഒരിക്കൽ ഇങ്ങനെ അൽദബ്രയിലെത്തിയ റെയിൽ പക്ഷികൾക്ക് അവിടം സുരക്ഷിത താവളമായിരുന്നു. പ്രകൃതിയിലെ സ്വാഭാവിക ശത്രുക്കളെ ആ പക്ഷികൾക്ക് അഭിമുഖീകരിക്കേണ്ടി വന്നില്ല, ഭക്ഷണമാണെങ്കിൽ സുലഭവും. കാലക്രമത്തിൽ ആ പക്ഷികൾ പറക്കാൻ മറന്നു. അങ്ങനെ പുതിയൊരു പക്ഷി വർഗം അൽദബ്ര ദ്വീപിൽ ഉടലെടുത്തു.

Image result for White-Throated Rail

1,36,000 വർഷം മുൻപ് വരെ അൽദബ്ര ദ്വീപിലെ ജീവികളുടെ ജീവിതം ശാന്തമായി പോയി. ആ കാലഘട്ടത്തിലാണ് സമുദ്രത്തിന്റെ നിരപ്പ് ഉയരാൻ തുടങ്ങിയത്. പതുക്കെ പതുക്കെ അൽദബ്ര ദ്വീപ് വെള്ളത്തിനടിയിലായി. അതോടൊപ്പം പറക്കാൻ കഴിയാത്ത റെയിൽ പക്ഷികൾക്കും വംശനാശം സംഭവിച്ചു. കുറച്ചുകാലം കഴിഞ്ഞു ഭൂമി ഹിമയുഗത്തിന്റെ പിടിയിലമർന്നു. സമുദ്രങ്ങളിലെ ജലം മഞ്ഞുകട്ടകളായി മാറിയതിനൊപ്പം സമുദ്രനിരപ്പ് താണു തുടങ്ങി. അങ്ങനെ 1 ലക്ഷം വർഷങ്ങൾക്കു മുൻപ് അൽദബ്ര ദ്വീപ് വീണ്ടും സമുദ്രത്തിൽ നിന്ന് ഉയർന്ന് വന്നു. പെട്ടെന്ന് തന്നെ അവിടെ ജീവന്റെ തുടിപ്പുകൾ പ്രത്യക്ഷപ്പെട്ടു. ചരിത്രം ആവർത്തിക്കുകയായിരുന്നു. വീണ്ടും മഡഗാസ്കർ ദ്വീപിലെ ഏതോ റെയിൽ കോളനിയിൽ പക്ഷികളുടെ എണ്ണം പരിധി വിട്ടുയർന്നു. അതിൽ കുറച്ചു റെയിൽ പക്ഷികൾ പറന്നു, പറന്നു അൽദബ്ര ദ്വീപിലെത്തി. ലക്ഷക്കണക്കിന് വർഷം മുൻപ് തങ്ങളുടെ പൂർവികർ അഭിമുഖീകരിച്ച അതെ സാഹചര്യം ആ പക്ഷികളും അനുഭവിച്ചു. സുലഭമായ ഭക്ഷണവും സ്വാഭാവിക ശത്രുക്കളുടെ കുറവും നിമിത്തം ആ പക്ഷിവർഗ്ഗത്തിന്റെ സംഖ്യ അൽദബ്രയിൽ കൂടി വന്നു. ശരീരഭാരം വർദ്ധിച്ചതിനൊപ്പം പറക്കാനുള്ള കഴിവും അവയ്‌ക്ക്‌ നഷ്‍ടമായി. ആ പക്ഷികൾക്കു പറക്കേണ്ട ആവശ്യം വന്നിരുന്നില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി. ഒരു പക്ഷെ, വെറും 20000 കൊല്ലങ്ങൾ കൊണ്ടാണ് ഈ മാറ്റങ്ങൾ സംഭവിച്ചത്. തൊട്ടടുത്ത കിടക്കുന്ന മഡഗാസ്കറിലെ റെയിൽ പക്ഷികളിൽ നിന്ന് വ്യത്യസ്തമായ ഒരു പക്ഷി വർഗം ഉടലെടുത്തു. ഈ പക്ഷികൾ അൽദബ്രയിൽ ലക്ഷക്കണക്കിന് കൊല്ലം മുൻപേ ജീവിച്ച റെയിൽ പക്ഷി വർഗവുമായി അത്ഭുതകരമാം വിധം സമാനമായിരുന്നു. അതായത് അനുകൂല സാഹചര്യങ്ങളിൽ പരിണാമം രണ്ടു വട്ടം ഒരു പോലെ ആവർത്തിച്ചു, ഒരു പൊതു പൂർവികനിൽ നിന്ന് വ്യത്യസ്ത കാലങ്ങളിൽ ഒരു പോലുള്ള ജീവികൾ രൂപം കൊണ്ടു. ആവർത്തിത പരിണാമം (Iterative Evolution) എന്നതിന്റെ ഉത്തമോദാഹരണമായി ഇതിനെ കണക്കാക്കാം.