ഒരു കോടി ഒപ്പുകളുടെ ബാനര്‍ പ്രദര്‍ശനം ഇടത് സര്‍ക്കാരിനെതിരായ പ്രതിഷേധ ജ്വാലയാകും: എം.എം.ഹസന്‍

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഒരു കോടി എണ്ണായിരത്തോളം ഒപ്പുകളുടെ ബാനര്‍ പ്രദര്‍ശനം ഇടത് ഭരണത്തിനെതിരായ പ്രതിഷേധത്തിന്റെ പ്രതിഫലനമാകുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍ 24 കേരളയോട് പറഞ്ഞു. രമേശ്‌ ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയില്‍ ശേഖരിച്ച ഒപ്പുകളുടെ ബാനര്‍ നാളെയാണ് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ നീളുന്ന 70 കിലോമീറ്ററില്‍ മനുഷ്യച്ചങ്ങലയിലൂടെ
പ്രദര്‍ശിപ്പിക്കുന്നത്.

പടയൊരുക്കം ജാഥയില്‍ ഇടത് ഭരണത്തിനെതിരെയുള്ള പ്രതിഷേധമായാണ് ജനങ്ങള്‍ ഒപ്പുകള്‍ രേഖപ്പെടുത്തിയത്. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ നീളുന്ന 70 കിലോമീറ്ററില്‍ ദേശീയ പാതയോരത്ത് ഇടത് വശത്തായി നാല്പതിനായിരത്തോളം പ്രവര്‍ത്തകര്‍ അണിനിരന്ന് ഒപ്പുകളുടെ ബാനര്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് എം.എം.ഹസന്‍ പറഞ്ഞു.

മനുഷ്യചങ്ങല പോലെ ബാനര്‍ ചങ്ങലയായി ഈ പ്രദര്‍ശനം മാറും. സവിശേഷമായ പ്രതിഷേധ ജ്വാലയായാണത്. ഒരു കോടിയിലേറെ ജനങ്ങള്‍ ഇടത് ഭരണത്തോട് പ്രതിഷേധിക്കുന്നു എന്നാണ് ഇതിലൂടെ തെളിയുന്നത്. കേരളത്തിലെ പരമ്പരാഗത സമര കീഴ്വഴക്കങ്ങളെ ഈ പ്രതിഷേധം മാറ്റി മറിക്കുകയാണ് – ഹസന്‍ പറഞ്ഞു.

ബാനര്‍ പ്രതിഷേധം കേരളത്തില്‍ പുതിയ പ്രതിഷേധ രീതിയ്ക്ക് തുടക്കം കുറിക്കും.
നിസാര കാര്യമല്ല ഇത്. ഒരു കോടിയ്ക്ക്‌ മുകളില്‍ ആളുകളില്‍ നിന്ന് ഒപ്പ് ശേഖരണം നടത്തുക, അത് 70 കിലോമീറ്റര്‍ നീളുന്ന ബാനര്‍ ആയി പ്രദര്‍ശിപ്പിക്കുക. കോണ്‍ഗ്രസ് തന്നെ മാറി ചിന്തിക്കുകയാണ് – ഹസന്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു കോടി ജനങ്ങള്‍ ഒപ്പിടുക എന്ന് പറഞ്ഞാല്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിച്ച പടയൊരുക്കം ജാഥയ്ക്ക് ഒരു കോടി ജനങ്ങളുടെ പിന്തുണയുണ്ടായിരുന്നു എന്ന് കൂടി അര്‍ത്ഥമുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കും കോണ്‍ഗ്രസിന്റെ മുന്‍നിര നേതാക്കളും ബാനര്‍ പ്രദര്‍ശനത്തിന്‌ ഒപ്പമുണ്ടാകുമെന്നും എം.എം.ഹസന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റ് മുതൽ കൊല്ലം കലക്ടറേറ്റ് വരെയാണ് വഴിയോര ബാനര്‍ പ്രദർശനം കോണ്‍ഗ്രസ് നടത്തുന്നത്. അഞ്ച്‌ മണി മുതൽ 5.03 വരെയാണു ഒപ്പുകളുടെ ബാനര്‍ പ്രദര്‍ശിപ്പിക്കുക.

രണ്ട്‌  ജില്ലകളിലുമായി 11 സ്ഥലങ്ങളിൽ പൊതുസമ്മേളനവും ഒപ്പം നടത്തുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെല്ലാം പൊതുസമ്മേളനത്തില്‍ സന്നിഹിതരായിരിക്കും.